തന്നെ അന്വേഷിച്ചെത്തുന്ന ഗ്രീക്കുക്കാരോട് നസ്രായൻ പങ്ക് വയ്ക്കുക ഗോതമ്പ് മണിയുടെ ഉപമയാണ്. ലോകം കീഴടക്കിയ, ചക്രവർത്തിമാരെയും, വില്ലാളിവീരരെയും കണ്ട് പരിചയിച്ചുട്ടുള്ള ഗ്രിക്കുകാരോട് തൻ്റെ ജീവിതം ഗോതമ്പ് മണിക്ക് സദൃശ്യമാണെന്നാണ് നസ്രായൻ പഠിപ്പിക്കുക. ഗോതമ്പ് മണി നിലത്ത് വീണ്, അഴിഞ്ഞ്, സ്വയം ഇല്ലാതായി എന്നാൽ പുതുനാമ്പിന് വളമായിമാറി അതിനെ വളർത്തിയെടുക്കുന്നത് പോലെ താനും പാപത്താൽ മൃതരായ മാനവരാശിക്ക് വേണ്ടി കാൽവരിയിലെ കുരിശിൽ പാപത്തിൻ്റെ ശിക്ഷയായ മരണം ഏറ്റ് വാങ്ങും. എന്നാൽ തൻ്റെ മരണം ഒരു പൂർണ്ണവിരാമമല്ല. മറിച്ച്, മരുഭൂമിയിൽ ഉയർത്തപ്പെട്ട അഗ്നേയ സർപ്പത്തെപ്പോലെ സകലർക്കും ജീവൻ നൽകുന്ന അടയാളമായിരിക്കും.
നസ്രായനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും കുരിശിൻ്റെ ഈ പാതയെ പുണരേണ്ടിയിരിക്കുന്നു. അനുദിന ജീവിതത്തിലുണ്ടാവുന്ന കുരിശുകളെ പ്രത്യാശയോടെ ഏറ്റെടുത്ത് നസ്രായനെ അനുധാവനം ചെയ്യാനുള്ള ക്ഷണമാണ് ക്രിസ്തയത…
കുരിശിൻ്റെ ഈ വഴി ഗ്രീക്കുകാർക്ക് ഭോഷണമായി തോന്നിയത് തന്നെതന്നെ നഷ്ടപ്പെടുത്തി നിത്യതയെ തേടുന്നതിലെ ലോജിക്കാവണം.
അന്നും ഇന്നും ലോകം ശ്രമിക്കുന്നത് മനുഷ്യ ജീവിതത്തിൽ നിന്ന് സങ്കടങ്ങളെയും സഹനങ്ങളെയും എങ്ങനെ ദൂരികരിക്കാമെന്നായിരുന്നു. എന്നാൽ ദൈവപുത്രനായ നസ്രായൻ നമ്മോട് പങ്ക് വയ്ക്കുക.
കുരിശിൻ്റെ വഴിയില്ലാതെ മഹത്വത്തിലേക്ക് പ്രവേശനമില്ല എന്ന് തന്നെയാണ്. ഇസ്രായേൽ ജനം മുഴുവൻ പ്രതീക്ഷിച്ചിരുന്നത് ഇസ്രായേലിൻ്റെ എല്ലാ ശത്രുക്കളെയും എന്നെന്നേക്കുമായി പരാജയപ്പെടുത്തി, ദാവിദിൻ്റെ സിംഹാസനത്തിൽ സർവ്വ മഹത്വങ്ങളോടും കൂടി ആരൂഡനാകുന്ന മിശിഹായെയായിരുന്നു… എന്നാൽ നസ്രായൻ തൻ്റെ അബ്ബായെ മഹത്വപ്പെടുത്തുക കുരിശാകുന്ന തൻ്റെ സിംഹാസനത്തിൽ, ഗോതമ്പ് മണിപോലെ സർവ്വവും നഷ്ടപ്പെടുത്തി, ദൈവപുത്രനായിരുന്നിട്ടും പാപത്തിൻ്റെ ശിക്ഷയായ മരണത്തെ വരിച്ച് കൊണ്ടാണ്…പിതാവ് പുത്രനെ മഹത്വപ്പെടുത്തുക മരണത്തെ സ്വയം കീഴടക്കി ജീവനിലേക്ക് തിരികെ വരാനുള്ള കൃപ നൽകി കൊണ്ടാണ്…
കുരിശുമെടുത്ത് നസ്രായൻ്റെ പാതയടികളെ പിന്തുടരുന്നവർക്കുള്ള സുവിശേഷം ഇതാണ്… ജീവിതത്തിലുണ്ടാവുന്ന സഹനങ്ങളുടെയും, ബുദ്ധിമുട്ടുകളുടെയും മദ്ധ്യേ നാമൊന്നും ഒറ്റയ്ക്കല്ല… ജീവിത കുരിശിൻ്റെ മറുവശത്ത് മരണത്തെ കീഴടക്കിയ നസ്രായൻ വിട്ട് പിരിയാതെ നമ്മോട് കൂടെയുണ്ട്…നമ്മൊടൊപ്പമുള്ള നസ്രായൻ്റെ സാന്നിദ്ധ്യം തിരിച്ചറിയാൽ ഈ നോയമ്പ് കാലം നമ്മെ സഹായിക്കട്ടെ… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…