മത്താ. 1:18-24
ആഗമന കാലത്തിലെ അവസാനത്തെ ഞായർ സുകൃതം നിറഞ്ഞ ആ തച്ചനെ ഓർക്കാനുള്ള ദിവസമാണ്. എന്തൊരു മനോഹാരിതയാണല്ലെ ഔസേപ്പിതാവിന്റെ വ്യക്തിത്വത്തിന്… മേരിയമ്മയെ നിത്യതയിലെ അബ്ബാ തന്റെ പുത്രന്റെ അമ്മയാവാൻ തെരെഞ്ഞെടുന്നത് പോലെ ഈ മനുഷ്യനെയും തെരെഞ്ഞെടുത്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മേരിയമ്മ തനിക്ക് മുന്നിൽ പ്രത്യക്ഷനാകുന്ന ഗബ്രിയേൽ ദൈവദൂതനോട് ‘അതെ’ എന്ന് പറഞ്ഞ് കൊണ്ട് ദൈവഹിതത്തെ സ്വീകരിക്കുമ്പോൾ ഈ മനുഷ്യൻ തന്റെ സ്വപ്നത്തിലൂടെ വെളിപ്പെട്ട ദൈവ സ്വരത്തെ അതേപടി അനുസരിക്കുകയാണ്. സഖറിയായ്ക്കും മേരിയമ്മയ്ക്കും ഗബ്രിയേൽ ദൂതൻ മുഖാമുഖം പ്രത്യക്ഷപ്പെടുന്നുണ്ട്. പുരോഹിതനായ സഖറിയാ വന്ധ്യയായ എലിസബത്ത് ഗർഭം ധരിച്ച് പ്രസവിക്കുമെന്ന വാർത്ത സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. പക്ഷെ ഔസേപ്പിതാവിന് ഈ സ്വപ്നം തന്നെ ധാരളമായിരുന്നു.
ഒരു പക്ഷെ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവാം സ്വപ്നത്തിലൂടെ വെളിപ്പെട്ട ദൈവ സ്വരത്തെ അനുസരിക്കുന്നത് അത്ര വലിയ കാര്യമാണൊ? ഒന്ന് ചോദിക്കട്ടെ… പകൽ വെളിച്ചത്തിൽ ആരെങ്കിലും ഗർഭിണിയായ സ്ത്രീയെ സ്വീകരിക്കണമെന്ന് ആവശ്യപെട്ടാൽ എത്ര പേർ അതിന് തയ്യാറാവും? അപ്പോൾ പിന്നെ സ്വപ്നത്തിലൂടെ ചോദിച്ചാലൊ? ഔസേപ്പിതാവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ച് നോക്കിയാൽ മാത്രമെ ഈ മനുഷ്യനെ കുറച്ചെങ്കിലും മനസ്സിലാക്കാനാവൂ.
കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ജോസഫിനെ അഭിസംബോധന ചെയ്യുന്നത് ദാവിദിന്റെ പുത്രനായ ജോസഫ് എന്നാണ്. മത്തായി രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ വംശാവലിയിൽ ജോസഫിന്റെ പിതാവിന്റെതായി രേഖപ്പെടുത്തിയിട്ടുള്ള പേര് യാക്കോബിന്റെതാണ്. പഴയനിയമത്തിലെ പൂർവ്വ പിതാവായ യാക്കോബിനെയും അവന്റെ പ്രിയപുത്രനായ ജോസഫിനെയും അനുസ്മരിപ്പിക്കുന്നത് പോലെ… എന്നാൽ ദൈവ ദൂതൻ ദാവിദിന്റെ പുത്രാ എന്ന അഭിസംബോധനയിലൂടെ വ്യക്തമാക്കുന്നത് ദൈവതിരുമുമ്പിൽ ഔസേപ്പിതാവിനുള്ള മഹത്വമാണ്. ലോകത്തിന്റെ മുമ്പിൽ ആദ്ദേഹം സാധാരണ ഒരു തച്ചനായിരിക്കും എന്നാൽ ദൈവ തിരുമുമ്പിൽ തന്റെ പ്രിയപുത്രനെ പേര് ചൊല്ലി വിളിച്ച് ദാവിദിന്റെ സന്തതിപരമ്പരയുട ഭാഗമാക്കാൻ ദൈവം തെരെഞ്ഞെടുക്കുന്നത് ഈ പച്ച മനുഷ്യനെയാണ്. മേരിയമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിച്ചാണ് നസ്രായൻ വളർന്ന് എന്നതിനോടൊപ്പം ഔപേപ്പിതാവിന്റെ നെഞ്ചിലെ ചൂടാണ് അവന് സൂരക്ഷിതത്വത്തിന്റെ ആത്മബലം നൽകിയതെന്ന് നിസ്സംശയം പറയാം.
താനുമായി വിവാഹ നിശ്ചയം ചെയ്ത യുവതി എങ്ങിനെയാണ് ഗർഭിണിയായതെന്ന ആത്മ സംഘർഷവുമായിട്ടാവണം ഔസേപ്പിതാവ് കിടന്നുറങ്ങിയിട്ടുണ്ടാവുക… എന്നാൽ ദൂതന്റെ വാക്കുകളെ കേവലമൊരു സ്വപ്നം മാത്രമായി തള്ളിക്കളയാതെ, പഴയ നിയമത്തിലെ ജോസഫിനെപ്പോലെ ദൈവിക പദ്ധതിയുടെ വെളിപ്പെടുത്തലായി സ്വീകരിച്ച് കൊണ്ട് ഭയമേതുമില്ലാതെ, പൂർണ്ണ മനസ്സോടെ മേരിയമ്മയെ തന്റെ ഭാര്യയായി സ്വീകരിക്കുകയാണ്… സാധാരണ ഭാര്യ ഭർതൃ ബന്ധമല്ല തങ്ങളിൽ നിന്നും ദൈവം ആഗ്രഹിക്കുന്നതെന്ന് വ്യക്തതയുള്ളപ്പോഴും, യാതൊരു പരിഭവമില്ലാതെ തിരിക്കുടുംബത്തിന് താങ്ങാവുന്ന നല്ലയിടയനാവുക എന്ന ദൗത്യം അയാൾ പൂർണ്ണ മനസ്സോടെ ഏറ്റെടുക്കയാണ്.
നീതിമാനെന്നാണ് വേദം ഇയാളെ രേഖപ്പെടുത്തുക. വേദം മുഴുവൻ അജയ്യരായ രാജാക്കൻമാരുടെയും പ്രബലരായ നേതാക്കളുടെയും, തീക്ഷണമതികളായ പ്രവാചകൻമാരുടെയുമൊക്കെ ഓർമ്മകൾ നിറഞ്ഞതായിട്ടും അവരിൽ നിന്നൊക്കെ ഒരുപടി ദൈവം ഈ മനുഷ്യനെ ഉയർത്തുന്നത് നീതിമാനാണെന്ന ഈ വിശേഷണം നൽകി കൊണ്ടാണ്. ദൈവത്തെയും ചുറ്റുമുള്ളവരെയും ഒരു പോലെ ഹൃദയത്തിൽ പേറി കൊണ്ട് കരുതലിന്റെ തണലായി മാറിയവൻ… ഔസേപ്പിതാവിന്റെ ഊ ഇടയ ഹൃദയം നമ്മെയും പ്രചോദിപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…