മത്താ. 25: 14-30
സ്വന്തം താലന്തുകളെ തിരിച്ചറിയാൻ ഒരാൾ നടത്തുന്ന ശ്രമങ്ങളൊക്കെയും തന്നെത്തന്നെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ്… നമ്മിലുള്ള ഓരോ താലന്തും ദൈവത്തിൻറ്റെ കൈയൊപ്പാണ്… സ്വർഗ്ഗo കനിഞ്ഞരുളുന്നനുഗ്രങ്ങൾ… പാട്ട് പാടാനും, നൃത്തം ചെയ്യാനും, ചിത്രം വരക്കാനുമൊക്കെയുള്ള കഴിവുകൾ മാത്രമാണ് താലന്തുകളെന്ന് കരുതിയിരുന്നു… തീർച്ചയായും ഇവയൊക്കെയും ഓരോ വ്യക്തിക്കും ലഭിക്കുന്ന പ്രത്യേക കഴിവുകൾ തന്നെ എന്നാൽ ദൈവ്വം ഹൃദയത്തിൽ നിക്ഷേപിക്കുന്ന താലന്തുകൾ ഈ കഴുവുകളെക്കാളൊക്കെ ഉപരിയാണെന്ന് കരുതുന്നു… മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കാനും, ഒത്തിരി കരുതലോടെ മറ്റുള്ളുവരെ ശുശ്രുഷിക്കാനും, സശ്രദ്ധം മറ്റുള്ളവരെ കേൾക്കാനും, മനസ്സിലാക്കാൻ ശ്രമിക്കുന്നതുമൊക്കെ കഴിവുകളളെക്കാളൊക്കെ ഉപരിയായ വലിയ താലന്തുകളാണ്…നസ്രായൻ പറഞ്ഞുവെയ്ക്കുന്ന വിധി ദിനത്തിൻറ്റെ ഉപമയിൽ അവൻ ചോദിക്കുന്ന ചോദ്യങ്ങൾ : ‘നീ എത്രമാത്രം സ്നേഹിച്ചു? എത്രമാത്രം മറ്റുള്ളവരെ കരുതി? ശുശ്രുഷിച്ചു? എന്നിങ്ങനെയല്ലേ?…’
ഈ താലന്തുകളൊക്കെയും അപരനിലേക്കുള്ള പാഥേയമായി മാറിയില്ലെങ്കിൽ നാമൊക്കെയും മണ്ണിനടിയിൽ താലന്ത് കുഴിച്ചിട്ട്, അതേപടി അത് യജമാനന് തിരിച്ചു നൽകാൻ ശ്രമിക്കുന്ന ദാസന് തുല്യമായിരിക്കും… തീർച്ചയായും അയാൾ ആ താലന്ത് നഷ്ട്ടപ്പെടുത്തുകയോ, ധൂർത്തടിക്കുകയോ ചെയ്യുന്നില്ല. മൂല്യമൊന്നും നഷ്ടപ്പെടാതെ അതേപടി തിരിച്ചു നൽകുകയാണ് എന്നിട്ടും അയാൾ യജമാനൻറ്റെ അനിഷ്ടത്തിന് കരണക്കാരനാകുന്നത് എന്തുകൊണ്ടായിരിക്കാം? അതേപടി തിരികെ നൽകാനല്ലല്ലോ ഓരോ താലന്തും നൽകപ്പെട്ടിരിക്കുന്നത്… കുഴിച്ചിട്ട ആ താലന്ത് പലിശയ്‌ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ എന്ന് യജമാനൻ ചോദിക്കുന്നുണ്ട്….
നസ്രായൻ നമ്മുടെയൊക്കെ ഹൃദയത്തിൽ പതിപ്പിച്ചിരിക്കുന്ന സ്നേഹത്തിൻറ്റെ ആ കൈയൊപ്പ്, നമ്മുടെ ജീവിതങ്ങളെ സ്‌നേഹോത്സവങ്ങളാ ക്കി മാറ്റട്ടെ… ഈ സ്‌നേഹോത്സവത്തിൻറ്റെ അനുഭവങ്ങളുമായി നസ്രായനെ അഭിമുഖീകരിക്കാനും, അവൻറ്റെ നെഞ്ചോട് ചേർന്ന് ആ സ്‌നേഹോത്സവത്തിൻറ്റെ നിറവിലേക്ക് നയിക്കപ്പെടാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ… താങ്കളുടെ സ്‌നേഹോത്സവത്തിൻറ്റെ അനുഭവങ്ങൾ കേൾക്കാൻ ഞാനും, എൻറ്റെ അനുഭവങ്ങൾ കേൾക്കാൻ താങ്കളുമുണ്ടാകുമെന്ന പ്രതീക്ഷയോടെ… നസ്രായൻറ്റെ ചാരെ..