ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ, Cycle B, യോഹ . 1: 35-42

യോഹ . 1: 35-42
കൂടെയായിരിക്കാനും, ആയക്കപ്പെടാനുമാണ് നസ്രായൻ ഓരോ ശിഷ്യനെയും തെരെഞ്ഞെടുത്തിരിക്കുന്നത്… കൂടെയായിരിക്കാതെ ഒരു ശിഷ്യനും അയക്കപ്പെടാനാവില്ല… സ്നാപകൻ തൻറ്റെ ശിഷ്യർക്ക് നസ്രായനെ ചൂണ്ടിക്കാട്ടുമ്പോൾ നസ്രായൻ അവരോട് പറയുന്നത് വന്ന് കൂടെയായിരിക്കാനാണ്. അബ്ബായുമായി ഗാഢമായ ആത്മബന്ധം പുലർത്തിയ നസ്രായനെപ്പോലെ പരിശുദ്ധ ത്രിത്വമായുള്ള ആത്മബന്ധത്തിലേക്കു നാം അനുദിനം വളരേണ്ടിയിരിക്കുന്നു… നമ്മുടെ വിശ്വാസയാത്രയിൽ ഈ ആത്മബന്ധത്തെക്കുറിച്ചു ചിന്തിക്കാനൊ, ഈ ആത്മബന്ധത്തിൽ ആഴപ്പെടാനൊ നാം ശ്രമിക്കാറില്ല. കേവലം ആചാരഅനുഷ്ടാങ്ങളുടെ പൂർത്തീകരണത്തിൽ മാത്രം ശ്രദ്ധിച്ചു അനുഗ്രഹങ്ങൾ തേടുന്ന വിശ്വാസികൾ മാത്രമായി നാം മാറുന്നില്ലേ? നസ്രായൻറ്റെ കൂടെയായിരിക്കുക എന്നതിൻറ്റെ മറ്റൊരു തലം നസ്രായൻറ്റെ കണ്ണുകളിലൂടെ നമ്മുടെ ചുറ്റുപാടുകളെ നോക്കിക്കാണുക എന്നതാണ്… അവൻറ്റെ ദർശനത്തെ, സുവിശേഷത്തെ അടുത്തറിയുന്നതിലൂടെയാണ് മനസ്സറിയുന്ന തോഴരായി നാം മാറുന്നത്.
സുവിശേഷങ്ങളിലെ ഏതെങ്കിലുമൊരു അധ്യായം വായിക്കാതെയും അതേക്കുറിച്ചു ധ്യാനിക്കാതെയും ഒരു ദിനത്തോടും വിടപറയരുത്. പരിശുദ്ധ കുർബ്ബാനയിലെ ഏറ്റവും സുപ്രദമായ ഭാഗം കൂദാശവചനങ്ങൾ ഉച്ചരിച്ചു അപ്പത്തെയും വീഞ്ഞിനെയും അവൻറ്റെ തിരുശരീര രക്തങ്ങളാക്കി മാറ്റുന്ന നിമിഷങ്ങളാണെന്ന്… വായനകൾക്കും, പ്രസംഗത്തിനുംശേഷം ദിവ്യബലിയിൽ പങ്കെടുക്കാനെത്തുന്നവരുടെയും ചിന്ത അതുതന്നെയായിരിക്കണം. പരിശുദ്ധ കുർബ്ബാന പരികർമ്മം ചെയൂന്നതുപോലെതന്നെ സുപ്രധാനമായ നിമിഷങ്ങളാണ് വചനം പങ്കുവെയ്ക്കുന്ന നിമിഷങ്ങളും… പിറ്റെദിവസത്തെ പരിശുദ്ധ കുർബാനയ്ക്കായി തലേദിവസം തന്നെ സുവിശേഷം വായിച്ചൊരുങ്ങണമെന്നു പണ്ടേ കിട്ടിയ വെളിച്ചമായിരുന്നെങ്കിലും അടുത്തിടെ മാത്രമാണ് ബോധ്യമായി, ശീലമായി രൂപപ്പെട്ടത്… നസ്രായന്റെ കൂടെയിരിക്കുന്നതിന് ആത്മീയ വഴിയിൽ മുമ്പേനടന്നവർ അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ സാധനയാണിത്. നമ്മുടെയൊക്കെ ഭാവനങ്ങളിലെ സായ്ഹ്നപ്രാർത്ഥനയ്ക്കുശേഷം തൊട്ടുടുത്തദിവസത്തെ സുവിശേഷഭാഗം വായിക്കുന്നതും ഒത്തൊരുമിച്ചു കുറച്ചുനിമിഷങ്ങളെങ്കിലും അതിനെക്കുറിച്ച് ധ്യാനിക്കുന്നതു സ്വപ്നം കാണുന്നു…
കൂടെയിരിക്കുന്നതിൻറ്റെ മൂന്നാമത്തെ തലം സവിശേഷമായി മാറുക എന്നതാണ്… ഞങ്ങൾ മിശിഹായെ കണ്ടു എന്ന അന്ത്രയോസിൻറ്റെ വാക്കുകളാണ് ശിമയോൻ പത്രോസിൻറ്റെ ചെവികളിലും ഹൃദയത്തിലും മുഴങ്ങിയ പ്രത്യാശയുടെ സുവിശേഷം… നസ്രായൻറ്റെ സ്നേഹത്തെ പ്രഘോഷിക്കാനും, നന്മയുടെ നീർച്ചാലായി നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തുമ്പോൾ നാമും അയക്കപ്പെടുകയാണ്…അങ്ങനെ അവൻറ്റെ സ്നേഹത്തിനും സുവിശേഷത്തിനും നമ്മുടെ ജീവിതവും സാക്ഷ്യമാവുകയാണ് … ഒത്തിരി സ്നേഹത്തോടും പ്രാർത്ഥനയോടും… നസ്രായൻറ്റെ ചാരെ…