ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ, Cycle C, ലുക്കാ. 21: 5-19

ലുക്കാ. 21: 5-19
ക്രിസ്തീയതയുടെ വേരുകളിലേക്കുള്ള യാത്ര നമ്മോട് പങ്കുവെയ്ക്കുന്നത് നസ്രായനു വേണ്ടി ചോരചിന്തി വിശ്വാസത്തിൻറ്റെ ദീപനാളം കെടാതെ കൈമാറിയ ഒരുപാടുപേരുടെ ജീവിത സാക്ഷ്യങ്ങളാണ്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിലും നസ്രായനെ തള്ളിക്കളയാതെ ചോരചിന്തി അവന് സാക്ഷികളാകാനുള്ള ചങ്കുറപ്പ് എങ്ങിനെയാണ് ഇവർക്ക് ലഭിച്ചിട്ടുണ്ടാവുക? ഉത്തരം നമുക്കൊക്കെ വ്യക്തമാണ് – പരിശുദ്ദത്മാവ്…
യേശുവിന് വേണ്ടി നിലകൊള്ളാൻ എന്നെയും നിങ്ങളെയുമൊക്കെ ധൈര്യപ്പെടുത്തുന്നത് ആത്മാവല്ലാതെ മറ്റാരുമല്ല… തീർച്ചയായും നമ്മൊളൊക്കെ മനസ്സിരുത്തി വായിക്കേണ്ട പുസ്തകം അപ്പോസ്തലന്മാരുടെ നടപടിയാണ്… ഈ പുസ്തകത്തിലെ ഓരോ ഇതളുകളും നമ്മോട് പറഞ്ഞുവെയ്ക്കുന്നതു ശിഷ്യന്മാരുടെ ജീവിതത്തിലുണ്ടായ ആത്മാവിൻറ്റെ ഇടപെടലുകളെകുറിച്ചാണ്… നസ്രായനെ മൂന്ന് തവണ തള്ളിപ്പറഞ്ഞ, അവൻറ്റെ മരണത്തിന് ശേഷം തൻറ്റെ കുലത്തൊഴിലിലേക്ക് തിരിച്ചുപോയ, ദുർബലനായ പത്രോസ് അവനെ കുരിശുമരണത്തിന് വിധിച്ചവരുടെ മുന്നിൽ നെഞ്ചുവിരിച്ചു അവൻറ്റെ സുവിശേഷം സധൈര്യം പ്രസംഗിക്കുന്നുണ്ട്… ദുർബലനായ പത്രോസിൻറ്റെ ഈ മാറ്റത്തെ നാം എങ്ങിനെയാണ് മനസ്സിലാക്കുക?
ഉത്ഥിതനായ ക്രിസ്തു നമ്മോടൊപ്പമുണ്ടെന്നും, തങ്ങളിലൂടെ സംസാരിക്കുന്നതും, പ്രവർത്തിക്കുന്നതുമൊക്കെ അവനാണെന്നുള്ള ആഴമേറിയ ബോദ്ധ്യം തന്നെയാവണം മരണത്തിനുമുന്നിൽ പോലും ഇമചിമ്മാതെ കണ്ണുകളിൽ നസ്രായനെ പ്രതിഫലിപ്പിച്ചു അവനുവേണ്ടി നിലകൊള്ളാനുള്ള സ്ഥൈര്യം ഇവർക്ക് നൽകിയത്… പ്രിയപ്പെട്ട സുഹൃത്തെ നസ്രായനുവേണ്ടി നിലകൊള്ളാൻ കഴിയുംവിധം നമ്മുടെ ആത്മീയത രൂപാന്തരപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ…