ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ, Cycle B, മാർക്കോ. 10:35-45

മാർക്കോ. 10:35-45
മനുഷ്യ ബന്ധങ്ങൾ എക്കാലത്തും നിർവചിക്കപ്പെട്ടിട്ടുള്ളത് വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനമാനങ്ങൾക്കനുസരിച്ചാണ്. ആദിമ നൂറ്റാണ്ടിൽ അത് അടിമയും ഉടമയും തമ്മിലുള്ള ബന്ധമായിട്ടാണ് നിർവചിക്കപ്പെട്ടതെങ്കിൽ മദ്ധ്യ കാലഘട്ടത്തിൽ അത് കർഷകനും ജൻമിയും തമ്മിലുള്ള ബന്ധമായിട്ടായിരുന്നു. നമ്മുടെയൊക്കെ കാലഘട്ടത്തിൽ മുതലാളിയും തൊഴിലാളിയും എന്നിങ്ങനെയായിരുന്നു. മറ്റൊരു മനുഷ്യന്റെമേൽ അധികാരം സ്ഥാപിക്കാനുള്ള പ്രവണത മനുഷ്യ സഹജമാണെന്നാണ് ചിന്തകനായ നീത്ഷേ പറഞ്ഞിട്ടുള്ളത്. സമൂഹത്തെ രണ്ടായി വേർതിരിക്കുന്ന ഈ അധികാര ശ്രേണിയിൽ നിന്ന് പുറത്ത് വന്ന് അപരനെ സേവിക്കാനുള്ള ശിശ്രൂഷാ മനോഭാവത്തിലേക്ക് കടന്ന് വരാനുള്ള ക്ഷണമാണ് ക്രിസ്തീയത നാമുമായി പങ്ക് വയ്ക്കുന്നത്. നസ്രായന്റെ ഈ മഹത്തായ സന്ദേശത്തിന് സാക്ഷികളാകാൻ തെരെഞ്ഞെടുക്കപ്പെട്ടവളാണ് സഭ . പക്ഷെ കാലാന്തരത്തിൽ സഭയിലെ ബന്ധങ്ങൾപ്പോലും അധികാര ശ്രേണിയിലെ മുൻപനും പിൻപനും തമ്മിലുള്ള ബന്ധമായിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.
നസ്രായന്റെ സാന്നിദ്ധ്യത്തിൽപ്പോലും ഈ സ്ഥിതി വിശേഷം നിലനിന്നിരുന്നു. ശിഷ്യ സമൂഹത്തിലെ വലിയ പ്രശ്നങ്ങളിലൊന്ന് തങ്ങളിൽ വലിയവൻ ആരാണെന്ന് കണ്ട് പിടിക്കാനുള്ള അവരുടെ ശ്രമങ്ങളായിരുന്നു. ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ട് പോവുന്നത് അത്തരമൊരു മുഹൂർത്തത്തിലേക്കാണ്. സെബദി പുത്രൻമാർ നസ്രായന്റെ ഇടത്തും വലത്തുമിരിക്കാനുള്ള സ്ഥാനമാനങ്ങളാണ് ആവശ്യപ്പെടുന്നത്. അതായത് തങ്ങളിലൊരുവനെ ഒന്നാമനും, അപരനെ രണ്ടാമനുമാക്കുക. നസ്രായൻ പ്രഘോഷിച്ച ദൈവരാജ്യത്തെ റോമക്കാരെ കീഴടക്കി പുന: സ്ഥാപിക്കുന്ന പുതിയ ഇസ്രായാലായിട്ടാണ് അവർ മനസ്സിലാക്കിയതും, അവിടെ തങ്ങളുടെ സ്ഥാനമാനങ്ങൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതും. നമ്മുടെയൊക്കെ ജീവിതത്തിന്റെ സമസ്ത മേഘലകൾക്കും പുതുവീക്ഷണം നൽകുന്ന നാസായൻ ആരുടെയും അധികാരത്തെ എടുത്ത് മാറ്റുന്നില്ല. മറിച്ച് ഈ അധികാരത്തിന് പുതിയൊരു മാനം നൽകുകയാണ്. അധികാരമെന്നത് ഒരു വ്യക്തിയുടെ സ്വാർത്ഥതകളെ മറ്റൊരു വ്യക്തിയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളല്ല മറിച്ച് അധികാരത്തെ തന്റെ സഹോദരരെ നിസ്വാർത്ഥമായി സ്നേഹിക്കാനും സേവിക്കാനുമുള്ള പുതു പാഥേയമായാണ് നസ്രായൻ നമുക്ക് പകർന്ന് നൽകുന്നത്. ദൈവപുത്രനായിരുന്നിട്ട് കൂടി തന്റെ ദൗത്യത്തെ മാനവ വംശത്തെ ശിശ്രൂഷിക്കാനുള്ള ദൗത്യമായിട്ടാണ് നസ്രായൻ നിർവ്വഹിക്കുന്നത്.
ഈ മനോഭാവത്തിന്റെ നിറവാണ് അന്ത്യത്താഴ വേളയിൽ വിനയത്തിന്റെ മേലങ്കിയണിഞ്ഞ് തോഴരുടെ കാലുകൾ കഴുകുന്ന നസ്രായനിൽ നാം ദർശിക്കുന്നത്. പെസഹാ വ്യാഴാഴ്ച്ച വികാരി അച്ചൻ പൂർത്തിയാക്കേണ്ട ഒരാചാരമായി മാറേണ്ട ഒന്നല്ല ഈ കാൽകഴുകൽ ശിശ്രൂഷ മറിച്ച് നാം ഓരോരുത്തരും അനുദിനം ജീവിക്കേണ്ട ആത്മീയതയാണിത്. വൈദികരും സന്യസ്തരും തങ്ങളുടെ അജഗണത്തോടും, സഹോദരരോടും വിനയത്തിന്റെ മേലങ്കിയണിഞ്ഞ് നസ്രായനെപ്പോലെ ശിശ്രുഷിക്കുന്നവരാകണം. അത്പോലെ നസ്രായന്റെ അനുഗാമികളായ നാം ഓരോരുത്തരും നമ്മുടെ കുടുംബംങ്ങളിലും കർമ്മ മേഖലകളിലുമൊക്കെ നസ്രായന്റെ ഈ ശിശ്രൂഷാ മനോഭാവം ജീവിക്കുമ്പോൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ ദൈവരാജ്യം നമ്മുടെ ഇടയിൽ ആഴപ്പെടുകയാണ്. നസ്രായന്റെ ശിശ്രൂഷയുടെ മേലങ്കിയണിയുവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…