ലൂക്കാ. 24: 35-48
ക്രിസ്തീയത ദർശിച്ച ഏറ്റവും വലിയ വിശുദ്ധനും ധൂർത്തപുത്രനും ആ മനുഷ്യനാണ്. വിശുദ്ധന്മാരിൽ വച്ച് ഏറ്റവും വലിയ പണ്ഡിതനും, പണ്ഡിതന്മാരിൽ വച്ച് ഏറ്റവും വലിയ വിശുദ്ധനും… മാർപ്പമാരൊക്കെ അപ്പൊസ്‌തലിക പ്രബോധങ്ങളെഴുതുമ്പോഴൊക്കെ അയാളുടെ ചിന്തകൾ രേഖപ്പെടുത്താതെയോ, അയാളെ അനുസ്മരിക്കാതെയൊ ഇരിക്കാൻ സാദ്ധ്യമല്ല. പറഞ്ഞുവരുന്നത് വിശുദ്ധിയുടെ കൊടുമുടികൾ കീഴടക്കിയ ബലഹീനതകളുടെ തോഴനായ അഗസ്റ്റിനെകുറിച്ചാണ്. ചിലപ്പോഴെങ്കിലുമൊക്കെ സ്വയം ചോദിച്ചിട്ടുള്ള ചോദ്യമാണ് എന്തുകൊണ്ട് അങ്ങനെയൊരു ഭൂതകാലം അദ്ദേഹത്തിനുണ്ടായി? എനിക്ക് തോന്നുന്നു ആ ഭൂതകാലമാണ് അഗസ്റ്റിനെ ഇത്രയും വലിയ വിശുദ്ധനും പണ്ഡിതനുമൊക്കെയാക്കി മാറ്റിയത്.ആ ഭൂതകാല അനുഭവങ്ങൾ അഗസ്സ്റ്റിനെ നയിച്ചത് ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്കാണ്. പാപപങ്കിലമായ ഈ അനുഭവങ്ങളിലാണ് തന്നെ പൊതിഞ്ഞുനിൽക്കുന്ന ദൈവസനേഹത്തിന്റെ തീവ്രതയും അഗസ്റ്റിൻ തിരിച്ചറിയുന്നത്. പിന്നീട് അഗസ്റ്റിൻ പറയുന്നുണ്ട്: ” ഞാൻ എന്തായിരുന്നവൊ അത് ദൈവം എനിക്ക് നൽകിയ സമ്മാനം, ഞാൻ എന്തായി തീരുന്നുവോ അത് ദൈവത്തിനുള്ള എൻറെ സമ്മാനം…”
പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ അനുഭവങ്ങളിലും നസ്രായന്റെ കരങ്ങളുണ്ട്. ഈ അനുഭവങ്ങളിലൂടെയാണ് അവൻ നമ്മെ രൂപപ്പെടുത്തുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ഉത്ഥിതനായ നസ്രായനിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുന്ന ശിഷ്യഗണത്തെയാണ് നാം കണ്ടുമുട്ടുന്നത്. അവർക്ക് മുന്നിൽ തന്റെ തന്നെ സത്വത്തെ അനുഭവിക്കാൻ അവൻ അനുവദിക്കുകയാണ്.കുരിശുമരണത്തിന്റെ ഓർമ്മകൾ പേറുന്ന മുറിപ്പാടുകൾ അനുഭവിക്കാനായി അവരെ ക്ഷണിക്കുകയാണ്. അതോടൊപ്പം എന്തെങ്കിലും ഭക്ഷിക്കാനുണ്ടോ എന്ന നിഷ്ക്കളങ്കമായ ചോദ്യം? ഉത്ഥിതനായവന് ശാരീരിക ആവശ്യങ്ങളുടെ ബന്ധങ്ങളില്ല എന്നിട്ടും താൻ കേവലമൊരു ആത്മാവല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള നസ്രായന്റെ ശ്രമമാണത്. ഉത്ഥിതനായ നസ്രായനെക്കുറിച്ചുള്ള ആഴമേറിയ ബോധ്യത്തിൽ രൂപപ്പെടുന്ന ഈ ശിഷ്യഗണം പിന്നെ പുതുസൃഷ്ടിയാണ്. ചാട്ടവാറുകൾക്കും, കൊടിയ പീഡനങ്ങൾക്കും, മരണത്തിനുപോലും അവനെ പിന്തിരിപ്പിക്കാനാവുന്നില്ല. അവന്റെ സുവിശേഷം ഹൃദയത്തിൽ പേറി, സ്നേഹത്തിന്റെ നീർച്ചാലായി ലോകത്തിന്റെ അതിർത്തികളിലേക്ക് അവൻ ഒഴുകുകയാണ്…ഇനി അവന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികളിലേക്ക് ഒഴുകേണ്ടത് നമ്മുടെ സാക്ഷ്യത്തിലൂടെയാണ്. ഉത്ഥിതനായ നസ്രായനെ അനുഭവിക്കാനും, അവന്റെ സുവിശേഷത്തിന് സാക്ഷ്യമാവാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ …നസ്രായന്റെ ചാരെ…