യോഹ. 3: 14-21
ദൈവഹിതത്തോട് കലഹിക്കുന്ന ഇസ്രായേൽ ജനതയ്ക്ക് നേരിടേണ്ടിവന്നത് വിഷസർപ്പങ്ങളെയായിരുന്നു. സർപ്പത്തിൻറ്റെ ദംശനമേറ്റ് വാഗ്ദത്വ ഭൂമിയിലേക്കു യാത്രയാവരിൽ ഭൂരിഭാഗംപേരും തന്നെ മരണത്തിന് കീഴടങ്ങുന്നുണ്ട്. ജനത്തിൻറ്റെ നൊമ്പരത്തിൽ ഹൃദയം തകർന്ന് കരുണയ്ക്കായി കേഴുന്ന മോശയുടെ മുൻപിൽ തൻറ്റെ ഹൃദയവാതിൽ ദൈവം മലർക്കെ തുറക്കുകയാണ്. പിച്ചള സർപ്പത്തെ ഉണ്ടാക്കി മരുഭൂമിയിൽ ഉയർത്താനാണ് ദൈവം മോശയോട് ആവശ്യപ്പെടുന്നത്. അങ്ങനെ പിച്ചള സർപ്പത്തെ നോക്കിയവർ ജീവനിലേക്ക് തിരിച്ചുവരികയാണ്… വല്ലാത്തൊരു വൈരുദ്ധ്യമല്ലേ…
അത്രയൊന്നും പ്രധാനമെന്ന് നാമൊക്കെ കരുതാത്ത പുറപ്പാട് പുസ്തകത്തിലെ ഈ സംഭവം നമ്മുടെയൊക്കെ ജീവിതയാത്രയെ തന്നെയാണ് വരച്ചുകാട്ടുന്നത്. നിത്യതയിലേക്കുള്ള നമ്മുടെ തീർത്ഥയാത്രയിൽ പലപ്പോഴും ദൈവഹിതത്തോടു കലഹിച്ചിട്ടും, അവൻറ്റെ സ്നേഹം നിരസിച്ചും പാപമെന്ന സർപ്പത്തിൻറ്റെ ദംശനമേറ്റുവാങ്ങുന്നവരുണ്ട്… ‘പാപാപത്തിൻറ്റെ ശിക്ഷ മരണമാണല്ലോ…’ പിച്ചള സർപ്പത്തിന് ആരെയും നിത്യമായ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നില്ല. നിത്യമായ മരണത്തിൽ നിന്ന് മാനവരാശിയെ രക്ഷിക്കുന്നത് കാൽവരിമലയിൽ ഉയർത്തപ്പെട്ടനസ്രായനാണ്… അന്ധകാരത്തെ കൂട്ടുപിടിച്ചു, പാപത്തിൻറ്റെ ആഴിയിൽ ആണ്ടുപോകുന്നവർ പ്രകാശിതരാകുന്നത് ആ ക്രൂശിതരൂപത്തിലേക്ക് ദൃഷ്ടി പതിക്കുമ്പോഴാണ്…
പരിശുദ്ധ സ്നേഹത്തിൻറ്റെ പ്രതീകമായി നാമൊക്കെ കരുതുന്നത് പനിനീർപുഷ്പങ്ങളെയാണ്. ക്രൂശിതരൂപത്തിലേക്ക് ധ്യാനാത്മകമായി നോക്കുമ്പോൾ നാം ദർശിക്കുന്നത് നിസ്സഹായനായി തോൽവി ഏറ്റുവാങ്ങിയ ഒരു പച്ചമനുഷ്യനെയല്ല… മറിച്ചു ദൈവസ്നേഹത്തിൻറ്റെ ആഴങ്ങളെ കുരിശിൻറ്റെ അൾത്താരയിൽ സ്നേഹവിരുന്നാക്കിയ നസ്രായൻറ്റെ ത്യാഗസ്മരണയാണ്…
ദിവ്യകാരുണ്യനാഥനു മുന്നിലിരുന്ന് ഈ വരികൾ കുറിക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്ന ചിന്ത പത്തു വർഷങ്ങൾക്കു മുൻപ് പ്രഥമവ്രതവാഗ്ദാനം നടത്തിയ നിമിഷങ്ങളാണ്…. നിൻറ്റെ ജീവിതാന്ത്യത്തിൽ നീ വിധിക്കപ്പെടുക ഈ ജീവിതം എത്രമാത്രം സ്നേഹത്തോടെ ജീവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും എന്നുപറഞ്ഞു സന്യാസശ്രേഷ്ട്ടൻ സമ്മാനിച്ചത് പനിനീർപുഷ്പങ്ങളായിരുന്നില്ല, പിന്നെയൊ ഒരു ക്രൂശിതരൂപമായിരുന്നു… ദൈവമെ ആ ക്രൂശിതരൂപമെവിടെയാണ്? ഹൃദയത്തിൻറ്റെ അൾത്താരയിൽ ആ ക്രൂശിതരൂപം പ്രതിഷ്ടിക്കാനിനിക്കയോ? നൊയമ്പുകാലം ക്രൂശിതരൂപത്തെ ധ്യാനിച്ച്, പ്രകാശിതരാകാനും അതൊടൊപ്പം നസ്രായനെപ്പോലെ ജീവിതമൊരു സ്നേഹവിരുന്നാക്കാനുമുള്ള അവസരമാണെന്ന തിരിച്ചറിവിൽ നോയനമ്പുകാലത്തിലെ ഈ ദിനങ്ങൾ ചിലവഴിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ….