പെസഹാക്കാലം രണ്ടാം ഞായർ, Cycle-A, യോഹ.20:19-31

യോഹ.20:19-31
ദൈവ കരുണയുടെ ആഘോഷമാണ് ഈസ്റ്റർ. ദൈവപുത്രൻ പാപികളായ നമ്മെ രക്ഷിപ്പാൻ നമ്മുടെ പാപത്തിന്റെ ശിക്ഷയായ മരണത്തെ സ്വയം ഏറ്റെടുത്ത്, കാൽവരിയിൽ സ്വർഗ്ഗീയ കരുണയുടെ മുഖമാവുകയാണ്. അവന്റെ മരണത്തോടും ഉത്ഥാനത്തോടും കൂടി അവസാനിക്കുന്നതായിരുന്നില്ല ആ സ്വർഗ്ഗീയ കരുണ. ഉത്ഥാനാനന്തരവും ആ സ്വർഗ്ഗീയ കരുണ പ്രകടമായി തന്നെ നിലകൊള്ളുകയാണ്. തന്റെ ജീവിതത്തിന്റെ നിർണായക മുഹൂർത്തത്തിൽ തന്നെ ഉപേക്ഷിച്ച് കടന്ന് പോകുന്ന തന്റെ തോഴരെ നസ്രായൻ ഉപേക്ഷിക്കുന്നില്ല. ഉത്ഥിതനായ തന്നെത്തന്നെ അനുഭവിക്കാൻ, തന്നിലുള്ള വിശ്വാസം ഏറ്റ് പറയാൻ അവസരം നൽകി കൊണ്ട് അവൻ അവരെ വീണ്ടെടുക്കുകയാണ്. അവർ അനുഭവിച്ച ഈ സ്വർഗ്ഗീയ കരുണ അവരെ രൂപാന്തരപ്പെടുത്തുകയാണ്. ഉത്ഥിതനായ നസ്രായൻ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ അവനെ ദർശിക്കാനുള്ള സുകൃതം തോമായ്ക്ക് ലഭിക്കുന്നില്ല. തന്റെ സതീർത്ഥ്യർക്ക് ഉത്ഥിതനെ കാണാനും അനുഭവിക്കാനും അവസരം കിട്ടി എന്ന് കേൾക്കുമ്പോൾ അയാൾ തെല്ലൊന്നുലയുന്നുണ്ട്. എന്തുകൊണ്ടാണ് നസ്രായൻ തന്നെ മാത്രം തഴയുന്നത്? താൻ അവന്റെ പ്രിയ ശിഷ്യനാണെങ്കിൽ മറ്റുള്ളവരെപ്പോലെ അവനെ അനുഭവിക്കാൻ തനിക്കും അവകാശമുണ്ടല്ലൊ. അവന്റെ ആണി പഴുതകളിലും, വിലാ പുറത്തും തന്റെ കരങ്ങൾ സ്പർശിച്ചാലല്ലാതെ ഉത്ഥിതനായ നസ്രായനിൽ താൻ വിശ്വസിക്കയുള്ളു എന്ന അയാളുടെ വാശി ഉത്ഥിതനെ വ്യക്തിപരമായി അനുഭവിക്കാനും, വിശ്വാസത്തിൽ ആഴപ്പെടാനുമുള്ള അയാളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായി മാറുകയാണ്.
നസ്രായന് വേണമെങ്കിൽ മുഖവിലയ്ക്കെടുക്കാതെ തോമാശ്ലീഹായുടെ ഈ ആഗ്രഹത്തെ തള്ളിക്കാമായിരുന്നു കാരണം അവനോടൊപ്പം മരിക്കാമെന്ന് പറഞ്ഞ് മറ്റ് തോഴരെയും കൂട്ടി ഇയാൾ ജെറുസലെമിലേക്ക് എത്തിയിട്ടും അവന്റെ മരണ സമയത്ത് തന്റെ ജീവനും കൊണ്ട് ഓടിയൊളിച്ചയാളാണ്. എന്നിട്ടപ്പോൾ ഉത്ഥിതനായ നസ്രായനെ കണ്ടാൽ മാത്രം പോരാ എന്നാൽ ഇതുവരെ ആരും പ്രകടിപ്പിക്കാത്ത അവന്റെ തീവ്രമായ അഗ്രഹത്തെയും സാധിച്ച് കൊടുക്കണം. എന്നാൽ നസ്രായൻ അയാളുടെ അഭിനിവേശത്തെ തന്റെ ഹൃദയത്തോട് ചേർത്ത് വച്ച്, തന്നെ ആഴത്തിൽ അനുഭവിക്കാനുള്ള അവസരമായി ഈ അഭിനിവേശത്തെ മാറ്റുകയാണ്. സർവ്വവും അറിയുന്ന ഉത്ഥിതൻ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ തോമായോട് തന്റെ ആണി പഴുതുകളെയും വിലാപുറത്തെയും തൊട്ട് നോക്കി അനുഭവിക്കാൻ, വിശ്വസിക്കാൻ ക്ഷണിക്കുന്നുണ്ട്. നസ്രായന്റെ ആ വചനങ്ങൾ അയാളെ രൂപാന്തരപ്പെടുത്തുകയാണ്. ” എന്റെ കർത്താവെ… എന്റെ ദൈവമെ…” അവനോട് കൂടെ പോയി നമുക്കും മരിക്കാമെന്ന് ഒരിക്കൽ ആലങ്കാരികമായി അയാൾ പറഞ്ഞതാണെങ്കിൽ ഇപ്പോൾ അയാളുടെ ജീവിത നിയോഗമായി, ദർശനമായി ആ അഭിലാഷം മാറുകയാണ്. ദൈവ കരുണയുടെ ആഴിയിൽ സ്നാനം ചെയ്ത് മുങ്ങി ഉയരുന്ന അയാൾ സന്ദേഹിയല്ല.മറിച്ച് ദൈവാനുഭവത്തിലേക്ക് മറ്റുള്ളവരെ നയിക്കുന്ന ദൈവാന്വേഷി ആയി, ദൈവ കരുണയെ പ്രഘോഷിക്കുന്ന, കരുണയുടെ അപ്പോസ്തലനായി അയാൾ മാറുകയാണ്. കാണാതെ വിശ്വസിക്കണമെന്ന് നസ്രായൻ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും തന്റെ സാർഗ്ഗീയ കരുണയെ ഓരോ നിമിഷവും അനുഭവിക്കാനുള്ള സുകൃതം നസ്രായൻ നമുക്ക് സമ്മാനിക്കുന്നുണ്ട്. ദൈവ കരുണയെ അനുഭവിച്ച് ‘എന്റെ കർത്താവെ, എന്റെ ദൈവമെ…’ എന്ന് പ്രഘോഷിച്ച് നസ്രായന്റെ കരുണയുടെ മുഖമാവാൻ നമുക്കാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ … നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…