നസ്രായനായ് നമ്മുടെ ഹൃദയ അൾത്താരയിലേക്ക് വഴിയൊരുക്കാനുള്ള ഈ ദിനങ്ങളിൽ വചനം നമ്മോട് ധ്യാനിക്കാൻ ആവശ്യപ്പെടുക നസ്രായന്റെ ആദ്യ വരവിനായ് ഇസ്രായേൽ ജനത്തെ ഒരുക്കിയ സ്നാപകന്റെ ജീവിതവും വാക്കുകളുമാണ്. ലേവായർക്കും, പുരോഹിതർക്കും, മതനേതാക്കൾക്കും അറിയേണ്ടത് ഒന്ന് മാത്രമായിരുന്നു ‘സ്നാപകൻ ആരാണ്?’ സ്നാപകന്റെ പ്രഘോഷണവും, തീക്ഷണതയും, ജീവിതരീതിയുമെല്ലാം ഈ മതനേതാക്കളുടെ ജീവിതരീതിക്കും, പ്രഘോഷണങ്ങൾക്കുമൊക്ക വെല്ലുവിളിയായിരുന്നു. ‘ഞാൻ ക്രിസ്തുവല്ല’ എന്ന് സ്നാപകൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. തുടർന്ന് അവർ ചോദിക്കുന്നുണ്ട് അങ്ങനെയെങ്കിൽ നീ പ്രവാചകനാണൊ? പ്രവാചകനുമല്ല എന്നായിരുന്നു സ്നാപകന്റെ മറുപടി. തുടർന്ന് സ്നാപകൻ തന്നെത്തന്നെ പരിചയപ്പെടുത്തുക ഏശയ്യാ പ്രവാചകൻ തന്നെക്കുറിച്ച് അരുൾ ചെയ്തിട്ടുള്ള പ്രവചനം ഓർമ്മിപിച്ചുകൊണ്ടാണ്: ‘കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്ന മരുഭൂമിയിൽ വിളിച്ച് പറയുന്നവന്റെ ശബ്ദമാണ് താൻ.’
സ്നാപകന്റെ ഈ വാക്കുകൾ തന്നെയാണ് അയാളുടെ ശ്രേഷ്ഠതയെ വിളിച്ചോതുന്നതും.
താൻ ദൈവത്താൽ തെരെഞ്ഞെടുക്കപ്പെട്ട്, അയക്കപ്പെട്ട പ്രവാചകനാണെന്ന് സ്നാപകനും ജനങ്ങൾക്കും വ്യക്തമായി അറിയാമായിരുന്നു. അധികാരത്തിനോടൊ, സ്ഥാനമാനങ്ങളോടൊ അയാൾക്ക് യാതൊരു ആസക്തിയുമുണ്ടായിരുന്നില്ല. കർത്താവിന്റെ വഴികൾ നേരെയാക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ച് പറയുന്നവന്റെ ശബ്ദം മാത്രമായി അയാൾ സ്വയം ചെറുതാവുകയാണ്. താൻ വഴിയൊരുക്കുന്നത് ആർക്ക് വേണ്ടിയാണൊ, വരാനിരിക്കുന്ന ആ രക്ഷകനാണ് തന്റെ ജീവിതത്തിലും, മറ്റുള്ളവരുടെ ജീവിതത്തിലും പ്രഥമ സ്ഥാനമുണ്ടാവേണ്ടത് എന്ന ഉറച്ച ബോധ്യം സ്നാപകനുണ്ടായിരുന്നു. ‘അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും താൻ യോഗ്യനല്ല. അവൻ വളരുകയും ഞാൻ കുറയുകയും വേണം’ എന്നീ വാക്കുകൾ സ്നാപകന്റെ ആത്മീയതയുടെ ശ്രേഷ്ഠതയും, ആഴവുമാണ് നമുക്ക് വെളിവാക്കുക. ആത്മീയ ഗുരുക്കൻമാരൊക്കെ നേരിടുന്ന വെല്ലുവിളികളിലൊന്ന് അറിഞ്ഞൊ, അറിയാതെയൊ അവരിൽ നിറയുന്ന ‘ ഞാനെന്ന ഭാവമാണ് – എന്റെ പേര്, പ്രശസ്തി, മറ്റുള്ളവർ എനിക്ക് നൽകേണ്ടതായ ബഹുമാനം, സ്നേഹം… അങ്ങനെയുള്ള ആഗഹങ്ങൾ… തന്റെ സ്വയം ശൂന്യവത്ക്കരണത്തിലൂടെ നമ്മെ നോക്കി സ്നാപകൻ പുഞ്ചിരിക്കുന്നുണ്ട്, നമ്മെ വെല്ലുവിളിക്കുന്നുമുണ്ട്.
നസ്രായനെ ലോകത്തിന് മുന്നിൽ ചൂണ്ടികാട്ടി, അവൻ രംഗ പ്രവേശം ചെയ്യുമ്പോൾ സ്നാപകൻ യവനികയിലേക്ക് മറയുകയാണ്. ഹെറൊദേസിന്റെ കൊള്ളരുതായമകളെ പരസ്യമായി ചോദ്യം ചെയ്യുന്ന സ്നാപകൻ ആർക്ക് വേണ്ടിയാണൊ താൻ നിലകൊണ്ടത്, ആ സത്യത്തിന്റെ സാക്ഷിയായി തടവറയിൽ പൊലിയുകയാണ്. ഇയാളെക്കുറിച്ച് നസ്രായൻ നൽകുന്ന സാക്ഷ്യം സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല എന്നാണ്. കർത്താവിന് വഴിയൊരുക്കാൻ വന്ന അയാൾ തന്നെയാണ് നസ്രായന് വേണ്ടി ഏറ്റവും നല്ല വഴി തന്റെ ഹൃദയ അൾത്താരയിലേക്കൊരുതിയത്. നാമൊക്കെ പലപ്പോഴും മാനസാന്തരം പ്രഘോഷിച്ച് നമ്മുടെ തന്നെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കാനും, ഒരുങ്ങാനും, മറക്കുന്നവരാണല്ലൊ… ഈ ആഗമനകാലം സ്നാപകനെപ്പോലെ നമ്മിലേക്ക് തന്നെ നോക്കാൻ… നമ്മടെ ഹൃദയ അൾത്താരയിലേക്ക് നസ്രായനായ് വഴിയൊരുക്കാൻ… നസ്രായനായ് വഴിയൊരുക്കാൻ മറ്റുളളവരെ പ്രചോദിപ്പിക്കുന്ന ശബ്ദമാവാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൽ ചാരെ…