കർത്താവിന്റെ സ്വര്ഗാരോഹണ തിരുനാൾ, Cylce B, മാർക്കോ. 16: 15-20

മാർക്കോ. 16: 15-20
ഇന്ന് നസ്രായന്റെ സ്വർഗ്ഗാരോപണ തിരുനാൾ. രക്ഷാകര ദൗത്യവുമായി മണ്ണിലേക്ക് കടന്നുവന്ന വചനമായ ദൈവം തിരിച്ചു തൻറ്റെ നിത്യ മഹത്വത്തിലേക്ക് പ്രവേശിച്ചതിൻറ്റെ ഓർമ്മ ദിനം. സ്വർഗ്ഗാരോപണ തിരുനാൾ നസ്രായൻറ്റെ ദൗത്യത്തിൻറ്റെ പരിസമാപ്തിയായി നാം കണക്കാക്കരുത്… നസ്രായൻ തൻറ്റെ മഹത്വത്തോടെ തിരിച്ചുവരുമെന്ന വിശ്വാസം ആദിമ സഭയിൽ സജീവമായിരുന്നു. തൻറ്റെ രക്ഷാകര ദൗത്യം എന്നെന്നേക്കുമായി അവസാനിപ്പിച്ചല്ല നസ്രായൻ യാത്രയായത്… രക്ഷാകര ദൗത്യത്തെ ആഴത്തിൽ പഠിക്കുമ്പോൾ ചില ഉൾവെളിച്ചങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്… നസ്രായനാണ് ഈ രക്ഷാകരകർമത്തിൻറ്റെ കേന്ദ്രബിന്ദുവെങ്കിലും ഇത് നസ്രായനിൽ മാത്രം അധിഷ്ഠിതമായ ഒരു ദൗത്യമായിരുന്നില്ല. മനുഷ്യരെ ത ൻറ്റെ തോളോട് തോൾ ചേർന്ന്, രക്ഷാകര ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുവാൻ മാനവരാശിയെ തന്നെ പ്രാപ്തരാക്കുന്ന ദൈവപുത്രൻറ്റെ
കഥയാണ് രക്ഷാകരചരിത്രം.
ഈ കഴിഞ്ഞ ദിവസങ്ങളിലെ അനുദിന സുവിശേഷത്തിൽ നാം ധ്യാനിച്ചത് യോഹന്നാൻ സുവിശേഷകൻറ്റെ പതിനഞ്ചാം അധ്യായമാണ്. താൻ തൻറ്റെ പിതാവുമായി എത്ര ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നുവൊ, അതുപോലെയുള്ള ഗാഢമായ ഐക്യത്തിൽ വളരേണ്ടവരാണ് നാം ഓരോരുത്തരും. അതിന് വേണ്ടി ദൈവത്തിനും മനുഷ്യനുമിടയിൽ പാതയായി തീർന്നവനാണ് നസ്രായൻ. എൻറ്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും നല്കപ്പെടുമെന്ന് നസ്രായൻ പറയുന്നത് അവനെപ്പോലെ നാമും പുത്രസ്ഥാനത്തേക്ക്, ആഴമേറിയ ആത്മബന്ധത്തിലേക്ക്, വിളിക്കപെട്ടവരാണ് എന്നർത്ഥത്തിലാണ്…
സ്വർഗ്ഗാരോപണത്തിന് മുൻപ് നസ്രായൻ ഈ രക്ഷാകര ദൗത്യത്തിൻറ്റെ ചുക്കാൻ തൻറ്റെ അനുയായികളെ ഭരമേല്പിക്കുകയാണ്. ‘നിങ്ങൾ ലോകമെങ്ങും പോയി സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.’ വളരെ കൗതുകകരമായി തോന്നിയ വസ്തുത നസ്രായന് ലോകം മുഴുവൻ ഒറ്റയടിക്ക് സുവിശേഷവത്കരിക്കാമായിരുന്നു. ഗലീലിയിലും, ജെറുസലെമിലും, അതിൻറ്റെ പ്രാന്ത പ്രദേശങ്ങളിലും മാത്രമാണ് അവൻ സുവിശേഷം പ്രഘോഷിച്ചത്.എന്തുകൊണ്ട് അവൻ തൻറ്റെ ദൗത്യം അവിടങ്ങളിൽ മാത്രമായി ചുരുക്കി? ആ ദൗത്യം തുടരാനാണ് അവൻ അപ്പോസ്തലന്മാരെയും, ശിഷ്യന്മാരായ നാമോരോരുത്തരെയും തെരഞ്ഞെടുത്തിരിക്കുന്നത്. ‘എൻറ്റെ ദൗത്യം കഴിഞ്ഞു, ഇനി നിങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്ന്’ പറഞ്ഞു മാറി നിൽക്കുന്ന ഒരു രക്ഷാകര ദൗത്യമായിരുന്നില്ല നസ്രായൻറ്റെത്… തൻറ്റെ ആത്മാവിനെ അയച്ചു അവൻ അവരെ ശക്തിപ്പെടുത്തുന്നുണ്ട്. പിതാവിൻറ്റെ സന്നിധിയിൽ അവർക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിച്ചു, അവരുടെ സുവിശേഷ പ്രഘോഷണങ്ങളെ അടയാടങ്ങളിലൂടെ അവൻ സ്ഥിതികരിക്കുന്നുണ്ട്…
നമ്മുടെ സുവിശേഷം പ്രസംഗിക്കുന്ന സഹോദരർ മറ്റു ഭാഷകൾ സംസാരിക്കുന്നതും, ഭൂതോച്ഛാടനം നടത്തുന്നതും, രോഗസൗഖ്യം നൽകുന്നതുമെല്ലാം അവരുടെ കഴിവല്ല. മറിച് അവരിലൂടെ നസ്രായൻ തൻറ്റെ തന്നെ വചനത്തെ അടയാളങ്ങളിലൂടെ സ്ഥിതികരിക്കുകയാണ്… നസ്രായനോട് തോളോട്തോൾ ചേർന്ന് അവൻറ്റെ സുവിശേഷത്തിന് സാക്ഷികളാവാം… പ്രാത്ഥനയോടെ… നസ്രായൻറ്റെ ചാരെ…