യോഹ. 6: 51-58
ഇസ്രായേൽ ജനതയുടെ ജീവിതത്തിലെ വിഷമകരമായ മുഹൂർത്തങ്ങളായിരുന്നു മരുഭൂമിയിൽ അവർ ചിലവഴിച്ച നാൽപ്പതു വർഷക്കാലം. പകൽ മേഘസ്തംഭമായും, രാത്രിയിൽ അഗ്‌നിസ്തംഭമായുമൊക്കെ ദൈവ്വം അവരെ അനുധാവനം ചെയുന്നുണ്ട്. സ്വർഗ്ഗീയ മന്നയും വെട്ടുകിളികളുമൊക്കെ നൽകി, ഈ യാത്ര പൂർത്തീകരിക്കുന്നതിനാവശ്യമായ ശാരീരീരിക മാനസിക കരുത്തും ദൈവ്വം അവർക്ക് പ്രദാനം ചെയുന്നുണ്ട്… ഈജിപ്തിൽനിന്ന് യാത്ര തുടങ്ങിയവരിൽ ഭൂരിഭാഗം പേരും തന്നെ വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കുന്നില്ല. വാഗ്ദത്ത ഭൂമി സ്വപ്നമായി തന്നെ അവശേഷിച്ചു ജീവിതത്തോട് ഇവർക്ക് വിട പറയേണ്ടി വരുന്നു…
നമ്മുടെ ഈ ജീവിതം സ്വർഗ്ഗീയ വാഗ്ദത്ത ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയാണ്. ഈ സ്വർഗ്ഗീയ വാഗ്ദത്ത ഭൂമിയിലേക്ക് നമ്മെ നയിക്കുന്നതും അതിന് നമ്മെ പ്രാപ്തരാക്കുന്നതും നസ്രായനാണ്… “എൻറ്റെ ശരീരം ഭക്ഷിക്കുകയും, എൻറ്റെ രക്തം പാനം ചെയ്യുകയും ചെയുന്നവൻ നിത്യം ജീവിക്കും.” മരണത്തെ തൻറ്റെ ഉയർപ്പിനാൽ കീഴടക്കിയവനാണ് നസ്രായൻ. ഇനി മരണത്തിന് അവൻറ്റെ മേൽ യാതൊരധികാരവുമില്ല. ദിവ്യകാരുണ്യമായി നസ്രായൻ നമ്മിൽ നിറഞ്ഞു നമ്മുടെ ആന്തരിക സത്തയുടെ ഭാഗമായിത്തീരുമ്പോൾ പിന്നെ നമ്മുക്ക് എങ്ങിനെയാണ് എന്നേക്കുമായി മരിക്കാനാവുക? തീർച്ചയായും നമ്മുടെ ഭൗമിക ജീവിതത്തിന് മരണത്തിൻറ്റെ പരിസമാപ്തിയുണ്ട് പക്ഷെ അതൊരിക്കലും ഒരു പൂർണ്ണവിരാമമല്ലല്ലോ… ശരീരത്തിൻറ്റെ ഉയർപ്പിൽ ഞാൻ വിശ്വസിക്കുന്നു എന്ന് വിശ്വാസ പ്രമാണത്തിൽ നാം ഏറ്റുചൊല്ലുന്നുണ്ട്.
നമ്മുടെ ശരീരത്തിൻറ്റെ ഉയർപ്പു എപ്രകാരമായിരിക്കുമെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സമയത്തിൻറ്റെ തികവിൽ നാം നിത്യതയുടെ ഭാഗമാകുന്നത് നമ്മുടെ ഈ ശരീരത്തോടൊപ്പം തന്നെയായിരിക്കും… മാംസമായ വചനം പാപത്തിൽ മൃതരായ മനുഷ്യശരീരത്തിന് പുതുജീവൻ നൽകുകയാണ്… പരിശുദ്ധ കുർബ്ബാനയെ വി. ഇഗ്‌നേഷ്യസ് അമർത്യതയുടെ ഔഷധമെന്നാണ് വിശേഷിപ്പിക്കുന്നത്… ഓരോ ദിവ്യകാരുണ്യ സ്വീകരണവും നമ്മെ നിത്യതയിലേക്കു കൂടുതൽ അടിപ്പിക്കുകയാണ്…
ഒരുമണിക്കൂറിനുള്ളിൽ തീരേണ്ട ആചാരം മാത്രമായി നമ്മുടെ ബലിയർപ്പണം മാറുമ്പോൾ, സമയമില്ലായ്മയിലേക്കുള്ള പാഥേയമാണ് പരിശുദ്ധ കുർബാനയെന്ന തിരിച്ചറിവിൽ നമ്മുടെ ബലിയർപ്പണങ്ങൾ പ്രകാശപൂരിതമാകട്ടെ…