മത്താ. 22:15-21
ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാവരും നസ്രായൻറ്റെ രാജീകീയ-പുരോഹിത-പ്രവാചക ദൗത്യങ്ങളിൽ പങ്ക് ചേരുന്നുണ്ട്… ഈ മൂന്ന് ദൗത്യങ്ങളിൽ ഏറ്റവും ദുഷ്ക്കരമായതും എന്നാൽ ഇന്നിൻറ്റെ ആവശ്യമായി നിലകൊള്ളുന്നതും പ്രവാചക ദൗത്യമാണ്… പകൽ മേഘസ്തംഭമായും രാത്രിയിൽ അഗ്നിഗോളമായുമൊക്കെ ഇസ്രായേൽ ജനത്തോടൊപ്പം സഞ്ചരിക്കുന്ന ദൈവ്വം, തൻറ്റെ സാന്നിധ്യം വിളിച്ചോതാനയും, തൻറ്റെ ശബ്ധമായി അവരുടെ ഇടയിൽ ജീവിക്കാനുമൊക്കെയായി തെരെഞ്ഞെടുത്ത ജന്മങ്ങളാണ് ഓരോ പ്രവാചകനും… ദൈവസ്നേഹത്തിൻറ്റെ ആഴവും, കരുതലും, സാന്ത്വനവും, സാമീപ്യവും, അതോടൊപ്പം വഴിതെറ്റുന്ന ഇസ്രായേലിന് ശാസനയുടെയും തിരുത്തലിൻറ്റെയുമൊക്കെയും, സർവോപരി വരാനിരിക്കുന്ന രക്ഷകനെകുറിച്ചുള്ള പ്രതീക്ഷകൾകൊണ്ട് അവരുടെ ജീവിതം നിറയ്ക്കുന്നതുമൊക്കെ ഈ പ്രവാചക ജന്മങ്ങളാണ്…
ഇന്നത്തെ സുവിശേഷത്തിൽ സീസറിന് നികുതികൊടുക്കുന്നത് ശരിയാണൊ എന്ന് ചോദിച്ചു തന്നെ പരീക്ഷിക്കുന്നവരോട് നസ്രായൻ പറയുന്നത് സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നതാണ്… നമ്മെ നയിക്കുന്ന നേതാക്കന്മാർക്ക് അർഹമായ ബഹുമാനവും അംഗീകാരവുമൊക്കെ നൽകുകുക തന്നെ വേണം. പക്ഷെ നയിക്കേണ്ടവർ തന്നെ അഴിമതിക്കും മനുഷ്യവകാശലംഘനങ്ങൾക്കുമൊക്കെ ചുക്കാൻ പിടിച്ചാലോ? ഫരിസേയരെയും, നിയമജ്‌രയുമൊക്കെ നസ്രായൻ വിളിച്ചത് ‘വത്സലമക്കളെ’ എന്നായിരുന്നില്ല മറിച്ചു അണലിസന്തതികളെ എന്നായിരുന്നില്ലേ…ഹേറോദേസ് രാജാവിൻറ്റെ ചെയ്തികൾ കണ്ട് അവനെ നസ്രായൻ വിളിക്കുന്നത് കുറുക്കനെന്നാണ്… കുറ്റവാളിയായി തൻറ്റെ മുന്നിൽ നിൽക്കുന്ന നസ്രായനോട് സത്യമെന്താണെന്ന് പീലാത്തോസ് ചോദിക്കുമ്പോൾ അവൻറ്റെ കണ്ണുകളിൽ നിഴലിക്കുന്ന സത്യം പീലാത്തോസിനെ പരിഭ്രമിപ്പിക്കുന്നുണ്ട്…
ഈയിടെ സ്റ്റാൻ സ്വാമി അച്ഛൻറ്റെ കണ്ണുകളിൽ നിഴലിച്ച അതേ സത്യം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അല്ലെങ്കിൽ എൺപത്തിമൂന്നാം വയസ്സിൽ ആ പ്രവാചക ശബ്‍ദത്തെ ജയിലടക്കേണ്ടതുണ്ടോ? ഇടയന്മാരുടെ ഇടർച്ചകൾ സാഘോഷം കൊണ്ടാടുന്ന നമ്മളൊക്കെ ഈ ഇടയൻറ്റെ ചങ്കൂറ്റം കാണുന്നില്ലേ? എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ദുർബലവിഭാഗങ്ങൾക്കുവേണ്ടി പ്രവാചക ശബ്ദമായി നിലകൊണ്ടതാണ് ഈ ഇടയൻറ്റെ കുറ്റം… അന്നുമിന്നും പ്രവാചകശബ്ദങ്ങൾക്കു നല്കേണ്ടിവന്നത് തങ്ങളുടെ ജീവൻറ്റെ വിലത്തന്നെയാണ്…അതുകൊണ്ടാണോ നമ്മളൊക്കെ പ്രവാചക ശബ്ദമാവാൻ മടിക്കുന്നത്…മനസ്സിൽ നിറയുന്നത് പഴയ ആ വരികൾ തന്നെ: ” പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ?” പ്രവാചകശബ്ദമായി ഞാനും താങ്കളുംമൊക്കെ മാറുന്ന പുലരിയെ പ്രതീക്ഷിച്ചുകൊണ്ട്… പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…