ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ, Cycle A, മത്താ. 15: 21-28

മത്താ. 15: 21-28
നിരന്തരമായ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായി നാമൊക്കെ ചിന്തിക്കുന്ന ഒരു കാര്യമിതാണ് ഇനിയും പ്രാർത്ഥിക്കേണ്ടതുണ്ടോ? നമ്മുടെയൊക്കെ ഹൃദയമർമ്മരങ്ങൾ പോലും തിരിച്ചറിയുന്ന നസ്രായൻ നമ്മുടെ പ്രാർത്ഥനകൾക്ക് ചെവിതരുന്നില്ല എന്ന ചിന്ത തന്നെ അപ്രസക്തമാണ്. ഇന്നത്തെ സുവിശേഷം നമ്മെ നയിക്കുന്നത് കാനാൻകാരി സ്ത്രീയുടെ പ്രാർത്ഥനയ്ക്ക് ചെവിചായിക്കുന്ന നസ്രായനിലേക്കാണ്…
തന്നെ വിളിച്ചപേക്ഷിച്ചിട്ടും കാണാത്ത ഭാവത്തിൽ പോവുന്ന നസ്രായൻ യഥാർത്ഥത്തിൽ ഈ സ്ത്രീയെ കാണാതെ പോവുകയായിരുന്നൊ? താൻ അയക്കപ്പെട്ടിരിക്കുന്നത് ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കാണെന്ന് പറയുന്നത് കാനാൻകാരി സ്ത്രീയെ അവഗണിക്കാൻ വേണ്ടിയായിരുന്നൊ? മക്കൾക്കുള്ള അപ്പക്കഷണം നായ്ക്കൾക്കൊടുക്കുന്ന തുചിതമല്ലെന്നു പറയുന്നത് യഹൂദരല്ലാത്തവർ തൻറ്റെ അബ്ബായുടെ മക്കളെന്നു പറയാനായിരുന്നോ? മക്കൾ തിരിച്ചറിയാതെ പോയ അബ്ബായുടെ സ്വന്തം നസ്രായനെ തിരിച്ചറിയുന്നത് – വിശ്വാസത്തിൻറ്റെ ആഴങ്ങളിൽ നിന്നുകൊണ്ട് വിനയത്തിൻറ്റെ മേലങ്കി അണിഞ്ഞു, സ്വയം ചെറുതാകുന്ന, ഈ കാനാൻകാരി സ്ത്രീയാണ്.
നസ്രായനായിരുന്നോ ഈ സ്ത്രീയുടെ വിശാസം കണ്ട് അമ്പരന്നത്? അബ്ബായെ ബാഹ്യമായി ആരാധിക്കുകയും ആന്തരികമായി അവനെ തിരസ്ക്കരിക്കുകയും ചെയ്ത് നസ്രായൻറ്റെ കുറ്റം കണ്ടുപിടിക്കാൻ ഒപ്പം കൂടിയവരായിരിക്കണം ഈ സ്ത്രീയുടെ വിശ്വാസം കണ്ട് അന്ധാളിച്ചുപോകുന്നത്…
പ്രാത്ഥനയുടെ ശക്തിയെ ചോദ്യം ചെയ്തതും അവിശ്വസിച്ചതുമായ ഒരുപാട് നിമിഷങ്ങൾ… കാനാൻകാരി സ്ത്രീയെപ്പോലെ വിശ്വാസത്തിൻറ്റെയും എളിമയുടെയും ആഴങ്ങളിലേക്ക് നമുക്ക് വളരാനാവട്ടെ എന്ന പ്രാത്ഥനയോടെ…