മത്തായി 9:36-10:8
തന്റെ അടുത്തേക്ക് വരുന്ന ജനക്കൂടത്തെ കണ്ട് അവരോട് അനുകമ്പ തോന്നുന്ന നസ്രായനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത്. നസ്രായന് അവരോട് അനുകമ്പ തോന്നുന്നതിന് കാരണമായി സുവിശേഷം പങ്ക് വയ്ക്കുക അവർ ഇടയിനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. തുടർന്ന് തന്റെ ശിഷ്യഗണത്തോട് ഇപ്രകാരം പറയുന്നുണ്ട്: “വിളവധികം വേലക്കാരൊ ചുരുക്കം അതിനാൽ വിളവിന്റെ നാഥനോട് കൊയ്ത്തിന് വേലക്കാരെ അയക്കാൻ പ്രാർത്ഥിക്കുവിൻ.” പൗരോഹിത്യ സന്യസ്ത ജീവിതത്തിലേക്കുള്ള ദൈവവിളികൾ ഗണ്യമായി കുറയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോലുന്നത്. പക്ഷെ തുടക്കം മുതലെ വിളവ് കൊയ്യാൻ വേലക്കാർ ചുരുക്കമാണെന്ന് നസ്രായൻ പറയുന്നത് എന്തു കൊണ്ടാവാം? അന്നത്തെ പാലസ്തീൻ സമൂഹത്തിലെ ഫരിസേയരും നിയമജ്ഞരുമൊക്കെ ഈ വിളവ് കൊയ്യേണ്ട വേലക്കാർ തന്നെയായിരുന്നു. അവരൊക്കെയും ഏത് വിധേനയും നേതാക്കൻമാർ ആവാനാണ് ശ്രമിച്ച് കൊണ്ടിരുന്നത്. അജഗണത്തിന് വേണ്ടി ജീവിക്കാൻ വെമ്പലുകൊള്ളുന്ന ഇടയ ഹൃദയം അവരിലുണ്ടായിരുന്നില്ല. തന്നെപ്പോലെ തന്റെ ജനത്തെ കാണുമ്പോൾ അനുകമ്പ തുടിക്കുന്ന ഹൃദയമുള്ളവരാകാനിട്ടാണ് തന്റെ ശിഷ്യരിൽ നിന്ന് പന്ത്രണ്ട് പേരെ അപ്പോസ്തലൻമാരായി നസ്രായൻ തെരെഞ്ഞെടുക്കുക. അനുകമ്പാർദ്രമായ ഇടയഹൃദയമാവണം അവരുടെ മുഖമുദ്ര. അനുകമ്പാർദ്രമായ ഇടയഹൃദയമെന്നത് അജഗണത്തെ കാണുമ്പോൾ സഹതാപം നിറയുന്ന ഒന്നല്ല മറിച്ച് അജഗണത്തിന്റെ ജീവിത സാഹചര്യങ്ങളിലേക്കിറങ്ങി അവരുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്ക്ചേരാനുള്ള ഹൃദയ വിശാലതയാണ്.
ജനകൂട്ടത്തിൽ നിന്ന് ശിഷ്യൻമാരെയും, ശിഷ്യൻമാരിൽ നിന്ന് അപ്പോസ്തലൻമാരെയും തെരെഞ്ഞെടുക്കുക അല്ലെങ്കിൽ അവരെ വേർതിരിക്കുന്നത് ഈ പ്രത്യേകമായ നിയോഗ വീഥിയിലേക്ക് വളരാൻ വേണ്ടി തന്നെയാണ്. ഈ ഇടയ ശിശ്രൂഷയെ മാനുഷികമായ തലത്തിൽ നിന്ന് ദൈവികമായ തലത്തിലേക്ക് നസ്രായൻ ഉയർത്തുന്നത് തന്നിൽ നിക്ഷിപ്തമായിട്ടുള്ള ദൈവികമായ അധികാരം ബലഹീനരും ദുർബലരുമായ ഈ പച്ചമനുഷ്യരുമായി പങ്കുവയ്ച്ചുകൊണ്ടാണ്. രോഗികളെ സുഖപ്പെടുത്താനും, അശുദ്ധാത്മാക്കളെ പുറത്താക്കാനുമുള അധികാരം ഈ തെരെഞ്ഞെടുക്കട്ട മനുഷ്യർക്ക് നസ്രായൻ നൽകുന്നുണ്ട്. അങ്ങനെ ഈ കൃപകൾ വഴി കേവലം ഭൗതികമായ നേതൃത്വമല്ല മറിച്ച് ആത്മീയമായ പരിപാലനയും അങ്ങനെ തങ്ങളുടെ അജഗണത്തിന്റെ പരിപൂർണ്ണമായ വിമോചനത്തിലൂടെ പ്രശാന്തമായ പുൽത്തകിടിയിലേക്ക്, ജീവന്റെ നിറവിലേക്ക് നയിക്കുകയാണ് ക്രിസ്തു വിഭാവനം ചെയ്ത ഈ പുതിയ ഇടയൻമാരുടെ മുഖമുദ്ര. ഈ ഇടയൻമാർ മാർപ്പാപ്പയും, മെത്രാൻമാരും, വൈദികരും, സന്യസ്തരും മാത്രമാണെന്ന് വിചാരിക്കരുത്. നാമെല്ലാവരും നസ്രായന്റെ ശിഷ്യഗണത്തിന്റെ ഭാഗമാണ്. ഏത് ജീവിതാന്തസാണെങ്കിലും ആയിരികുന്നിടങ്ങളിൽ അനുകമ്പാർദ്രമായ ഇടയ ഹൃദയത്തോടെ അജഗണത്തിനൊപ്പം ജീവിക്കാൻ നമുക്കാവണം. അവർ നേരിട്ടുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിതരാവാൻ അവരെ സഹായിക്കുന്ന ഇടയൻമാരായി അവരെ നമ്മുടെ ഇടയ ഹൃദയത്തോട് ചേർക്കാനാവണം. നസ്രായന്റെ ഇടയ ഹൃദയത്തിലേക്ക് വളരാൻ എനിക്കും നിങ്ങൾക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…