ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ, Cycle A, മത്താ. 22:1-14

വിവാഹ വിരുന്നിന്റെ ഉപമയിലൂടെ ദൈവരാജ്യത്തെക്കുറിച്ച് സംവദിക്കുന്ന നസ്രായനെയാണ് സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക. വിവാഹവിരുന്നൊരുക്കുന്ന രാജാവ് അബ്ബായാണ്. തന്റെ പുത്രന്റെ വിവാഹ വിരുന്ന് സൂചിപ്പിക്കുന്നത് നസ്രായനോടൊത്തുള്ള നിത്യതയാണ്. ഇസ്രായേൽ ജനതയാണ് ഈ വിവാഹ വിരുന്നിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടവർ. എന്നാൽ വിവാഹ വിരുന്നിന് സമയമായിട്ടും, വിവാഹവിരുന്നിന് ക്ഷണിച്ച രാജാവിനെ മാനിക്കാതെ തങ്ങൾക്കിഷ്ടമുള്ളത് ചെയ്യുന്ന ഇസ്രായേൽ ജനത്തെ ഈ ഉപമയിൽ നാം കണ്ട് മുട്ടുന്നുണ്ട്. വിവാഹ വിരുന്നിൽ പങ്കെടുക്കാതെ ഒരാൾ വയലിലേക്കും, മറ്റൊരാൾ വ്യാപരത്തിലും വ്യാപൃതനാകുന്നുണ്ട്. ഒരു നാളും തന്റെ ജനത്തെ ഉപേക്ഷിക്കാതെ അവരോടൊപ്പം കൂടെ നടക്കുന്ന അബ്ബാ തന്റെ വിരുന്നിലേക്ക് അവരെ കൂട്ടികൊണ്ട് വരാനായ് തന്റെ ഭ്യത്യൻമാരെ – പ്രവാചകൻമാരെ അയക്കുന്നുണ്ട്. ഉപമയിൽ സൂചിപ്പിച്ചത് പോലെ ഈ പ്രവാചകൻമാരെ കാത്തിരുന്നത് വലിയ അപമാനങ്ങളും അവരുടെ ജീവന് തന്നെ ഭീഷണികളുമായിരുന്നു. പിന്നീട് തന്റെ ഭ്യത്യരെ മാനിക്കാതെ ധാർഷ്ഠ്യത്തോടെ പെരുമാറിയവരെ നശിപ്പിക്കുകയും അവരുടെ നഗരം അഗ്നിക്കിരയാക്കുന്നുമുണ്ട്. ഇസ്രായേൽ ജനതതിയുടെ ചരിത്രത്തിലുണ്ടായ ഈജിപ്ത്, അസ്സറിയാ, ബാബിലോൺ പ്രവാസമൊക്കെ ദൈവ സ്നേഹത്തിൽ നിന്നകന്ന് തങ്ങളുടെ ഹൃദയം കഠിനമാക്കിയപ്പോൾ സംഭവിച്ച ദുരന്തങ്ങളായിരുന്നു. പിന്നീട് എ.ഡി 70 ൽ ജെറുസലെം ദേവാലയം തകർക്കപ്പെടുകയും നഗരം അഗ്നിക്കിരയാക്കപ്പെടുന്നുമുണ്ട്.
ഈ ഉപമ നമ്മോട് പങ്ക് വയ്ക്കുക ക്ഷണിക്കപ്പെട്ടവർ വിവാഹ വിരുന്നിനെ തിരസ്ക്കരിക്കുമ്പോൾ വിവാഹ വിരുന്നിലേക്ക് ക്ഷണിക്കപ്പെടാതിരുന്ന വ്യക്തികൾ ആ വിരുന്നിലേക്ക് കൂട്ടി കൊണ്ടുവരികപ്പെടുകയാണ്. അത്രയധികം സ്ത്പേരൊന്നുമില്ലാത്ത ചുങ്കക്കാരും, ഗണികകളുടെയും അത് പോലെ വിജാതിയ സഹോദരങ്ങളുടെ സഭയിലേക്കുള പ്രവേശനത്തെയുമാണ് ഇത് സൂചിപ്പിക്കുക. എന്നാൽ വിവാഹ വസ്ത്രം ധരിക്കാതെ വരുന്ന വ്യക്തി ആ വിരുന്നിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. ആരും പങ്കെടുക്കാൻ കൂട്ടാക്കാതിരുന്ന വിരുന്നിൽ പങ്കെടുത്ത ആളെ, വിവാഹ വസ്ത്രം ധരിച്ചില്ല എന്നതിന്റെ പേരിൽ പുറത്താക്കേണ്ടതുണ്ടൊ? വിവാഹ വസ്ത്രം സൂചിപ്പിക്കുക ദൈവകൃപയാണ്. യാതൊരു യോഗ്യതയമില്ലാതിരുന്നവരെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ യോഗ്യരാക്കുന്നത് അബ്ബായുടെ കാരുണ്യവും കൃപയുമാണ്. എന്നാൽ ഈ കാരുണ്യത്തെയും കൃപയെയും വേണ്ടവിധത്തിൽ വിലമതിക്കാതെ തന്റെ കഴിവിന്റെ മികവിലാണ് വിവാഹ വിരുന്നിന്റെ ഭാഗമായതെന്ന അഹങ്കാരത്തോടെ ഹൃദയം കഠിനമാക്കിയെത്തുന്ന വ്യക്തിയാണ് വിവാഹ വിരുന്നിൽ നിന്ന് പുറത്താക്കപ്പെടുന്നത്. വിവാഹ വിരുന്നിലേക്ക് വിളിക്കപ്പെട്ടവർ അനേകമാണെങ്കിലും തെരെഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമാവുന്നത് ഓരോരുത്തരും എത്രമാത്രം ദൈവഹിതത്തോട് തുറവിയും, എളിമയും ഉള്ളവരാകും എന്നതിനെ ആശ്രയിച്ചാണ്. വിളിക്കപ്പെട്ടവരിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ നിരയിലേക്കുള്ള നമ്മുടെ യാത്ര എത്രമാത്രം ദൈവകൃപയോട് പ്രത്യുത്തരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും. മൃദു മന്ത്രണമായി നമ്മെ തേടിവരുന്ന ദൈവസ്വരത്തിന് മുന്നിൽ ഹൃദയം കഠിനമാക്കാതെയും, ജീവിതത്തിലെ എല്ലാ നൻമകളും ദൈവകൃപയുടെ ദാനമാണെന്ന് തിരിച്ചറിഞ്ഞ്, ദൈവസന്നിധിയിൽ എമിമപ്പെടുമ്പോൾ നസ്രായനാൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലേക്ക് നാമും ഉൾപ്പെടും… നിത്യതയിൽ നസ്രായന്റെ വിവാഹ വിരുന്നിന്റെ ഭാഗമാവാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…