യോഹ. 20:1-9
അതിരാവിലെ മഗ്ദലേന മറിയം കല്ലറയിലേക്ക് പോയി എന്നാണ് യോഹന്നാൻ സുവിഗ്രേഷകൻ രേഖപ്പെടുത്തുന്നത്. എന്തിനാവാം അതി രാവിലെ പോയതെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് ലൂക്കാ സുവിശേഷകനാണ്. യഹൂദ പാരമ്പര്യമനുസരിച്ച് നൂറ് റാത്തൽ സുഗന്ധകൂട്ടുമായി യേശുവിന്റെ മൃതശരീരം സംസ്ക്കരിക്കുന്ന ജോസഫിനെയും നിക്കദേമോസിനെയും നാം കാണുന്നുണ്ട്. ഒരു പക്ഷെ സാബത്ത് ആരംഭിക്കുന്നതിന് മുമ്പ് സംസ്ക്കാരകർമ്മം മുഴുവിപ്പിക്കേണ്ടതിനാൽ ധൃതിലായിരിക്കണം സുഗന്ധദ്രവ്യങ്ങൾ നസ്രായന്റെ ശരീരത്തിൽ പൂശിയിട്ടുണ്ടാവുക. ഇതിന് സാക്ഷിയാകുന്ന മഗ്ദലേന മറിയവും, ശിഷ്യരായ മറ്റ് സ്ത്രീകളും അന്ന് തന്നെ നസ്രായന്റെ മൃതശരീരത്തിൽ അർപ്പിക്കുന്നതിനുള്ള സുഗന്ധക്കൂട്ടുകൾ ഒരുക്കി വയ്ക്കുന്നുണ്ട്. തങ്ങളുടെ പ്രിയ ഗുരുവിന് അർഹമായ യാത്രാമൊഴി നൽകാനുള്ള അവരുടെ എളിയ ശ്രമം. ഒരു പക്ഷെ കല്ലറ തുറക്കുന്നത് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ, സുഗന്ധലേപനം പൂർത്തിയാക്കുന്നതിനായിരിക്കണം മേരി അതിരാവിലെ കല്ലറയിലേക്ക് പോവുന്നത്. അവൾ അന്വേഷിക്കുന്നത് നസ്രായന്റെ മൃതശരീരത്തെയാണ്. നസ്രായന്റെ ഉയർപ്പിനെക്കുറിച്ചുളള യാതൊരു ബോധ്യവും മേരിക്കുണ്ടായിരുന്നില്ല എന്ന വസ്തുത ഇതിൽ നിന്നുറപ്പാണ്.
പന്ത്രണ്ട് ശിഷ്യരും ഗുരിവിനെ സ്നേഹിച്ചത് അവൻ നൽകാൻ പോവുന്ന മഹത്വമേറിയ സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു. അതുകൊണ്ടാവണം പ്രിയ ഗുരു ശത്രുക്കളാൽ ബന്ധിക്കപ്പെടുന്ന വേളയിൽ സ്വപ്നങ്ങളൊക്കെ തകർന്ന്, തങ്ങളുടെ ജീവനെ സുരക്ഷിതമാക്കാൻ അവരൊക്കെ ഓടിയകലുന്നത്. മേരിയാവട്ടെ ഒന്നിനും വേണ്ടിയായിരുന്നില്ല നസ്രായനെ സ്നേഹിച്ചത്. തന്നെ നിസ്വാർത്ഥമായി സ്നേഹിച്ച, ജീവിതത്തെ പ്രകാശിപ്പിച്ച പ്രിയ ഗുരുവിന്റെ കുരിശിന്റെ വഴിയിലും, മരണവേളയിലുമൊക്കെ വിശ്വാസത ശിഷ്യയായി, സഖിയായൊക്കെ അവൾ കൂടെയുണ്ട്.
ശൂന്യമായ കല്ലറ അവളുടെ ഹൃദയഭാരം കൂട്ടുകയാണ്. അപ്രതീക്ഷിതമായി ഗുരുവിനെ നഷ്ടപ്പെട്ടു, ഇപ്പോൾ അവന്റെ ശരീരവും. കല്ലറയ്ക്ക് വെളിയിലിരുന്ന് നിസ്സഹയായി അവൾ കരയുകയാണ്. മേരി നമ്മുടെയൊക്കെ ജീവിത മുഹൂർത്തങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലേ . എല്ലാം നഷ്ടപ്പെട്ട ജീവിത മുഹൂർത്തങ്ങളിൽ, ശൂന്യതയാൽ നിറഞ്ഞ് നമ്മളുമൊക്കെ നിസ്സഹയരായി കരഞ്ഞിട്ടില്ലേ? പ്രതിസന്ധികളിൽ കർത്താവിനെ ഇരുളിൽ തപ്പിയിട്ടില്ലേ? എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട വേളയിൽ നസ്രായനെയും മരിച്ചവനായി നാം കണ്ടിട്ടില്ലേ? ഉയർപ്പ് തിരുനാൾ പ്രത്യാശ നഷ്ടപ്പെട്ടവർക്കുള്ള ഓർമ്മപ്പെടുത്തലാണ്. ഒഴിഞ്ഞ കല്ലറയാക്കുന്ന ശൂന്യതകളെ പ്രതി വിലപിക്കേണ്ടവരൊ, സ്വയം തകർക്കപ്പെടേണ്ടവരൊ അല്ല നാം. കാരണം ഒരു കല്ലറയ്ക്കും ഉൾക്കൊള്ളാനാവാത്ത, തടഞ്ഞ് നിറുത്താനാവാത്ത, ബന്ധിക്കാനാവാത്ത യാഥാർത്ഥ്യമാണ് നസ്രായൻ. അവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്ന അവിശ്വാസികളാവാതെ, ജീവിക്കുന്ന നസ്രായനെ പ്രതിഫലിപ്പിക്കുന്ന, പ്രത്യാശയാൽ ശൂന്യതകളെ നിറയ്ക്കുന്ന , പുനരുത്ഥാന മഹോത്സവത്തിന്റെ സാക്ഷികളായി, നമുക്ക് വ്യാപരിക്കാം. ദു:ഖത്തിലും, സന്തോഷത്തിലും, നിരാശയിലും, പ്രത്യാശയിലും, ശൂന്യതകളിലും ഹല്ലേലൂയയാരിക്കട്ടെ നമ്മുടെ സ്തുതിഗീതം. ജീവിക്കുന്ന നസ്രായനെ നാം കണ്ട് മുട്ടുക തന്നെ ചെയ്യും എന്ന ഉറപ്പോടെ … നസ്രായന്റെ ഹൃദയത്തിൻ ചാരെ…