ലൂക്കാ. 10.38-42
സൗഹൃദങ്ങളെ എന്നും നെഞ്ചോട് ചേർത്ത് വച്ചവനായിരുന്നു നസ്രായൻ. നെഞ്ചോട് ചേർത്ത് വച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതല്ലട്ടോ… അവന്റെ ഹൃദയത്തിൽ, ജീവിതത്തിലൊക്കെ, ഈ തോഴർക്കെല്ലാം ഇടമുണ്ടായിരുന്നു. ഇന്നും നസ്രായനുമായുള്ള സൗഹൃദം നിഴൽ പോലെ ചേർന്ന് നിൽക്കുന്ന ഒരു ആത്മ സുഹൃത്തിനെയാണ് നമുക്ക് സമ്മാനിക്കുക. സുഹൃത്തുക്കൾ പരസ്പരം ഹൃദയങ്ങൾ പങ്ക് വയ്ക്കുന്നവരായിരിക്കണം… താങ്ങാവുന്നവരായിരിക്കണം… സന്തോഷത്തിന്റെ നിമിഷങ്ങളിൽ മാത്രം കൂടെയുള്ളവർ സുഹൃത്തുക്കളല്ലാതെ പോവുന്നത് നൊമ്പരത്തിന്റെ നിമിഷങ്ങളിൽ നമ്മുടെ ഹൃദയ ഭാരം താങ്ങാൻ ഇവരുടെ ഹൃദയമൊ, നിഴൽ പോലെ കൂടെ നിർക്കാൻ ഇവരുടെ സാന്നിദ്ധ്യവുമൊ ഉണ്ടാവില്ലെന്ന തിരിച്ചറിവാണ്…
സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന മനോഹരമായ സൗഹൃദ ബന്ധങ്ങളിലൊന്ന് നാല് ഉറ്റ ചങ്ങാതിമാരുടേതാണ്… മാർത്താ, മറിയം, ലാസർ പിന്നെ നമ്മുടെ സ്വന്തം നസ്രായനും… എന്തൊരു സുകൃതം ലഭിച്ച ജൻമങ്ങളല്ലേ… ദൈവപുത്രനെ ആത്മ മിത്രമായി കിട്ടിയ തോഴർ. ലാസറിന്റെ മരണ വാർത്തയറിഞ്ഞ്, അവിടെയെത്തുന്ന നസ്രായന് താൻ അയാളെ ഉയർപ്പിക്കുമെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും മേരിയോടും, മാർത്തയോടുമൊപ്പം തന്റെ കണ്ണീർ പൊഴിക്കുന്നതും, അഴിഞ്ഞ് തുടങ്ങിയ അരുമ തോഴനെ മരണത്തിന്റെ കയത്തിൽ നിന്ന് തിരികെ കൊണ്ട് വന്ന് സൗഹൃത്തെ ആഘോഷമാക്കിയവനാണ് നസ്രായൻ…
ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത് അത്തരമൊരു സൗഹൃദത്തിന്റെ നിമിഷങ്ങളാണ്. മാർത്തയുടെയും, മേരിയുടെയും ഭവനം നസ്രായൻ സന്ദർശിക്കുകയാണ്. തങ്ങളുടെ ഉറ്റ ചങ്ങാതിക്ക് ഏറ്റവും മികച്ചത് നൽകാനുള്ള വെമ്പലിലാണ് ഈ രണ്ട് സഹോദരിമാരും… നസ്രായൻ പതിവ് പോലെ വചന വ്യാഖ്യാനത്തിൽ മുഴുകുകയാണ്. മേരി നസ്രായന്റെ കാൽ ചുവട്ടിൽ തന്നെ ഉണ്ട്. അവന്റെ ചാരത്തിരുന്ന് ഹൃദയം കൊണ്ട് കൊണ്ട് അവനെ കേൾക്കുന്നതാണ് സുകൃതമെന്ന ഉൾവെളിച്ചം മേരിക്കുണ്ടായിരുന്നു… എന്നാൽ മാർത്തയാകട്ടെ അതിഥിക്ക് വിരുന്നൊരുക്കാനുള്ള തന്ത്രപ്പാടിലാണ്. അപ്രതീക്ഷിതമായിട്ടാവണം നസ്രായന്റെ സന്ദർശനം. സ്വാഭാവികമായും കുറച്ച് സമയത്തിനുളളിൽ എല്ലാ കാര്യങ്ങളും ഒരുക്കുക ശ്രമകരമായ കാര്യമാണ്. ഈ ഒരു വസരത്തിൽ ആരായാലും ഒരു കൈത്താങ്ങാഗ്രഹിക്കും… മാർത്താ തന്നെ സഹായിക്കാൻ മേരിയുടെ സഹായം ആഗ്രഹിച്ചു എന്നത് വ്യക്തമാണ്. ഒരുപാട് തവണ കാത്തിരുന്നിട്ടും മേരി തന്നെ സഹായിക്കാൻ വരാതാവുമ്പോൾ അവളുടെ ഹൃദയം ദേഷ്യവും, സങ്കടവും, നിസ്സഹായത കൊണ്ട്മൊക്കെ നിറയുന്നുണ്ട്. ദേഷ്യമൊക്കെ മനസ്സിൽ ഒതുക്കി സ്വയം പിറുപിറുക്കുകയാണ്. സഹിക്കാനാവാതെ വരുമ്പോൾ അവൾ നസ്രായന്റെ ചാരത്തേക്ക് ഓടി വരുന്നത് അവന്റെ സൗഹൃദം നൽകുന്ന സ്വാതന്ത്ര്യത്തിന്റെ ഉറപ്പിൻമേലാണ്.
നസ്രായൻ ഒരിക്കലും മേരിയെ ന്യായികരിച്ച്, മാർത്തായെ കുറ്റപ്പെടുത്തുകയല്ല മറിച്ച് അവന് കാതോർത്ത് അവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കലാണ് അവന് നൽകാവുന്ന ഏറ്റവും വലിയ ആതിഥിയത്വം എന്ന് മാർത്തയെ പറഞ്ഞ് മനസ്സിലാക്കുകയാണ്. ഏതൊരു സൗഹൃദവും പരസ്പരം കേൾക്കുമ്പോൾ ആഴപ്പെടുന്നത് പോലെ, ഹ്യദയം കൊണ്ട് നസ്രായനെ കേൾക്കുമ്പോഴാണ് അവന്റെ വചനം നമ്മുടെയുള്ളിൽ മാംസം ധരിക്കുന്നതും അവനുമായുള്ള സ്നേഹത്തിൽ നാമൊക്കെ വളരുന്നതും… മാർത്തയെപ്പോലെ നസ്രായനെ ഏറ്റവും ശ്രേഷ്ഠമായി സ്വീകരിക്കാനുള്ള ഹൃദയ വിശാലതയും മേരിയെ പോലെ പൂർണ്ണഹൃദയത്തോടെ ശ്രവിക്കാനുള്ള കൃപയും നമ്മിൽ സംയോജിക്കട്ടെ എന്ന പ്രാർത്ഥനയോടെ… സ്നേഹപൂർവ്വം… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…