നമ്മുടെ ഈ കാലഘട്ടം പങ്ക് വയ്ക്കുന്ന ഭയാശങ്കളിലൊന്ന് ഹൃദയപൂർവ്വം ക്ഷമിക്കാൻ കഴിയാതെ പോവുന്ന സഹോദരങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു എന്നതാണ്. തന്റെ തെറ്റ് ചോദ്യം ചെയ്തതിന് കേവലം പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ആദിശേഖറിനെ വണ്ടിയിടിപ്പിച്ച് ആ കുരുന്നു ജീവൻ കവർന്നെടുത്ത സംഭവം നമ്മെല്ലാവരെയും നടക്കുകയുണ്ടായി. തങ്ങൾക്ക് വ്യക്തിപരമായ നേട്ടങ്ങൾ ലഭിക്കുന്നതിൽ വിഘാതമായി നിന്ന ഉമ്മൻ ചാണ്ടി എന്ന ജനനായകനെ കള്ളക്കഥകൾ മെനഞ്ഞ് അദ്ദേഹത്തിന്റെ ശത്രുക്കൾ വേട്ടയാടിയതിന് ഈ തലമുറ സാക്ഷിയായതാണ്. പ്രതികാര രാഷ്ട്രീയം അരങ്ങ് വാഴുമ്പോൾ നമ്മുടെയൊക്കെ രക്ത ബന്ധങ്ങളിലും ഈ പ്രതികാര ചിന്ത നിഴലിക്കുന്നില്ലേ? ചെറിയ പിണക്കങ്ങൾ പോലും ക്ഷമിക്കാനാവാതെ, ലഹരിക്കടിമപ്പെട്ട മക്കൾ മാതാപിതാക്കളുടെ ജീവൻ കവരുന്നതും, രക്ത ബന്ധത്തിന്റെ വില പോലും മറന്ന് സഹോദരങ്ങൾ എണ്ണം പറഞ്ഞ് പ്രതികാരം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിത്യവും കണ്ട് കൊണ്ടെല്ലെ നമ്മുടെയൊക്കെ ദിനം തന്നെ ആരംഭിക്കുന്നത്. ന്യായമായ പ്രതികാരത്തിന് എല്ലാ സമൂഹങ്ങളിലലും തന്നെ നിയമസാധുത ഉണ്ടായിരുന്നു. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്… അടിക്കുന്ന അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുക എന്നതായിരുന്നു പ്രതികാര ചിന്തയുടെ തത്വശാസ്ത്രം തന്നെ.
സത്യ വേദത്തിലും പ്രതികാരചിന്തയുടെ നിരവധി ഉദാഹരണങ്ങൾ നാം വായച്ചറിയുന്നുണ്ട്. സ്വന്തം സഹോദരനായ ആബേലിന്റെ രക്തത്തിന് തക്കം പാർത്തിരിക്കുന്ന കായേന്റെ ജീവിത കഥയാണ് വേദപുസ്തകത്തിൽ നാം വായച്ചറിയുന്ന ആദ്യ പ്രതികാര കഥ. സ്വന്തം സഹോദരന്റെ രക്തം ചിന്തി തുടങ്ങുന്ന പ്രതികാര കഥയുടെ ചരിത്രം മുന്നോട്ടു പോവുമ്പോൾ പിന്നീട് അത് രക്ത ചൊരിച്ചിലുകളുടെ കഥ തന്നെയായി മാറുന്നു. പുതിയ നിയമത്തിലും ഈ രക്ത ചൊരിച്ചുകൾക്ക് കുറവൊന്നുമുണ്ടാവുന്നില്ല. രണ്ട് വയസ്സിന് താഴെയുള്ള പിഞ്ചു പൈതങ്ങളെ കൊന്നൊടുക്കുന്ന ഹെറോദേസും, ധാർമിക ലംഘനത്തിനെതിരെ ശബ്ദമുയർത്തുന്ന സ്നാപകയോഹന്നാനെ തക്കം പാർത്തിരുന്ന് വകവരുത്തുന്ന ഹെറോദിയായുമൊക്കെ ഈ കണ്ണികളുടെ തുടർച്ച മാത്രമാണ്.
