ആണ്ടുവട്ടത്തിലെ ആറാം ഞായർ, Cycle A, മത്താ. 5: 17-37

മത്താ. 5: 17-37
വളരെ മനോഹരവും മഹത്തരവുമായ ജീവിതവിളിയാണ് വൈവാഹിക ജീവിതം.തങ്ങളുടെ സമ്പൂർണ സമർപ്പണത്തിലൂടെ പരസ്പരം വിശുദ്ധീകരിക്കാൻ വിളിക്കപ്പെട്ടവരാണ് ഓരൊ ദമ്പതികളും. പരിപാവനമെന്ന്‌ നാം കരുതുന്ന ഈ ജീവിതവിളി ഇന്ന് ഒരുപാട് വെല്ലുവിളികളും ഉലച്ചിലുകളും നേരിടുന്നുണ്ട്. വിവാഹബന്ധം വേർപെടുത്താൻ ക്രിസ്തീയതുടെ മാർഗ്ഗമാണോ? ഇന്നത്തെ സുവിശേഷത്തിൽ നസ്രായൻ വിവാഹജീവിതത്തിൻറ്റെ ആഴങ്ങളിലേക്കാണ്‌ നമ്മെ നയിക്കുന്നത്.ബാഹ്യമായ ഒരു വായന നമ്മെ ഇപ്രകാരം ചിന്തിപ്പിച്ചേക്കാം: പങ്കാളിയുടെ ഭാഗത്തു നിന്ന്, ദാമ്പത്യ ജീവിതത്തിൻറ്റെ വിശ്വസ്തതയ്ക്കു കോട്ടമാവുന്ന വീഴ്ചകൾ ഉണ്ടായാൽ പങ്കാളിയെ ഉപേക്ഷിക്കാം… ലുക്കാ സുവിശേഷകനും, മാർക്കോസും, പൗലോസ് അപ്പോസ്തലനുമെല്ലാം ഈ ഒരു സാധ്യതയെപ്പറ്റി സംസാരിക്കുന്നില്ല എങ്കിൽപ്പിന്നെ മത്തായി സുവിശേഷകൻ എന്താണ് അർത്ഥമാക്കുന്നത്?
എല്ലാ സംസ്ക്കാരങ്ങളിലും വിലക്കപ്പെട്ടതെന്നു കരുതുന്ന, രക്തബന്ധങ്ങൾക്കിടയിലുണ്ടാകുന്ന ലൈംഗീക അപചയങ്ങൾ മാത്രമെ, ഒരു വ്യക്തിക്ക് തൻറ്റെ ജീവിത പങ്കാളിയെ ഉപേക്ഷിക്കാനുള്ള സാധ്യത നല്കുന്നുള്ളു. “ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ,” എന്ന ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരുറക്കട്ടെ. ആത്മമിത്രമായി ദൈവം നൽകുന്ന ജീവിത പങ്കാളിയുടെ കുറവുകൾ ചൂണ്ടികാണിക്കാനല്ല മറിച്ചു ആ കുറവുകളെ നിറവുകളാക്കാനാണ്, ദൈവം ആ വ്യക്തിയെ എനിക്ക് സമ്മാനിച്ചതെന്ന തിരിച്ചറിവിൽ നമ്മുടെ ജീവിതങ്ങൾ പ്രകാശിക്കട്ടെ…