നോയമ്പ് കാലത്തിലെ ആദ്യ ഞായർ നമ്മെ ക്ഷണിക്കുന്നത് നസ്രായൻ്റെ മരുഭൂമിയിലെ നാൽപത് ദിനരാത്രങ്ങളെ ധ്യാനിക്കാനാണ്. തൻ്റെ പരസ്യജീവിതത്തിന് മുന്നോടിയായിയുള്ള ഒരുക്കത്തിൻ്റെ ഭാഗമായിരുന്നു മരുഭൂമിയിലെ ഈ പ്രാർത്ഥനാ ദിനങ്ങളും ഉപവാസവും. ലോകത്തിൽ നിന്ന് മാറി നിന്ന് കൊണ്ട് പ്രാർത്ഥനയിലൂടെ അബ്ബായുമായി കൂടുതൽ സംവദിക്കാനും അങ്ങനെ തൻ്റെ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തത ലഭിക്കാനുമാണ് നസ്രായൻ ഈ അനുഭവത്തിലേക്ക് കടന്ന് വരുക.
ലോകത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും, നസ്രായൻ ആയിരിക്കുന്നിടത്ത് ലോകത്തെ സൃഷ്ടിക്കാനാണ് സാത്താൻ പരിശ്രമിക്കുക… മാർക്കോസിൻ്റെ സുവിശേഷത്തിൽ സാത്താൻ നൽകുന്ന പ്രലോഭനങ്ങളെ വിശദീകരിക്കുന്നില്ല. എന്നാൽ മത്തായിയുടെയും, ലൂക്കായുടെയും സുവിശേഷത്തിൽ നിന്ന് പ്രലോഭനങ്ങളുടെ സ്വഭാവമെന്താണെന്ന് നാം മനസ്സിലാക്കുന്നുണ്ട്… നാൽപത് ദിവസത്തിനൊടുവിൽ കല്ലുകളെ അപ്പമാക്കാനാണ് അദ്യത്തെ പ്രലോഭനം… വിശപ്പുമായിട്ട് ബന്ധപ്പെട്ടായിരുന്നു ആദത്തിൻ്റെയും, ഹവ്വായുടെയും പ്രലോഭനവും, ഇസ്രായേൽ ജനത്തിന് മരുഭൂമി യാത്രയിൽ നേരിടേണ്ടി വരുന്ന പ്രലോഭനവും ഇതിന് സമാനം തന്നെ… എല്ലാവരും വിശപ്പിൻ്റെ മുറവിളിക്ക് മുന്നിൽ പരാജയപ്പെടുമ്പോൾ, കല്ലുകളെ തനിക്ക് വേണ്ടി അപ്പമാക്കാതെ, വചനം നൽകുന്ന ആത്മീയ ശക്തിയെ മുറുകെ പിടിച്ച് നസ്രായൻ സാത്താനെ ചെറുത്ത് തോൽപ്പിക്കുകയാണ്… അപ്പമല്ല ശരീരത്തിന് ജീവൻ നൽകുന്നത് മറിച്ച് ദൈവവചനമാണ്…
രണ്ടാമതായി ജെറുസലേം ദേവാലയത്തിൽ നിന്ന് ചാടി, എല്ലാവരുടെയും ശ്രദ്ധയും, അംഗീകാരവും നേടാന്നുള്ള ശ്രമം. കൗശലപൂർവ്വം 91-ാം സങ്കീർത്തനം ഉരുവിട്ട് കർത്താവിൻ്റെ ദൂതൻ കൂടെ ഉണ്ടാകുമെന്ന ഗ്യാരൻ്റിയും സാത്താൻ നൽകുന്നുണ്ട്. നസ്രായന് തൻ്റെ അബ്ബായെ പരീഷിക്കേണ്ട ആവശ്യമില്ല… നിത്യതയിലെ അബ്ബായോടൊപ്പമായിരിക്കുന്ന പുത്രന് ജെറുസലം ദേവാലയത്തിൻ്റെ മുകളിൽ നിന്ന് ചാടി താൻ കേമനാണെന്ന് തെളിയിക്കേണ്ട കാര്യവുമില്ല. ആദവും ഹവ്വായും ദൈവത്തെ പോലെയാവാൻ വിലക്കപ്പെട്ട കനി ഭക്ഷിച്ച് ദൈവത്തെ പരീക്ഷിക്കുകയാണ്. മരുഭുമി യാത്രയിൽ പല തവണ ദൈവത്തിനെതിരെ പിറുപിറുത്ത് ഇസ്രായേൽ ജനം ദൈവത്തെ പരീക്ഷിക്കുന്നുണ്ട്. ‘നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്,’ എന്ന വചനഞ്ഞെ ഓർമിപ്പിച്ച് നസ്രായൻ സാത്താനെതിരെ പ്രതിരോധം ശക്തമാക്കുകയാണ്.
മൂന്നാമതായി സമസ്ത രാജ്യങ്ങളും, അതിൻ്റെ പ്രതാപവും നൊടിയിടയിൽ കാണിച്ചു കൊണ്ട്, തന്നെ ആരാധിച്ചാൽ ഇതെല്ലാം തരാമെന്ന ആകർഷകമായ പ്രലോഭനം. തനിക്ക് മഹത്വം നൽകുന്നതും, തന്നെ മഹത്വപ്പെടുത്തുന്നതും തൻ്റെ അബ്ബാ യാണെന്ന് നസ്രായനറിയം. ആ മഹത്വത്തിലേക്കുള്ള വഴി കാൽവരിയുടേതാണ്… കുരിശിൽ താൻ ഉയർത്തപ്പെടുമ്പോഴാണ് താൻ പിതാവിനെ മഹത്വപ്പെടുത്തുന്നതും, മൂന്ന് ദിനങ്ങൾക്കുമപ്പുറം ഉത്ഥാനം വഴി പിതാവ് തന്നെ മഹത്വപ്പെടുത്തുന്നതും. അങ്ങനെ ആരാധനയും മഹത്വവും തൻ്റെ അബ്ബായക്ക് മാത്രമാണ്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് അരുൾ ചെയ്ത് സാത്താൻ്റെ പരീക്ഷഞങ്ങൾക്ക് നസ്രായൻ പൂർണ്ണ വിരാമമിട്ടുകയാണ്.. ഏദൻ തോട്ടത്തിൽ ആദത്തിനും ഹവ്വായ്ക്കും എല്ലാറ്റിനുപരിയായി ദൈവത്തെ ആരാധിക്കുന്നതിൽ പരാജയം സംഭവിക്കുന്നുണ്ട്. സീനായ മലയുടെ താഴ്‌വരയിൽ സ്വർണ്ണമുരുക്കി കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുന്ന ഇസ്രായേൽ ജനവും അതിദാരുണമായി പരാജയപ്പെടുകയാണ്. എന്നാൽ ഈ വീഴ്ചകളിലൂടെ ദുർബലമാക്കപ്പെട്ട നമ്മുടെ മനുഷ്യ പ്രകൃതി നസ്രായനിലൂടെ പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നേടുകയാണ്… നസ്രായനോട് ചേർന്ന് നിന്ന് പ്രലോഭനങ്ങളെ പ്രതിരോധിക്കാനാവട്ടെ എന്ന പ്രാർത്ഥതയോടെ… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…