പെസഹാക്കാലം ആറാം ഞായർ, Cycle-A, യോഹ. 14:15-21

യോഹ. 14:15-21
നാം ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവരൊക്കെ നമുക്ക് ചുറ്റും ഉണ്ടായിട്ടും ചില ജീവിത മുഹൂർത്തങ്ങളിലെങ്കിലും ഒറ്റയ്ക്കാണ് എന്ന ചിന്തകളിലൂടെ നാമൊക്കെ കടന്ന് പോയിട്ടുണ്ടാവും. ‘ഇമ്മാനുവേൽ’ എന്ന പേരിന്റെ അർത്ഥം തന്നെ ‘ദൈവം നമ്മോട് കൂടെ’ എന്നാണല്ലൊ… എന്നിട്ടും കൂടെയായ ഈ ദൈവസാന്നിദ്ധ്യത്തെ ഒറ്റപെടലിന്റെ നിമിഷങ്ങളിൽ നമുക്ക് അനുഭവിക്കാൻ സാധിക്കാതെ പോവുന്നത് എന്തുകൊണ്ടാവാം? താൻ കടന്ന് പോവുന്നതിന് മുമ്പായി നസ്രായൻ ഉറപ്പ് തരുന്നുണ്ട്: ‘ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.’
നസ്രായന്റെ ശാരീരികമായ സാന്നിദ്ധ്യം ഇന്ന് നമ്മോടൊപ്പമില്ല. എന്നാൽ നമുക്ക് കൂട്ടാവാനും കൂടെയാവാനും നസ്രായൻ നൽകുന്ന സമ്മാനം സഹായകൻ – പരിശുദ്ധാത്മാവാണ്. അനാഥരായി ഞാൻ നിങ്ങളെ വിടുകയില്ല എന്ന് നസ്രായൻ പറയുക ഈ സഹായകൻ നിത്യവും നമ്മോടൊപ്പമുണ്ടാവും എന്ന ഉറപ്പിൻമേലാണ്. ഈ സഹായകനോടൊപ്പമുള്ള നമ്മുടെ സഹവാസവും, സഹായകനിലുള്ള നമ്മുടെ ആശ്രയബോധവുമാണ് നസ്രായന്റെ ശിഷ്യത്വത്തിലേക്ക് നമ്മെ രൂപപ്പെടുത്തുന്നത്. നസ്രായൻ നമുക്ക് നൽകിയ സുവിശേഷം ജീവിക്കാൻ നമ്മുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തുന്നതും ഈ സഹായകനാണ്. ഈ സഹായകന്റെ സാന്നിദ്ധ്യം നമ്മുടെ ആത്മീയ ജീവിതത്തിൽ ഇല്ലാതെ വരുമ്പോഴാണ് ശാരികമായി നമ്മിൽ ജീവൻ തുടിക്കുമ്പോഴും ആത്മീയമായി നാമൊക്കെ മൃതരാകുന്നത്.
സഹായകന്റെ കൃപയാണ് പരിശുദ്ധ ത്രിത്വത്തിന്റെ അന്തരിക ജീവിതം മനസ്സിലാക്കുന്നതിനുള്ള കൃപ നമുക്ക് പകരുക. അബ്ബായും നസ്രായനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴങ്ങളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതും, നസ്രായൻ അബ്ബായുമായി നിരന്തര സമ്പർക്കത്തിലായിരുന്നത് പോലെ അബ്ബായുമായിട്ടുള്ള സ്നേഹ ബന്ധത്തിൽ പ്രവേശിക്കുന്നതിനും നിലനിൽക്കുന്നതിനും നമ്മെ സഹായിക്കുന്നതും സഹായകൻ തന്നെയാണ്. നമ്മുടെ ഈ ക്രിസ്തീയ വിശ്വാസ യാത്രയിൽ സഹായകന്റെ സാന്നിദ്ധ്യം അനിവാര്യതയാണ്. നാം ഒരോ കൂദാശകൾ സ്വീകരിക്കുമ്പോഴും സഹായകന്റെ കൃപകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ജ്ഞാനസ്നാന കൂദാശയും, സ്ഥൈര്യലേപന കൂദാശയും പുത്യേകമാംവിധം നമ്മെ സഹായകനാൽ നവീകരിക്കുന്നുണ്ട്. യുഗാന്തത്തോളം കൗദാശികമായി നമ്മോടൊപ്പമുള്ള നസ്രായന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയാനും അവനെ ഹൃദയത്തിൽ സ്വീകരിച്ച് ത്രിത്വവുമായുള്ള കൂട്ടായ്മയിൽ വളരാനുമുള്ള കൃപയിലേക്ക് നമ്മെ നയിക്കുന്നത് സഹായകനാണ്. ഈ വരുന്ന പന്തക്കുസ്താ തിരുനാളനുഭവം സഹായകന്റെ നിറവ് നമ്മുടെ ജീവിതങ്ങൾക്ക് സമ്മാനിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…