ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ, Cycle C, ലുക്കാ. 18:1-8

ലുക്കാ. 18:1-8
നമ്മുടെയൊക്കെ പ്രാർത്ഥനകളുടെ ഉള്ളടക്കം പ്രധാനമായും അഗ്രഹിക്കുന്ന കാര്യങ്ങളുടെ സഫലീകരണമാണ്. ഇതിൽ യാതൊരു തെറ്റുമില്ല…. നമ്മുടെ സൃഷ്ടാവായ ദൈവത്തോടുള്ള നമ്മുടെ അർത്ഥനകൾ അവനിലുള്ള നമ്മുടെ ആശ്രയ ബോധത്തിന്റെ അടയാളമാണ്. അവനോടല്ലാതെ ആരോടാണ് നമ്മുട ആവശ്യങ്ങൾ പ്രാർത്ഥിക്കുക? പക്ഷെ നാമൊക്കെ പ്രാർത്ഥനയിൽ ക്ഷമയുള്ളവരാണൊ? പ്രാർത്ഥിക്കുന്ന കാര്യത്തിന്റെ പൂർത്തികരണത്തിനായ് ക്ഷമയോടെ കാത്തിരിക്കാൻ നാമൊക്കെ, ഒരുക്കമാണൊ? സുവിശേഷം നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഒരു വിധവയുടെ ജീവിതത്തിലേക്കാണ്. സ്ത്രീകൾക്ക് തുല്യതയൊ മാന്യതയൊ നൽകാതിരുന്ന ഒരു സമൂഹത്തിൽ ആ വിധവയുടെ കാര്യം എത്ര പരിതാപകരമായിരിന്നിരിക്കണം… ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാക്കാലങ്ങളിലും പുരുഷനോട് ചേർത്താണ് അവളുടെ ജീവിതത്തെ നിർവചിക്കുക. ബാല്യത്തിൽ തന്റെ പിതാവിനോട് ചേർന്ന്, യൗവനത്തിൽ തന്റെ പ്രിയതമനോട് ചേർന്ന്, വാർദ്ധക്യത്തിൽ മക്കളോട് ചേർത്ത്…
നസ്രായൻ പങ്ക് വച്ച ഉപമയിലെ വിധവയായ സ്ത്രീയുടെ വ്യക്തിത്വവും തന്റെ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെടലിന്റെ അനുഭവങ്ങളിലൂടെ കടന്ന്പോയി കൊണ്ടിരുന്ന സ്ത്രീയായിരിന്നിരിക്കണം. തനിക്ക് നീതി ലഭിക്കാനായി ന്യായാധിപനെ രാപകലില്ലാതെ ശല്യപ്പെടുത്തിയ വ്യക്തിയായിട്ടാണ് സുവിശേഷം അവളെ പരിചയപ്പെടുത്തുക. തന്റെ ഏത് കാര്യത്തിന് നീതി ലഭിക്കാനായിട്ടാണ് അവൾ പോരാടിയതെന്ന് സുവിശേഷം വ്യക്തമാക്കുന്നില്ല. എന്നാൽ ജീവിതത്തിൽ എല്ലാ സ്വപ്നങ്ങളും, സന്തോഷവും നഷ്ടപ്പെട്ട അവൾക്ക് ഇത് അവസാനത്തെ കച്ചിതുരുമ്പായിരിന്നിരിക്കണം. നാട്ടിൽ അത്ര നല്ല ജനസമ്മതിയൊന്നുമില്ലാത്ത, ദൈവത്തെ ഭയപ്പെടുകയൊ, മനുഷ്യരെ മാനിക്കുകയൊ, ചെയ്യാത്ത ആ കഠിന ഹൃദയനായ ന്യായാധിപന്റെ ഹൃദയം ഈ വിധവയുടെ സ്ഥൈര്യത്തിന് മുന്നിൽ കീഴ്പ്പടുകയാണ്. അവളുടെ നീതിക്ക് വേണ്ടിയുള്ള സമരം അവസാനം ആ ന്യായാധിപന്റെ ആവശ്യമായി മാറുകയും, അയാൾ അവൾക്ക് നീതി നടത്തി കൊടുക്കുകയുമാണ്. അവൾ ആഗ്രഹിച്ച ഉടനെ അത് നടക്കുന്നില്ലെങ്കിലും അവളുടെ സ്‌ഥൈര്യം അവളുടെ ഹൃദയാഭിലാഷം പൂർത്തികരിച്ച് നൽകുകയാണ്.
കഠിന ഹൃദയനായ ന്യായാധിപന് തന്നെ വിടാതെ പിന്തുടർന്ന വിധവയ്ക്ക് വേണ്ടി മനസ്സ് മാറി കാരുണ്യപൂർവ്വം നിലകൊള്ളാൻ കഴിഞ്ഞെങ്കിൽ കരുണയുടെ മുഖമായ നമ്മുടെ അബ്ബായക്ക് അതിന് നേരെ തന്റെ കണ്ണടയ്ക്കാനും, ചെവി കൊട്ടിയടയ്ക്കാനും, ഹൃദയം തിരിച്ച് കളയാനും കഴിയുമെന്ന് തോന്നുന്നുണ്ടൊ? പിതാവിന്റെ വാത്സല്യത്തോടെ നമ്മെ പരിപാലിക്കുന്ന അബ്ബായ്ക്ക് ഏത് കൃപ, ഏത് സമയത്ത് നൽകണമെന്ന് വ്യക്തമായി അറിയാം… ആ കൃപ നമ്മുടെയും, മറ്റുള്ളവരുടെയും നൻമയ്ക്കായ് സ്വീകരിക്കാൻ, നമ്മെ ഒരുക്കിയതിന് ശേഷമാവും ആ കൃപ നമുക്ക് സമ്മാനിക്കുക. ഈ ഒരു ഒരുക്കപ്പെടലിനായി, അവന്റെ സമയത്തിനായി ക്ഷമാപൂർവ്വം കാത്തിരിക്കാൻ നമുക്കാവുമോ? ക്ഷമാപൂർവം കാത്തിരിക്കുന്നവരെ തേടിയാണ് എന്നും അനുഗ്രഹങ്ങളെത്തിയിട്ടുള്ളത്. ഒരു പാട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വാഗ്ദാനത്തിന്റെ പുത്രനായ് ഇസഹാക്കിനെ അബ്രഹാത്തിനും, സാറായ്ക്കും ലഭിക്കുക. സാമുവേലിന്റെ അമ്മയായ അന്നായുടെയും, സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ എലിസബത്തിന്റെയും, സഖറിയായുടെയും അനുഭവങ്ങൾ വ്യത്യസ്തങ്ങളലല്ലൊ… പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് വയോധികനായ ശിമയോനും, അന്നായ്ക്കും രക്ഷകന്റെ ദർശനം സമ്മാനിക്കുന്നത്. വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് നസ്രായൻ, ക്ഷമയോടെ അവന്റെ സമയത്തിനായ് പ്രാർത്ഥനാപൂർവ്വം കാത്തിരിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…