യോഹ. 14: 15-21
ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല… ജീവിതമെന്ന മഹാദാനത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി ഈ ഭൂമിയിൽ നിന്ന് കടന്ന് പോകുന്നവർ നമുക്ക് സുപരിചിതമായ വാർത്തയാണ്. തങ്ങൾ ഒറ്റയ്ക്കാണെന്നുള്ള ചിന്തയാണ് ഈ സാഹസത്തിന് ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മോട് പങ്കുവെയ്ക്കുന്ന ഏറ്റവും വലിയ ഉറപ്പും ഇതു തന്നെയാണ്. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല.”
മാമ്മോദിസായിലൂടെ ക്രിസ്തീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിശ്വസിക്കും നസ്രായൻ നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഈ വാക്കുകൾ. പരിശുദ്ധ ത്രിത്വവുമായുള്ള നിരന്തര ഐക്യം നസ്രായൻറ്റെ ജീവിതത്തിലെ കേന്ദ്രബിന്ദു ആയിരുന്നു. തൻറ്റെ പരസ്യ ജീവിത കാലത്തു താൻ നേരിട്ട എതിർപ്പുകളെയും നിരാശകളെയുമൊക്കെ നസ്രായൻ നേരിട്ടത് പിതാവുമായുള്ള ഗാഢമായ ഐക്യത്തിൽ നിലനിന്നുകൊണ്ടാണ്…
ഗത്സമെനിൽ അവനെ കാത്തിരുന്നത് നിരാശകളുടെ ഒരു കയം തന്നെയായിരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെടും എന്ന ചിന്തയിൽ നിന്ന് അവനെ താങ്ങിയത് താൻ അനാഥനല്ല തൻറ്റെ അബ്ബാ തന്നോടൊപ്പമുണ്ടെന്ന യാഥാർഥ്യമാണ്. പിതാവിൻറ്റെ പക്കലേക്ക് തിരിച്ചു പോകുന്ന തൻറ്റെ ശാരീരിക സാന്നിദ്ധ്യം ഇനി വത്സലശിഷ്യർക്കില്ല… ഈ മൂന്ന് വർഷക്കാലം അമ്മ കണക്കെ തൻറ്റെ നെഞ്ചോട് ചേർത്താണ് അവൻ അവരെ രൂപപ്പെടുത്തിയത്… ഇനി മുതൽ അവരുടെ ഇന്ദ്രിയങ്ങൾക്ക് താൻ അപ്രാപ്യനാണെങ്കിലും ആദൃശ്യനായ പിതാവുമായുള്ള ഗാഢബന്ധത്തിൽ താൻ നിലനിന്നിരുന്നത് പോലെ ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ എല്ലാ ശിഷ്യന്മാരോടൊപ്പവും തൻറ്റെ ആദൃശ്യസാന്നിദ്യമുണ്ടാവും…
ലോകത്തിൻറ്റെ പലഭാഗങ്ങളിലേക്ക് അവൻറ്റെ വചനവുമായി പുറപ്പെട്ട ഒരു ശിഷ്യനും നിരാശയുടെ പടുകുഴിയിൽ തങ്ങളുടെ ജീവിതം അവസാനിപ്പിച്ചില്ല… മറിച് അവനെ തള്ളിപ്പറഞ്ഞവരൊക്കെ അവൻ മരിച്ചതുപോലെ മരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞു തലകീഴയൊക്കെയാണ് ക്രൂശിക്കപ്പെട്ടത്… കാരണം മരണത്തിലും തങ്ങൾ ഒറ്റയ്ക്കല്ലല്ലോ… കൂടെനടക്കുന്ന കൂട്ടുകാരനാണ് നസ്രായനെന്ന തിരിച്ചറിവിൽ വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…