യോഹ.2: 1-11
കാനായിലെ കല്യാണ വീട് ബൈബിളിലെ മനോഹരമായ വചനഭാഗമാണ്. നമ്മുടെ ജീവിതമുഹൂർത്തങ്ങളെ തന്റെ സാന്നിദ്ധ്യത്താൽ അനുഗ്രഹ സാന്ദ്രമാക്കിയ നസ്രായന്റെ സജീവ സ്മരണയാണ് ഈ വചനഭാഗം നമ്മോട് പങ്കവയ്ക്കുന്നത്. നമ്മുടെയൊക്കെ കാഴ്ചപാടുകളിൽ അപമാനത്തിന്റെ ഇടമാവേണ്ട ആ കല്യാണ വീട് സമൃദ്ധിയുടെയും അഭിമാനത്തിന്റെയും ഇടമാവുകയാണ്. കണക്കൂട്ടലുകളിലെ പാകപിഴ കൊണ്ട് ഭക്ഷണം തികയാതെ വരുമ്പോഴുണ്ടാകുന്ന മാനക്കേട് നമ്മുടെ സാംസ്ക്കാരിക പശ്ചാലത്തിൽ നിന്ന് ചിന്തിച്ച് വേഗം മനസ്സിലാക്കാവുന്നതാണ്. അവസാനം ഒരാൾക്ക് മാത്രം ഭക്ഷണം തികയാതെ വരികയാണെങ്കിൽ പോലും കാലങ്ങളോളം നിൽക്കുന്ന പേരു ദോഷമാണ്. യഹൂദ പാരമ്പര്യത്തിൽ വിരുന്നുകളിൽ വീഞ്ഞിനായിരുന്നു പ്രമുഖ സ്ഥാനം. വിരുന്നുകളിൽ വീഞ്ഞ് തീർന്ന് പോയാലുണ്ടാവുന്ന മാനക്കേട് വർണ്ണനാതീതമാണ്. കല്യാണ വിരുന്നുകളിൽ ആദ്യം മുന്തിയ ഇനം വീഞ്ഞ് കൊടുത്ത് പിന്നെ ഇടത്തരം വീഞ്ഞ് കൊടുക്കുന്ന യഹൂദ പാരമ്പര്യം നമുക്ക് സുപരിചതമാണ്. രാവേറെ നീണ്ട് നിൽക്കുന്ന വിവാഹ വിരുന്നിനോട് ചേർത്ത് ഇവയെല്ലാം നാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.
അപമാനത്തിന്റെ നൊമ്പരം നന്നായി അറിയാവുന്ന രണ്ട് പേർ നിശബ്ദ സാന്നിധ്യമായി അവിടെയുണ്ട് – നസ്രായനും, മേരിയമ്മയും. പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ തന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത്, തന്റെ അപമാന ഭാരത്തിൻമേൽ കരുണയുടെ പുതപ്പാകുന്ന തച്ചനെ മേരിയമ്മയ്ക്ക് എങ്ങിനെയാണ് വിസ്മരിക്കാനാവുക? പിന്നിട് നസ്രായൻ നേരിടേണ്ടി വരുന്ന തച്ചന്റെ മകനെന്നുള്ള പരിഹാസത്തിനൊക്കെ താങ്ങാവുന്നതും ആ തച്ചന്റെ നെഞ്ചിലെ ചൂടും അവൻ പകർന്ന ആത്മബലവുമാണ്. അപമാനത്തിന്റ കയ്പ്നീർ രുചിച്ച ഇരുവരും കാനായിലെ കല്യാണ വീടിന് അഭിമാനത്തിന്റെ പുതപ്പാവുകയാണ്. വിരുന്നിന്റെ അവസാനം വരെ മുന്തിയ വീഞ്ഞ് നൽകി എന്ന ആശംസയുമായാണ് അതിഥികളൊക്കെ മടങ്ങുന്നത്…
കാനായിലെ കല്യാണ വീട് ഒരു ഓർമ്മപ്പെടുത്തലാണ്. വീഞ്ഞ് തീർച്ചയായും ദൈവകൃപയുടെ പ്രതീകമാണ്. ചില ജീവിത പ്രതിസന്ധികളൊക്കെ നസ്രായനെയും മേരിയമ്മയെയും നമ്മുടെ ജീവിത വിരുന്നിലേക്ക് ക്ഷണിക്കാനുള്ള ഓർമ്മപെടുത്തലാണ്. ഇവർ നമ്മുടെ ജീവിത വഴിത്താരയിലേക്ക് കടന്ന് വരുമ്പോൾ പച്ചവെള്ളം മുന്തിരിച്ചാറാകുന്ന വലിയ അത്ഭുതത്തിന്, കൃപകളുടെ സമൃദ്ധിക്ക് നാമൊക്കെ സാക്ഷികളാകും … കണ്ണും പൂട്ടി പറയുന്നതല്ല ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ സാക്ഷ്യം… ഒഴിഞ്ഞ കൽഭരണിയായിരുന്നിട്ടും പുതുവീഞ്ഞാകുന്ന നസ്രായന്റെ കൃപകൾ നിറച്ച് അവന്റെ അൾത്താരയിലേക്ക്, ശിശ്രൂഷാ പൗരോഹിത്യത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയ മേരിയമ്മയ്ക്ക് നന്ദി… നസ്രായനാകുന്ന പുതുവീഞ്ഞിനാൽ നമ്മുടെയൊക്കെ ജീവിതങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ…