മാർക്കോ. 13:24-32
ആരാധന ക്രമവത്സരത്തിന്റെ അവസാനത്തെ നാളുകളിലേക്കാണ് നാം പ്രവേശിക്കുന്നത്. ജീവിത യാത്രയുടെ അവസാനത്തിൽ നമ്മെ കാത്തിരിക്കുന്ന യാഥാർത്ഥ്യങ്ങളെ ധ്യാനിക്കാനാണ്. ഇന്ന ദിനം വചനം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നത്. ലോകവസാനത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളും, അന്ധവിശ്വാസങ്ങളുമൊക്കെ നാം പലപ്പോഴായി അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷെ മനുഷ്യർ പ്രവചിച്ച ആ വർഷങ്ങളിലൊ, ദിനങ്ങളിലോ, നിമിഷങ്ങളിലൊ ഒന്നും ലോകം അവസാനിച്ചിട്ടില്ല. മനുഷ്യ മനസ്സിനൊ, സ്വർഗ്ഗീയ വൃന്തങ്ങൾക്കൊ, ദൈവ പുത്രനായ തനിക്ക് പോലും അപ്രാപ്യമായ എന്നാൽ സ്വർഗസ്ഥനായ പിതാവിന്റെ തിരുഹിതത്തിൽ സംഭവിക്കാൻ പോവുന്ന യാഥാർത്ഥ്യമായിട്ടാണ് നസ്രായൻ ആ നിമിഷങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷെ നാസ്രായൻ ഒരു വസ്തുത വ്യക്തമായി നമ്മോട് പറഞ്ഞ് വയ്ക്കുന്നുണ്ട് അത് സ്വർഗീയ മഹത്വത്തോടും ശക്തിയോടുള്ള തന്റെ രണ്ടാം വരവാണ്. തന്റെ ആദ്യവരവ് മാംസം ധരിച്ച് നമ്മിൽ ഒരുവനായി നമുക്ക് വേണ്ടി മരിച്ച്, നമ്മെ രക്ഷിക്കാനായിരുന്നെങ്കിൽ രണ്ടാം വരവ് അവൻ പകർന്ന് തന്ന സുവിശേഷ മൂല്യങ്ങൾ നാം ജീവിതത്തിൽ എത്രമാത്രം പ്രവർത്തികമാക്കി എന്നതിനെ അടിസ്ഥാനമാക്കി നമ്മെ വിധിക്കാനാണ്.
ഇന്നത്തെ ആദ്യ വായനയിൽ ദാനിയേൽ പ്രവാചകൻ നീതിമാൻമാരുടെ ഉത്ഥാനത്തെക്കുറിച്ചും, ദൈവസ്നേഹത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവരുടെ വിധിയെക്കുറിച്ചുമാണ് പ്രതിവാദിക്കുന്നത്. ഇന്ന് നമ്മുടെ സമൂഹത്തിൽ മരണാനന്തര ജീവിതത്തെ മിഥ്യയായി കരുതുന്നവർ ഏറെയാണ്. അങ്ങനെയെങ്കിൽ അവരെ സംസന്ധിച്ചടുത്തോളം മരണത്തിന് ശേഷമുള്ള വിധിക്ക് എന്താണ് പ്രസക്തി? നസ്രായന്റെ പിൻഗാമികളായ നാം മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസ ജീവിതത്തിന് യാതൊരു പ്രസക്തിയുമില്ല. പൗലോസ് അപ്പോസ്തലൻ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് കൊണ്ട് ഇപ്രകാരം പറയുന്നുണ്ട്: ‘ നസ്രായൻ ഉയർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണ്…’ ഉത്ഥിതനായ നസ്രായനിലാണ് നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രത്യാശ. നമ്മുടെ രക്ഷയ്ക്കായി മാനവീകരണം നടത്തുകയും, അതിന്റെ പൂർണ്ണതയ്ക്കായി തന്നെത്തന്നെ ബലിയായി അർപ്പിക്കുകയും, ഈ രക്ഷയുടെ അടയാളമായി മരിച്ചവരിൽ നിന്ന് ഉയർക്കുകയും ചെയ്തവനാണ് നസ്രായൻ.
നമ്മുടെയൊക്കെ ജ്ഞാനസ്നാനം ഈ രക്ഷാകര പദ്ധതിയുടെ കാണപ്പെടുന്ന പ്രതീകമാണ്. ജ്ഞാനസ്നാനത്തിൽ അവനോടൊപ്പം മരിക്കുന്ന നാം അവനോടൊപ്പം ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയിലാണ് ക്രിസ്തീയ ജീവിതയാത്ര ആരംഭിക്കുന്നത് തന്നെ. നമ്മുടെയൊക്കെ മരണം ഒരു പൂർണ്ണ വിരാമമല്ല. മറിച്ച് പുതിയൊരു ജീവിതാവസ്ഥയിലേക്കുള്ള കാൽവയ്പാണ്. പക്ഷെ ആ ജീവിതത്തിലേക്കുള്ള കാൽവയ്പ് യാദ്യശ്ചികമായി സംഭവിക്കുന്ന ഒന്നല്ല, മറിച്ച് ബോധപൂർവ്വമായ തെരെഞ്ഞെടുപ്പുകൾ വഴി ദൈവ സ്നേഹത്തോടുള്ള നമ്മുടെ പ്രത്യുത്തരിക്കലാണ്. ‘ഞാൻ ദരിദ്രനായിരുന്നു, രോഗിയായിരുന്നു, കാരാഗൃഹവാസിയായിരുന്നു, നഗ്‌നനായിരുന്നു…’ നസ്രായന്റെ ഈ ചോദ്യങ്ങളെ നാമൊക്കെ അഭിമുഖീകരിച്ചേ മതിയാവൂ. ഈ ചോദ്യങ്ങൾക്ക് നമുക്ക് നൽകാനുണ്ടാവുന്ന ഉത്തരങ്ങളായിരിക്കും ജീവന്റെ പുസ്തകത്തിൽ നമ്മുടെ പേരുകൾ എഴുതി ചേർക്കണമൊ വേണ്ടയൊ എന്ന് തീരുമാനിക്കുക. ‘ആകാശവും ഭൂമിയും കടന്ന് പോകും എന്നാൽ തന്റെ വചനങ്ങൾ കടന്ന് …’ എന്ന നസ്രായന്റെ വാക്കുകൾ തന്നെയാണ് ഈ യാഥാർത്യത്തിന്റെ കാതൽ… നസ്രായന്റെ സുവിശേഷത്തോട് ചേർന്ന് നിന്ന് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ നമുക്ക് ശ്രമിക്കാം… ജീവന്റെ പുസ്തകത്തിൽ നിങ്ങളുടെയും എന്റെയും പേരുകൾ എഴുതപ്പെടാനിടയാകട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…