മാർക്കോ.6. 30-34
ജൂലൈ 5, 2021 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ്. അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക നീതിക്ക് വേണ്ടി സ്റ്റാനച്ചൻ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമ്മ ദിനമായിട്ടായിരിക്കണം ഈ ദിനം ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടത്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായ വയോധികനായ ഈ വൈദികനെ, ചെയ്യാത്ത കുറ്റം ചുമത്തി, ക്രിത്രിമമായ തെളിവുകൾ ഉണ്ടാക്കി ഇരിമ്പഴിക്കുള്ളിൽ അടച്ചത്, ബോധപൂർവ്വം മരണത്തിന്റെ കയത്തിലേക്കുള്ള എറിഞ്ഞു കൊടുക്കലായിരുന്നില്ലേ ? നമ്മുടെ ജയിലുകളിൽ കൊടുംകുറ്റവാളികൾ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി സുഭിക്ഷമായ ജീവിതം നയിക്കുമ്പോൾ, പാർക്കിസൺ രോഗബാധിതനായ അദ്ദ്ദേഹത്തിന് അതിജീവനത്തിന് അനിവാര്യമായ സ്ട്രോയും സിപ്പറും നിഷേധിക്കപ്പെട്ടത് എന്ത്കൊണ്ട്? ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം അലട്ടിയിട്ടും മികച്ച വൈദിക പരിചരണം അദ്ദ്ദേഹത്തിന് നിഷേധിക്കപ്പെട്ടതിന് എന്ത് ന്യായികരണമാണ് നൽകാനുള്ളത്? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ അദ്ദേഹത്തെ തുറങ്കിലടച്ച ആർക്കും കഴിയില്ലെന്ന വ്യക്തമായ ബോധ്യമുണ്ട്… പക്ഷെ
ഇത്തരമൊരു നീതി നിഷേധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്തന്നതിന് വ്യക്തമായ ഉത്തരമുണ്ട്. അടിച്ചമർത്തപ്പെട്ടവനോടും നീതി നിഷേധിക്കപ്പെട്ടനോടും അദ്ദ്ദേഹത്തിന് തോന്നിയ അനുകമ്പ… ഉവ്വ്, തീർച്ചയായും നസ്രായന്റെ ഗന്ധം പരക്കുന്നുണ്ട്.
അനുകമ്പ നിറഞ്ഞ നസ്രായന്റെ ഹൃദയമാണ് ഇന്നത്തെ സുവിശേഷം നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. തങ്ങളുടെ ദൗത്യത്തിന് ശേഷം തിരികെയെത്തുന്ന ശിഷ്യഗണത്തെയും, തിരക്കേറിയ ദിനത്തിനൊടുവിൽ അൽപം വിശ്രമിക്കാനും, ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിച്ച് ശാന്തമായ ഒരിടം തേടിയിറങ്ങുന്ന നസ്രായനെയും കാത്തിരുന്നത് വലിയ ജനസഞ്ചയമായിരുന്നു. സാധരണ ഗതിയിൽ നാമെല്ലാവരും തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ജനസഞ്ചയത്തിന്റെ കണ്ണ് വെട്ടിച്ച് നമ്മുടേതായ വ്യക്തിപരമായ സമയം കണ്ടെത്താനായിരിക്കും ശ്രമിക്കുന്നത്. എന്നാൽ നസ്രായനാവട്ടെ തന്നെത്തന്നെ മറന്ന്, ഇടയനില്ലാത്ത അജണത്തിന്റെ നൊമ്പരം തൊട്ടറിഞ്ഞ് അവർക്ക് പ്രതീക്ഷയുടെ സാന്ത്വനമാവുകയാണ്.
നസ്രായന് ജനത്തോട് തോന്നിയ അനുകമ്പ കേവലമൊരു സഹാനുഭൂതിയായിരുന്നില്ല. മറിച്ച്, അവരുടെ നൊമ്പരങ്ങളെയും, ദുഃഖങ്ങളെയും തന്റെതാക്കി മാറ്റി അതിൽ പങ്ക് ചേരുന്ന ആർദ്രതയായിരുന്നു അവന്റെ മുദ്ര. നിത്യതയുടെ മഹത്വത്തിൽ നിന്ന് സർവ്വവും ഉപേക്ഷിച്ച് നമ്മിൽ ഒരുവനായ് അവൻ ജീവിച്ചത് നമ്മോടുള്ള അനുകമ്പയെ പ്രതിയാണ്. നാനാവിധത്തിലുള്ള പ്രതിസന്ധി കളിലൂടെ കടന്ന് പോവുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഇടയ ഹൃദയത്തിന്റെ തണൽ നൽകണമെങ്കിൽ നസ്രായന്റേതു പോലുള്ള അനുകമ്പ നിറഞ്ഞ ഹൃദയം നമ്മിലും രൂപപ്പെടേണ്ടിയിരിക്കുന്നു. സ്റ്റാനച്ചനിൽ മാംസം ധരിച്ച അനുക മ്പാർദ്രമായ ഹൃദയം നമ്മിലും രൂപപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ…