മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ, Cycle B, ലൂക്കാ. 1:39-56

ലൂക്കാ. 1:39-56
ഇന്ന് മേരിയമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ . വിശുദ്ധിയുടെ നിറവിൽ ജീവിച്ച മേരിയമ്മ ഈ ലോക ജീവിതത്തിന് ശേഷം സ്വർഗ്ഗാരോപിതയായി എന്നത് നമ്മുടെ വിശ്വാസ സത്യമാണ്. തന്റെ ഛായയിലും സാദ്യശ്യത്തിലും നമ്മെ സൃഷ്ടിച്ച അബ്ബാ നമുക്ക് നൽകിയ ഏറ്റവും വലിയ കൃപ നമ്മുടെ സ്വാതന്ത്ര്യമാണ്. നമ്മെ സൃഷ്ടിച്ച്, സ്വാതന്ത്യം എന്ന ഈ മഹത്തായ ദാനം നമുക്ക് നൽകിയ അബ്ബായെപ്പോലും തെരെഞ്ഞെടുക്കാനൊ, തിരസ്ക്കരിക്കാനൊ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നതാണ് നമ്മുടെ ഈ അനുഗ്രഹത്തിന്റെ ഏറ്റവും വലിയ ശ്രേഷ്ഠത . തന്റെ അനന്തമായ സ്നേഹത്തിൽ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അബ്ബായെ തെരെഞ്ഞെടുത്ത്, ആസ്നേഹത്തിൽ അനുദിനം , എന്നെന്നും സ്നേഹ പിതാവിനോടൊപ്പമായിരിക്കുന്നതിലാണ് നമ്മുടെയൊക്കെ ജീവിത യാത്രയുടെ പരിപൂർണ്ണത. മാനവ ജീവിതത്തിന്റെ ഈ പരിപൂർണ്ണത സ്വായത്തമാക്കി, ഓരോ നിമിഷവും ഈ കൃപ അതിന്റെ നിറവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നവളാണ് മേരിയമ്മ. ഇങ്ങിനെയാണ് മേരിയമ്മ ഈ പരിപൂർണ്ണതയിലേക്ക് വളർന്നതെന്ന് നമുക്ക് ധ്യാനിക്കാം.
നന്ദി നിർഭരമായ ഹൃദയത്തിനുടമയായിരുന്നു മേരിയമ്മ. ദൈവ കൃപയാൽ പാപമാലിന്യമേശാതെ അമലോത്ഭവയായി ജീവിച്ച മേരിയമ്മയ്ക്ക് തന്റെ മേൽ വർഷിക്കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും അബ്ബായുടെ ദാനമാണെന്ന് വ്യക്തമായി അറിയമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ ഈ കൃപകളെ പ്രതി അവൾ ഒരിക്കും അഹങ്കരിച്ചിട്ടില്ല. പിന്നെയൊ, ഇതാ കർത്താവിന്റെ ദാസി എന്നുച്ചരിച്ച് വിനയത്തോടെ ദൈവപിതാവിന് തന്നെത്തന്നെ സമർപ്പിക്കയാണവൾ. അവളുടെ സ്തോത്ര ഗീതം ആരംഭിക്കുന്നത് തന്നെ തനിക്കായ് വലിയ കാര്യങ്ങൾ ചെയ്ത അബ്ബായെ വാഴ്ത്തി കൊണ്ടല്ലേ…
രണ്ടാമതായി നാം ധ്യാനിക്കണ്ടത് അവളുടെ വിശ്വാസ ജീവിതമാണ്. മംഗളവാർത്ത യഥാർത്ഥത്തിൽ അവളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുകയാണ്. തന്റെ പുഷനെയും, വീട്ട് കാരെയും, നാട്ട്കാരെയുമൊക്കെ പരിശുദ്ധാത്മാവ് വഴിയാണ് ഗർഭണിയായതെന്ന് എങ്ങിനെയാണ് പറഞ്ഞ് മനസ്സിലാക്കുക? വിവാഹ ഉടമ്പടിക്ക് പുറത്ത് ഗർഭവതിയാകുന്നവളെ കാത്തിരിക്കുന്നത് കല്ലേറുകൊണ്ടുള്ള മരണശിക്ഷയാണ്. പക്ഷെ ഈ അനിശ്ചിതത്വങ്ങൾക്ക് മദ്ധ്യേ നിന്ന് ഏറ്റവും സന്തോഷത്തോടെ അബ്ബായ്ക്ക് കൃതജ്ഞതയുടെ ഗാനം അവൾ അപിക്കുകയാണ്. ചുറ്റും ഇരുളായിരുന്നിട്ട് കൂടി തന്റെ ഭാവിയെ പ്രത്യാശയോട് കൂടി അവൾ നോക്കി കാണുകയാണ്. ” ഇന്ന് മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും…”
മൂന്നാമതായി അവളുടെ സമർപ്പണം സഹോദര സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്നു. തന്റെ ബന്ധുവായ എലിസബത്തിനെ ശിശ്രൂഷിക്കാൻ ഇറങ്ങിത്തിരിക്കുന്നത് അവളുടെ സേവനമനോഭാവത്തിന്റെ പ്രകാശനമാണ്. ദൈവപുത്രന്റെ അമ്മയാകാൻ പോവുകയാണെന്നറിഞ്ഞിട്ടും മറ്റുള്ളവരാൽ ശിശ്രൂഷിക്കപ്പെടാൻ ആഗ്രഹിക്കാതെ, ശിശ്രൂഷിയുടെ മേലങ്കിയണിഞ്ഞ് അവൾ എലിസബത്തിന്റെയടുത്തേക്ക് തിടുക്കത്തിൽ യാത്രയാവുകയാണ്. തന്റെറ ഈറ്റ് നോവിന്റെ സമയത്ത് തന്നെ ശിശ്രൂഷിക്കാൻ ആരോരുമില്ലാതിരുന്നിട്ടും അവൾ പരാതിയുടെ യാതൊരു മുറി മുറിപ്പുകളും ഉരുവിടുന്നില്ല. അന്ത്യത്താഴവേളയിൽ നസ്രായൻ തന്റെ മേലങ്കിയഴിച്ച് ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന വേളയിൽ മേരിയമ്മയെക്കുറിച്ചുള്ള സ്മരണകളിലൂടെ അവൻ കടന്ന് പോയിട്ടുണ്ടാവണം. മാത്രമല്ല കാനായിൽ വീഞ്ഞ് തീർന്ന് പോവുന്ന ആതിഥേയന്റെ നൊമ്പരത്തെ, തന്റെ നൊമ്പരമാക്കി അവരെ ശിശ്രൂഷിക്കാൻ നസ്രായനോട് അഭ്യർത്ഥിക്കുന്നതും മേരിയമ്മയല്ലേ… മേരിയമ്മയെപ്പോലെ നന്ദി നിർഭരമായ ഹൃദയത്തോടെ, അചഞ്ചലമായ വിശ്വാസ ജീവിതം കെട്ടിപടുത്ത്, സഹോദര സേവനത്തിലൂടെ നസ്രായന്റെ യഥാർത്ഥ സാക്ഷികളായി നമുക്ക് ജീവിക്കാം… മേരിയമ്മയുടെ സ്വർഗ്ഗാരോപണത്തിരുന്നാളിന്റെ മംഗളങ്ങൾ നേർന്ന് കൊണ്ട് … ഒത്തിരി പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…