ഈ ഒരു പശ്ചാത്തലത്തിൽ വേണം പത്രോസ് പാപ്പയുടെ തെറ്റ് ചെയ്യുന്ന എന്റെ സഹോദരനോട് താൻ എത്ര പ്രാവശ്യം ക്ഷമിക്കണം എന്ന ചോദ്യത്തെ നാം മനസ്സിലാക്കേണ്ടത്. ഇടത്തെ കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടി കൊടുക്കുവാൻ നസ്രായൻ പറയുന്നുണ്ട്. എന്നിരുന്നാലും മൂന്നാമത്തെ തവണ ക്ഷമിക്കാൻ പറയുന്നില്ല എന്നൊക്കെ വാദിക്കാം. പക്ഷെ പത്രോസ് പാപ്പ കുറെക്കൂടി ഉദാരശീലനായി മൂന്നിൽ നിന്ന് ഏഴ് തവണ ക്ഷമിക്കാണൊ? എന്നാണ് ചോദിക്കുന്നത്. യഹൂദരെ സംബന്ധിച്ചടുത്തോളം ഏഴ് പൂർണ്ണതയുടെ അടയാളമാണ്. ഏഴ് തവണ ക്ഷമിച്ചതിന് ശേഷം എട്ടാമത്തെ തവണ തിരിച്ചടിച്ചോട്ടെ എന്നാണ് പത്രോസ് പാപ്പയുടെ പ്രസ്താവനയുടെ സാരം. എന്നാൽ നസ്രായൻ പറയുക ഏഴ് എന്നല്ല, ഏഴ് എഴുപത് പ്രാവശ്യം ക്ഷമിക്കാനാണ്. അതായത് പരിധികളില്ലാത്ത ക്ഷമിക്കുന്ന സ്നേഹത്തിലേക്ക് വളരാനാണ് നസ്രായൻ തന്റെ തോഴരോട് ആവശ്യപ്പെടുക.
തുടർന്ന് നസ്രായൻ രണ്ട് ഭൃത്യൻമാരുടെ കഥ നമ്മോട് പങ്ക് വയ്ക്കുന്നുണ്ട്. പതിനായിരം താലന്ത് കടം വാങ്ങിയ ഭൃത്യനോട് യജമാനൻ ഉടനടി തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ഭീഷണിപ്പെടുത്തുമ്പോൾ അയാളുടെ കണ്ണുനീരിലും, പരാധീനതകളിലും മനസ്സലിഞ്ഞ് അയാൾക്ക് കടം തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നൽകുക മാത്രമല്ല കടം ഇളച്ച് നൽകുക കൂടി ചെയ്യുന്നുണ്ട്. എത്രയോ വലിയ കരുണയാണ് ഈ ഭൃത്യൻ അനുഭവിക്കുക. എന്നാൽ തനിക്ക് കേവലം നൂറ് താലന്ത് കടം തരാനുള്ള സഹഭൃത്യനെ ഇയാൾ കണ്ട് മുട്ടുമ്പോൾ യാതൊരു കരുണയുമില്ലാതെ അയാളെ ശിക്ഷിക്കുകയും, കടം വീട്ടുവോളം അയാളെ കാരാഗൃഹത്തിലാക്കുകയുമാണ്. തനിക്ക് ലഭിച്ച കരുണ തിരികെ നൽകുന്നതിൽ, തന്റെ യജമാനനെപ്പോലെ കരണയുടെ മുഖമാവുന്നതിൽ ഈ ഭൃത്യൻ പരാജയപ്പെടുകയാണ്. ഈ ഭൃത്യനെത്തേടി യജമാനന്റെ ന്യായവിധി വന്നെത്തുകയാണ്. ലഭിച്ച കാരുണ്യം തിരികെ എടുക്കപ്പെടുകയും അയാളുടെ ശിഷ്ഠജീവിതം കാരാഗൃഹത്തിൽ അകപ്പെടുകയുമാണ്. ഈ ഭൃത്യന്റേത് പോലുള്ള സ്വഭാവ വിശേഷങ്ങൾ ഒരു പക്ഷെ നമ്മിലുമുണ്ടാവില്ലേ? നമ്മുടെ അബ്ബാ പരിധികളും, അളവുകളുമല്ലാതെ ക്ഷമിക്കുന്നത് കൊണ്ടല്ലേ നാം ഇന്ന് എന്താണൊ അതായിരിക്കുന്നത്. പക്ഷെ മറ്റുള്ളവരോട് ഹൃദയപൂർവം ക്ഷമിക്കാൻ നമുക്കാവുന്നുണ്ടൊ? ദൈവകരുണ ആവോളം നുകർന്നിട്ടും, കരുണയോടെ ക്ഷമിക്കാനാവാതെ, വൈരാഗ്യ ബുദ്ധിയോടെ നാം ചിന്തിച്ചതും പ്രവർത്തിച്ചതുമായ നിമിഷങ്ങൾ നമ്മുടെ ജീവിത വീഥിയിൽ ഉണ്ടായിട്ടില്ലേ? അളവുകളും പരിധികളുമില്ലാത്ത ദൈവകരുണയ്ക്ക് നന്ദി പറഞ്ഞ് നമ്മുടെ വിശ്വാസ യാത്ര തുടരാം… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…