ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ, Cycle C, Lk. 15: 1-32

ലുക്കാ.. 15: 1-32
എല്ലാ വിശുദ്ധർക്കും പാപത്തിൻറ്റെ നിഴൽ വീണ ഒരു ഭൂതകാലത്തിൻറ്റെ കഥ പറയാനുണ്ടാവും… അതുപോലെ നാമൊക്കെ പാപികളെന്ന് കരുതുന്നവർക്ക് വിശുദ്ധിയുടെ നറുമണം നിറഞ്ഞ ഒരു പുതുജീവിതം എന്ന സാധ്യതയുമുണ്ട്… ഒരാളും എന്നെന്നേക്കുമായി നഷ്ടപെടുന്നില്ലല്ലോ…
ഇന്നത്തെ സുവിശേഷo നമ്മോട് പങ്ക് വെയ്ക്കുന്നത് നമ്മെയെല്ലാം നെഞ്ചോട് ചേർക്കാൻ വെമ്പുന്ന ആ നിത്യസ്നേഹത്തെക്കുറിച്ചാണ്… ഇന്നോളം എഴുതപ്പെട്ടട്ടുള്ളതിൽ ഏറ്റം മനോഹരമായ ചെറുകഥയായിട്ടാണ് ധൂർത്തപുത്രൻറ്റെ ഉപമ അറിയപ്പെടുന്നത്… ഈ ചെറുകഥയെ ഇത്ര മനോഹരമാക്കുന്നത് പരിധികളില്ലാതെ, സ്നേഹസാഗരം നെഞ്ചിലേന്തി, കണ്ണിലെണ്ണയൊഴിച്ചു, തൻറ്റെ മകനെ കാത്തിരിക്കുന്ന പിതാവിൻറ്റെ സാന്നിധ്യമാണ്… സമ്പത്തും, സുകൃതങ്ങളുമൊക്കെ നഷ്ടമാക്കി, പന്നിക്കൂടിൻറ്റെ ഗന്ധവുമായി കടന്നുവരുന്ന പുത്രൻറ്റെ പുലമ്പലുകൾക്കു ചെവികൊടുക്കാതെ, മൃതനായ തൻറ്റെ മകനെ നെഞ്ചോട് ചേർത്ത് ജീവൻ നൽകുന്ന ഈ സ്നേഹ പിതാവ് ദൈവമില്ലാതെ മറ്റാരാണ്‌…
പ്രിയ സുഹൃത്തെ ആ നെഞ്ചിലെ ചൂട് ഞാൻ ഒരു പാട് തവണ അനുഭവിച്ചിട്ടുണ്ട്… ഈ മുറിഞ്ഞ വാക്കുകൾ കോറിയിടാൻ എന്നെ പ്രേരിപ്പിക്കുന്നത്, എൻറ്റെ ഇടർച്ചകളെക്കാളും വലുതാണ് ആ അപ്പൻറ്റെ സ്നേഹേമെന്ന തിരിച്ചറിവാണ്… ഈ തിരിച്ചറിവ് എന്നും നമ്മെ പ്രകാശിതരാക്കട്ടെ എന്ന പ്രാത്ഥനയോടെ…