ആണ്ടുവട്ടത്തിലെ ആറാം ഞായർ, Cycle B, മാർക്കോ.1:40-45

മാർക്കോ.1:40-45
മനസ്സിനെ വല്ലാതെ ആകർഷിച്ച ചിത്രങ്ങളിലൊന്ന് സിസ്റ്റെയിൻ ചാപ്പലിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൈക്കിൾ ആഞ്ചലോയുടെ ആദാമിൻറ്റെ സൃഷ്ടിയാണ്. അബ്ബായുടെ വിരലുകൾ ആദത്തിൻറ്റെ കരങ്ങളോട് ചേർന്ന് നിൽക്കുന്ന ചിത്രം. അബ്ബായുടെ ഛായയിലും സാദ്ര്‌ശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യജന്മത്തിൻറ്റെ മഹത്വവും മനോഹാരിതയുമൊക്കെ വിളിച്ചോതുന്ന ചിത്രം… ഇന്നത്തെ സുവിശേഷത്തിൽ നാമിത്തരമൊരു രംഗം കണ്ടുമുട്ടുന്നുണ്ട്.
നസ്രായൻ കുഷ്ഠരോഗിയെ തൊട്ട് സുഖപ്പെടുത്തുന്ന രംഗമാണിത്.
ശപിക്കപെട്ടവനെന്നു സ്വയം മുദ്രകുത്തി, സമൂഹത്തിൻറ്റെ മുഖ്യധാരയിൽ നിന്ന് ഉൾവലിഞ്ഞു ജീവിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഓരോ കുഷ്ഠരോഗിയും. സ്വയം അശുദ്ധരാക്കപ്പെട്ട അവരെ തൊടുന്നവരെല്ലാം അശുദ്ധരാകും. ആ മനുഷ്യൻ തൻറ്റെ എല്ലാ പ്രതീക്ഷകളും നസ്രായനിലർപ്പിച്ചുകൊണ്ട് ചോദിക്കുകയാണ്’നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപ്പെടുത്താനാവും…’ ശാരീരികമായ കുഷ്ഠരോഗത്തിൽ നിന്ന് തന്നെ സുഖപ്പെടുത്തണമെന്നാണ് അവൻറ്റെ അപേക്ഷ… നസ്രായനെ ഒരു വാക്ക് മാത്രം മതി അവന് സുഖം പ്രാപിക്കാൻ… വാക്കുകളിലൂടെ പ്രപഞ്ചത്തെ സൃഷ്ടിച്ചവന് വാക്കുകളിലൂടെ സൗഖ്യം നൽകാമായിരുന്നു… എന്നിട്ടും അശുദ്ധമെന്നും പാപപങ്കിലമെന്നുമൊക്കെ സമൂഹം എഴുതിതള്ളിയവനിലേക്കു സൗഖ്യമായി, സ്പർശനത്തിൻറ്റെ നവ്യനുഭവമായി അവൻ കടന്നു ചെല്ലുകയാണ്…
പാപത്താൽ തച്ചുടയ്ക്കപ്പെട്ട മാനവരാശിയെത്തന്നെയാണ് നസ്രായൻ സ്പർശിച്ചു സൗഖ്യമാക്കുന്നത്… പിന്നെ ആഹ്ലാദത്തിൻറ്റെ ഉത്സവമാണ്. അബ്ബായാൽ സ്പർശിക്കപ്പെട്ടവരിൽ പിന്നെ ആർക്കാണ് മിണ്ടാതിരിക്കാൻ കഴിയുന്നത്… പരിശുദ്ധ മറിയത്തെ പോലെ നന്ദിയുടെ ആനന്ദകീർത്തനാലാപനമാണ് പിന്നെ… അബ്ബായുടെ സ്പർശനമേറ്റവരാണ് നാമോരുത്തരും… വിശുദ്ധിയുടെ പാരമ്യത്തിൽ നിന്ന് നമ്മെ തൊടാനുള്ള അബ്ബായുടെ വെമ്പലാണ് നസ്രായൻറ്റെ മാനവീകരണം… എന്നിട്ടും വർണത്തിൻറ്റെയും, ജാതിയുടെയും, ഭാഷയുടേയുമൊക്കെ പേരിൽ നാമൊക്കെ പലരെയും തൊട്ടുതീണ്ടികൂടാത്തവരാക്കിയിട്ടില്ലേ? നസ്രായൻ നമ്മെ നോക്കി ചിരിക്കുന്നുണ്ട്… അവൻ നമ്മെ തൊട്ടിട്ടും, പാർശ്വവത്കരിക്കപ്പെട്ട സഹോദരങ്ങളുടെ ജീവിതങ്ങളെ നമുക്ക് തൊടാനാവുന്നില്ലല്ലോന്നോർത്തു… സ്നേഹമായി, സ്പർശമായി അവരിലേക്കെത്താൻ എനിക്കും നിനക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ…