യോഹ.4: 5-42
“നിനക്ക് വേണ്ടി എന്നെ സൃഷ്ടിച്ച ദൈവമെ നിന്നിൽ വിലയം പ്രാപിക്കുവോളം എൻറ്റെ മനസ്സ് അസ്വസ്ഥമായിരിക്കും .” ( വി. അഗസ്റ്റിൻ) എല്ലാ അന്വേഷണങ്ങൾക്കുമൊടുവിൽ അഗസ്റ്റിൻറ്റെ ചിത്തം തിരിച്ചറിയുകയാണ്, ആ നിത്യ നൂതന സൗന്ദര്യത്തിനു മാത്രമെ തൻറ്റെ ഉള്ളം ദാഹിച്ചു കേഴുന്ന ജീവജലത്തെ നല്കാനാവു എന്ന്… പൂർണതയ്ക്കായുള്ള ദാഹം നമ്മിലെല്ലാവരിലുമുണ്ട്. ഈ ദാഹമാണ് നമ്മുടെയൊക്കെ ജീവിതത്തിന് പ്രതീക്ഷയുടെയും പ്രത്യാശയുടേയുമൊക്കെ മനോഹരിത നൽകുന്നത്… എല്ലാ നേട്ടങ്ങൾക്കുമൊടുവിൽ നമ്മെ കാത്തു ഒരു ശൂന്യത അവശേഷിക്കുന്നില്ലേ?
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ടുപോവുന്നത് ബൈബിളിലെ തന്നെ ഏറ്റം മനോഹരമായ സ്നേഹസംഭാഷണത്തിലേക്കാണ്. സമരിയക്കാരി സ്ത്രീയുടെ ജീവിതത്തിലൂടെ യോഹന്നാൻ സുവിശേഷകൻ നമ്മെ നയിക്കുന്നത് നമ്മുടെതന്നെ സത്വത്തിൻറ്റെ ആഴങ്ങളിലേക്കാണ്. മുന്നിലിരിക്കുന്ന ദാഹാർത്തനായ നസ്രായൻ തൻറ്റെ ശൂന്യതകൾക്കുമേൽ ജീവജലമായി ഒഴുകിയിറങ്ങുന്ന മിശിഹയാണെന്ന തിരിച്ചറിവിലേക്കാണ് ഈ സ്മരിയക്കാരി സ്ത്രി നടന്നുനീങ്ങുന്നത്.
താൻ കണ്ടുമുട്ടിയ പുരുഷന്മാരിലൊക്കെയും അവൾ അന്വേഷിച്ചതും തൻറ്റെ ശൂന്യതകൾ നികത്തുന്ന ജീവജലത്തെ തന്നെയായിരുന്നു. ആരാധനാലയങ്ങളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങാത്ത ആ ജീവജലത്തിൻറ്റെ ഉറവിടത്തെ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടതെന്ന ഉൾവെളിച്ചത്തോടെയാണ് നസ്രായനിൽ നിന്നും അവൾ വിടവാങ്ങുന്നത്. താൻ കണ്ടെത്തിയതും അനുഭവിച്ചതുമായ ജീവജലത്തെ അവൾ തന്നിലേക്ക് മാത്രമായി ഒതുക്കിനിറുത്തുന്നില്ല, ആ ജീവജലം അവളിൽനിന്ന് സവിശേഷമായി മറ്റുള്ളവരിലേക്ക് ഒഴുകിയെത്തുകയാണ്… നമ്മുടെ ശൂന്യതകൾ നസ്രായൻറ്റെ കൃപാകളാൽ നിറയ്ക്കപ്പെടട്ടെ എന്ന പ്രാത്ഥനയോടുകൂടി….