മത്താ. 10:24-33
സുവിശേഷം കേവലമൊരു ആദർശമായി ഒതുങ്ങി പോവേണ്ട ഒന്നല്ല മറിച്ച് നമ്മുടെ ജീവിതത്തിലൂടെ പ്രഘോഷിക്കപ്പെടേണ്ട യാഥാർത്യമാണ്. സുവിശേഷം നാമൊക്കെ വായിക്കുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്, പ്രഘോഷിക്കുന്നുണ്ട്, എന്നാൽ ജീവിക്കാൻ നമുക്കാവുന്നുണ്ടൊ? ജീവിക്കുന്നവരുണ്ട്. ജീവിക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്തുകൊണ്ടാവാം സുവിശേഷം ജീവിക്കുന്നത് ചിലപ്പോഴെങ്കിലുമൊക്കെ നമുക്കൊക്കെ കഠിനമായി മാറുന്നത്? വിതക്കാരന്റെ ഉപമ നമ്മെ ക്ഷണിക്കുക നാം നേരിടുന്ന ഈ വിഷമസന്ധിക്ക് ഉത്തരം കണ്ടെത്താനാണ്.
നിലം ഒരുക്കേണ്ടത് ഒരിക്കലും വിതയ്ക്കാരന്റെ ചുമതലയല്ല. മറിച്ച് നിലത്തിന്റെ ഉടമയുടേതാണ്. നമ്മുടെ ആത്മീയ ജീവിതമെന്ന് പറയുന്നത് ഈ ഒരു നിലമൊരുക്കലാണ്. ഒരു ഉടമസ്ഥനും ഏറ്റവും മികച്ച നിലം അവകാശപ്പെടാനാവില്ല. നിലത്തിന്റെ വളക്കൂറ് ഉടമസ്ഥൻ ആ നിലത്തെ എങ്ങനെ ഒരുക്കുന്നു, വളക്കൂറ് നിലനിറുത്താൻ എങ്ങനെ ആ നിലത്തെ പരിപാലിക്കുന്നു എന്നതിനെയൊക്കെ ആശയിച്ചാണ്. ഉപമയിൽ നാം ധ്യാനിക്കുന്ന വഴിയരികും, പാറപ്പുറവും, കള്ളിമുൾചെടി നിറഞ്ഞ ഇടവുമൊക്കെ വിത്ത് വിതയ്ക്കപ്പെടേണ്ട നിലങ്ങളല്ല. പക്ഷെ അവിടെയൊക്കെയും വിത്ത് വിതയ്ക്കപ്പെടുന്നുണ്ട്. എന്നാൽ ഉഴുതു മറിച്ച്, ഒരുക്കപ്പെട്ട നല്ല നിലം മാത്രമെ മുപ്പതും, അറുപത് മേനിയും, നൂറ് മേനിയും ഫലം പുറപ്പെടുവിക്കുന്നുള്ളു. നമ്മുടെ ഹൃദയവയലും ഇത് പോലെ ഒരുക്കപ്പെട്ട നല്ല നീലം ആകേണ്ടിയിരിക്കുന്നു. ഹൃദയ വയൽ നമ്മുടെ പരിശ്രമവും ശ്രദ്ധയും കൊണ്ട് ഒരുക്കപ്പെട്ടില്ലെങ്കിൽ അത് നല്ലനിലമാകേണ്ടതിന് പകരം പാഴ് നിലമൊ, പാറപ്പുറമൊ, കള്ളിമുൾച്ചെടികൾ നിറഞ്ഞ ഇടമൊ ആയി മാറും. ഇങ്ങനെയുള്ള ഹൃദയ നിലങ്ങളിൽ വിതയ്ക്കപ്പെടുന്ന വചനത്തിന് നമ്മിൽ മാംസം ധരിച്ച് നസ്രായനിലേക്ക്, അവന്റെ മനോഭാവത്തിലേക്ക് നമ്മെ വളർത്തുക സാധ്യമല്ല. ഇന്നത്തെ സാഹചര്യത്തിൽ വഴിയരികും, പാറപ്പുറവും, കള്ളിമുൾചെടിയുമൊക്കെ നമ്മുടെ തെറ്റായ വ്യക്തി ബന്ധങ്ങളാവാം, പലതരത്തിലുള്ള ആസക്തികളാവാം, സ്വാർത്ഥതയും, വ്യക്തി കേന്ദ്രീകൃതവുമായ ജീവിത ദർശനങ്ങളും രീതികളുമാവാം. പലപ്പോഴും ജീവിതത്തിൽ ഒരു മാറ്റമുണ്ടാകണമെന്ന് ആത്മാർത്ഥമായി കാശിക്കുകയും, ചെറിയ പരിശ്രമങ്ങളൊക്കെ നടത്തുകയും ചെയ്തിട്ടും ആ മാറ്റം ജീവിതത്തിലാകമാനം കൊണ്ടു വരാനൊ, ആ നവീകരണത്തിൽ നിലനിൽക്കാനൊ കഴിയാതെ പോവുന്നത് ഹൃദയവയൽ ഒരുക്കാൻ നാം തയ്യാറാവാത്തതുകൊണ്ടാണ്.
എങ്ങിനെയാണ് നാം ഹൃദയവയൽ ഒരുക്കേണ്ടത്? നസ്രായനോടുള്ള നമ്മുടെ സ്നേഹമാണ്, പ്രണയമാണ് നമ്മിലെ ഹൃദയവയലിനെ രൂപപ്പെടുത്തുക. ഈ പ്രണയത്തെ നമ്മിൽ വളർത്താൻ നാം ചെയ്യുന്ന എത്ര നിസാരമായ കാര്യമായി കൊള്ളട്ടെ അത് നമ്മുടെ ഉള്ളത്തിലെ ഹൃദയ വയലിനെ രൂപപ്പെടുത്തുന്നുണ്ട്. നമ്മുടെ പ്രാർത്ഥനാ നിമിഷങ്ങൾ, നാം അർപ്പിക്കുന്ന ബലികൾ, നൻമനിറഞ്ഞ പ്രവൃത്തികൾ അങ്ങനെ നമ്മുടെ സഹോദരങ്ങൾക്ക് താങ്ങും തണലുമാവുന്നതൊക്കെ നമ്മിലെ ഹൃദയ നിലത്തെയും രൂപപ്പെടുത്തുന്നുണ്ട്. നല്ല നിലമൊരുക്കി വചനത്തിന് നമ്മിൽ മാംസം ധരിക്കാനുള്ള സാഹചര്യമൊരുക്കാം. അങ്ങനെ മുപ്പത് മേനിയും, അറുപത് മേനിയും, നൂറ് മേനിയും ഫലങ്ങൾ പുറപ്പെടുവിച്ച് കൊണ്ട് നമ്മുടെ വിശ്വാസ യാത്ര തുടരാം. നസ്രായനാകുന്ന വിതക്കാരൻ തന്റെ വചനത്തിലൂടെ, നമ്മുടെ ഹൃദയത്തിലേക്ക് കടന്ന് വന്ന്, മാംസം ധരിക്കട്ടെ അങ്ങനെ ഫലം പുറപെടുവിക്കാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…