യോഹ.1: 29-34
നസ്രായൻറ്റെ യഥാർത്ഥ വ്യക്തിത്വം ഒത്തിരി ആവേശത്തോടും തീക്ഷ്ണതയോടുംകൂടി ലോകത്തോട് വിളിച്ചുപറയുന്ന സ്നാപക യോഹന്നാനെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു. നസ്രായ ൻറ്റെ ഓരോ വാക്കുകളും നാമെല്ലാവരെയും ക്ഷണിക്കുന്നത് നസ്രായൻ ആരാണെന്ന് വിചിന്തനം ചെയ്യാനാണ്. തൻറ്റെ മുന്നിലേക്ക് കടന്ന് വരുന്നവൻ ലോകത്തിൻറ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻറ്റെ കുഞ്ഞാടാണെന്നാണ് യോഹന്നാൻ പറഞ്ഞുവെയ്ക്കുന്നത്, ഈ വാക്കുകൾ മാനവരാശിയുടെ മുഴുവൻ വീഴ്ചകളും ഏറ്റെടുത്തു കുരിശിൽ സ്വയം ബലിയായി നമ്മെ വീണ്ടെടുക്കുന്ന ലോകരക്ഷകൻറ്റെ ദൗത്യമാണ് വിളിച്ചോതുന്നത്. തുടർന്ന് എനിക്ക് മുൻപ് അവനുണ്ടെന്ന് പ്രഖ്യാപിക്കുമ്പോൾ ഈ ലോകരക്ഷകൻറ്റെ ദൈവത്വത്തിലേക്കാണ് യോഹന്നാൻ നമ്മെ ക്ഷണിക്കുന്നത്. നിത്യതയിൽ ദൈവത്തോടൊപ്പമായവൻ , നമുക്കായി, നമ്മുടെ സമയത്തിൻറ്റെയും ചരിത്രത്തിൻറ്റെയും ഭാഗമായിത്തീരുന്നു. അവൻറ്റെഈ സ്വർഗ്ഗീയ വ്യക്തിത്വം തനിക്കും വെളിപ്പെട്ടുകിട്ടിയതാണെന്ന് എളിമയോടെ ഏറ്റുപറയുന്ന യോഹന്നാൻ, താൻ നൽകുന്ന നൽകുന്ന സ്നാനത്തെ പരിപൂര്ണമാക്കുന്നത് , നസ്രായനിലൂടെ നൽകപ്പെടുന്ന ആത്മാവിൻറ്റെ സ്നാനമാണെന്ന് പറഞ്ഞു അവനായി അരങ്ങൊഴിയുകയാണ്.
പ്രിയ സുഹൃത്തെ താങ്കളുടെ ക്രിസ്തു സാക്ഷ്യമെന്താണ്? ആരോടെങ്കിലുമൊക്കെ ഈ സാക്ഷ്യം പങ്കുവെയ്ക്കാൻ നാം തയ്യാറായിട്ടുണ്ടോ? നമുക്കായി സ്വന്തം ചോര ചിന്തി , നമ്മെ വീണ്ടെടുത്തവനെകുറിച്ചുള്ള സാക്ഷ്യമാവട്ടെ നമ്മുടെ ജീവിതങ്ങൾ…