ലുക്കാ.. 10: 25-37
എന്തായിരിക്കാം സമയത്തിന് നൽകാവുന്ന ഏറ്റവും നല്ല നിർവചനം? ഹൈഡഗർ എന്ന ചിന്തകൻ പറയുന്നത് സമയമെന്നത് നമ്മൾ ഓരോരുത്തരും തന്നെയാണെന്നാണ്… അതുകൊണ്ടാവണം മരണത്തോടൊപ്പം സമയത്തിൻറ്റെ പ്രസക്തിയും ഇല്ലാതാവുന്നത്.
ഒരാൾ ബോധപൂർവ്വം തൻറ്റെ സമയത്തെ മറ്റൊരാൾക്കായി ഒഴിഞ്ഞുവെയ്ക്കുന്നതാണ് ത്യാഗമെന്ന് വിശ്വസിക്കുന്നു… ത്യാഗമെന്നത് സ്വയം പകുത്തുനൽകൽ കൂടിയാണ്… ഇന്നത്തെ സുവിശേഷം നമുക്ക് സമ്മാനിക്കുന്നത് ഈ നല്ല സമരിയകാരനാകാനുള്ള ക്ഷണമാണ്. തൻറ്റെ സമയത്തെ, അതിലുപരി തന്നെത്തന്നെ പകുത്തുനൽകുമ്പോഴാണ് നാമൊക്കെ ഈ സമരിയക്കാരെൻറ്റെ ആത്മീയതയിലേക്ക് വളരുന്നത്.
ഈ കഥയിൽ നാം കണ്ടുമുട്ടുന്ന പുരോഹിതനും ലേവിയുമൊന്നും പൂർണമായും തെറ്റുകാരല്ല… മുറിവേറ്റുകിടക്കുന്ന വ്യക്തിയെ കണ്ടുമുട്ടിയിട്ടും കാണാത്തതുപോലെ മാറിനടക്കുന്നത് തങ്ങളുടെ ചുമതലകൾ പൂർത്തീകരിക്കാനാണ്… മൃതശരീരത്തെ തൊടുന്നവർ അശുദ്ധമാകുമെന്നത് യഹൂദന്മാരുടെ അലീഗിതനിയമമാണ്, തങ്ങളുടെ സമയം ദൈവത്തിന് നൽകാനുള്ള തിരക്കിലായിരുന്നു അവർ. നിയമങ്ങളുടെ കുരുക്കിൽ പെട്ടുപോകുന്ന പുരോഹിതനും ലേവായനും ഇടയ ഹൃദത്തിൻറ്റെ ആഴങ്ങളെ മനസിലാക്കാനവുനില്ല. കാരുണ്യം നിറഞ്ഞ നമ്മുടെ പ്രവർത്തികളാണ് ദൈവത്തിനു നൽകാവുന്ന ഏറ്റവും വലിയ ബലിയെന്ന തിരിച്ചറിവില്ലാതെ അവർ തങ്ങളുടെ യാത്ര തുടരുന്നു…
കാലികമായ പ്രസക്തി ഒരുപാടുള്ള ഉപമയാണിത്. തൻറ്റെ സമയത്തെ തൻറ്റെതായ നേട്ടത്തിന് മാത്രമായി വിനിയോഗിക്കാതെ , നമ്മുടെ ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന, മുന്നോട്ടു പോവാനാവാതെ തളർന്നുകിടക്കുന്ന സഹോദർക്ക് സാന്ത്വനത്തിൻറ്റെ വീഞ്ഞായി നാം മാറുമ്പോൾ , നമ്മുടെ ഹൃദയങ്ങൾ അവരെ സ്വികരിക്കാൻ മാത്രം വിശാലമാകുമ്പോൾ, എൻറ്റെ സമ്പത്തു അപരനും താങ്ങാകുമ്പോൾ, നമ്മളും സുവിശേഷമാവുകയാണ്…മുറിവേറ്റ മാനവരാശിയെ തൻറ്റെ ഹൃദയത്തിൽ വഹിച്ച ക്രിസ്തുവിനെപ്പോലെ നാമും നല്ല സമരിയക്കാരനാവുകയാണ്…