യോഹ. 13:31-33a, 34-35
നിർമ്മല സ്നേഹത്തിന്റെ ആഘോഷമായിരുന്നു നസ്രായന്റെ ജീവിതം മുഴുവൻ… നമ്മുടെയൊക്കെ സ്നേഹത്തിന് നഷ്ടമായ ആ നൈർമല്യത്തിലേക്കാണ് നമ്മെയും നെഞ്ചോട് ചേർത്ത് അവൻ തിരികെ നടക്കുന്നത്. ആ സ്നേഹത്തിന് നിബന്ധകളില്ലായിരുന്നു. സക്കേവൂസും, പാപിനിയായ സ്ത്രീയുമൊക്കെ വിശുദ്ധരായി മാറിയിട്ടല്ല അവൻ അവരെ സ്നേഹിക്കുന്നത്. അവർ ആയിരിക്കുന്ന അവസ്ഥയിൽ നിബന്ധനകളില്ലാതെ, തങ്ങളെ തേടിയെത്തുന്ന സ്നേഹമാണ് പിന്നീട് അവനെപ്പോലെ സ്നേഹിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ക്ഷമിക്കുന്ന സ്നേഹമായിരുന്നു അവന്റേത്. ധൂർത്ത പുത്രന്റെ ഉപമ അവൻ പറയുമ്പോൾ എല്ലാ ഇടർച്ചകൾക്കമപ്പുറം തന്റെ പൊന്നോമന പുത്രനെ ചേർത്ത് നിറുത്തുന്ന പിതാവിന്റെ സ്നേഹത്തെ പ്രതി എല്ലാവരും വിസ്മയിച്ചിട്ടുണ്ടാവണം. അങ്ങനെയൊക്കെ ക്ഷമിച്ച് സ്നേഹിക്കാൻ പറ്റുമൊ?
ആ ധൂർത്ത പുത്രന്റെ ജീവിതം ഓരോ ശിഷ്യൻമാരും ജീവിക്കുന്നുണ്ട്. അവന്റെ നിർണായക നിമിഷത്തിൽ അവൻ ശത്രുക്കരങ്ങളിൽ അകപ്പെടുമ്പോൾ എല്ലാമുപേക്ഷിച്ച് തങ്ങളുടെ ജീവൻ സുരക്ഷിതമാക്കി അവന്റെ തോഴർ ഒളിച്ചോടുകയാണ്. ജീവൻ കൊടുത്തും രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത പത്രോസ് പാപ്പ അവനെ തന്നെ സാക്ഷിയാക്കി പരസ്യമായി തള്ളിപ്പറയുകയാണ്. എന്നിട്ടും ഉയർപ്പിന് ശേഷം അവന്റെ സ്നേഹം ധൂർത്തടിച്ച ഈ ധൂർത്ത പുത്രൻമാരെത്തേടി അവൻ പോവുകയാണ്.
സ്നേഹം സ്വയം തന്നെത്തന്നെ നൽകുന്ന സ്നേഹവിരുന്നാണ്. അന്ത്യത്താഴവേളയിൽ പരിശുദ്ധ കുർബ്ബാന സ്ഥാപിക്കുമ്പോൾ അവന്റെ മനസ്സിൽ നിറഞ്ഞിട്ടുണ്ടാവുക പിറ്റെ ദിവസം നടക്കാൻ പോവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭയമാവില്ല മറിച്ച് തന്റെ ജീവിതം യുഗാവസനത്തോളം നിലനിൽക്കാൻ പോവുന്ന സ്നേഹവിരുന്നാക്കി മാറ്റുന്നതിലെ സംതൃപ്തിയാവണം. അവൻ കൗദാശികമായി പകുത്ത് നൽകുന്ന അവന്റെ ശരീരം സ്വീകരിച്ച് യുദാസ് പോവുന്നത് അവനെ ഒറ്റികൊടുക്കാനാണ്. സ്നേഹമായി മാറുമ്പോഴും അരുമ ശിഷ്യൻ അവന്റെ ചങ്കിൽ ഒറ്റിന്റെ വാൾ കുത്തിയിറക്കുന്നുണ്ട്. ആ ആത്മവേദനയിൽ പിടയുമ്പോഴും സ്നേഹത്തിൽ വിശ്വസിച്ച്, സ്നേഹമായി മാറി നമ്മുടെ സ്നേഹത്തെ അവൻ നിർമ്മലമാക്കുകയാണ്… ‘ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക നിമിഷത്തിൽ ഏറ്റവും സ്നേഹത്തോടും, ശ്രദ്ധയോടുമാണ് അവൻ ഈ സുപ്രധാനമായ കൽപ്പന നമുക്ക് നൽകുന്നത്. നമ്മുടെയൊക്കെ സ്നേഹത്തിന് നസ്രായന്റെ സ്നേഹത്തിന്റെ ഗന്ധമുണ്ടൊ? അവന്റേത് പോലെ, നിബന്ധനകളില്ലാത്ത, ക്ഷമിക്കുന്ന സ്നേഹമായി, സ്വയം നൽകുന്ന സ്നേഹ വിരുന്നായി മാറാൻ നമുക്കാവുന്നുണ്ടൊ? അവന്റെ സ്നേഹ നൈർമ്മല്യത്തിലേക്കുള്ള യാത്രയാവട്ടെ നമ്മുടെ ഓരോ ദിനവും എന്ന് പ്രാർത്ഥിച്ചുകൊണ്ട് … നസ്രായന്റെ ഹൃദയത്തിൻ ചാരെ…