ആഗമനകാലം മൂന്നാം ഞായർ, Cycle A, മത്താ. 11: 2-11

മത്താ. 11: 2-11
നമ്മുടെ ഹ്ര്യദയത്തിൻറ്റെ കൊച്ചൾത്താരയിൽ ഉണ്ണീശോയെ സ്വികരിക്കുവാൻ നാം ഒരുങ്ങുകയാണെല്ലോ… ഒരു പക്ഷെ നാമൊക്കെ ചിന്തിച്ചിട്ടുണ്ടാവും എല്ലാവർഷവും ക്രിസ്തുമസിനുവേണ്ടി ഒരുങ്ങുകയാണെല്ലോ, ക്രിസ്തുമസ് വരും, പോകും എന്നൊക്കെ… പക്ഷെ ഓരോ ക്രിസ്തുമസും നവീനമാണ്. ഈ വർഷത്തേതുപോലുള്ള ക്രിസ്തുമസ് അനുഭവം ഇനിയൊരിക്കലും അതേപടി അവർത്തിക്കണമെന്നില്ല… ഈ തീർത്ഥയാത്രയിലെ ഓരോ ദിനങ്ങളും, ചക്രവാളത്തിലെ ആദിത്യനെ വ്യക്തമായി കാണാൻ വിധം നാം മുന്നോട്ട് പോവുകയൊ അല്ലെങ്കിൽ വ്യക്തത കുറയും വിധം പിന്നോട്ട് പോവുകയോ ചെയ്യുന്നുണ്ട്… പറഞ്ഞുവരുന്നത് നമ്മുടെ ആത്മീയയാത്രെയെകുറിച്ചാണ്. ചക്രവാളത്തിലെ ആദിത്യൻ നസ്രായൻറ്റെ പ്രതീകമല്ലാതെ മറ്റെന്താണ്?
ഈ ആത്മീയയാത്ര അത്ര എളുപ്പമല്ലെന്ന് നമുക്കറിയാം… ഈ യാത്രയിൽ സന്ദേഹങ്ങളും, ആവലാതികളുമൊക്കെ സാധാരണമാണ്… ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവെയ്ക്കുന്നതും വഴിയൊരുക്കുവാൻ വന്നവൻറ്റെ സന്ദേഹമാണ്, ഒരുനിമിഷത്തിൽ അയാളും പതറുന്നുണ്ട്…രാജാവിൻറ്റെ ചെങ്കോലും, കിരീടവുമില്ലാത്ത നസ്രായൻ, തങ്ങൾ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന നസ്രായൻ തന്നെയാണോ? നിരാശയിൽ ആഴുന്ന സ്നാപകന് നസ്രായൻ സമ്മാനിക്കുന്നത് പ്രത്യാശയുടെ സുവിശേഷമാണ് – അന്ധർ വീണ്ടും പ്രകാശത്തിൻറ്റെ വീഥിയിൽ, മുടന്തർ ആരുടെയും കൈത്താങ്ങില്ലാതെ സ്വന്തം പാദങ്ങളിൽ, ബധിരർ പ്രകൃതിയുടെ അവിസ്മരണീയമായ സംഗീതത്തിലേക്ക്… ഇരുളറയിൽ നിരാശയുടെ പടുകുഴിയിൽ ആഴുന്നവന് കൈത്താങ്ങാകുന്നത് പ്രത്യാശയുടെ ഈ സുവിശേഷമാണ്… ഉണ്ണിയേശുവിനെ ഹൃദയത്തിൻറ്റെ അൾത്താരയിൽ സ്വികരിച്ചു, പ്രത്യാശയുടെ വെളിച്ചം പകരുന്ന താരകങ്ങളാകട്ടെ നാം ഓരോരുത്തരും…