മത്താ. 5:38-48
ക്ഷമിക്കുന്ന സ്നേഹത്തിന്റെ മറുവാക്കാവാനാണ് നസ്രായൻ നമ്മെ ക്ഷണിക്കുന്നത്. ഒരു പക്ഷെ നമുക്ക് ചുറ്റും നാം കാണുന്നതും അനുഭവിക്കുന്നതുമൊക്കെ അളവുകളും നിബന്ധനകളും നിറഞ്ഞ സ്നേഹമായിരിക്കാം. ഈ ഒരു തലത്തിൽ നിന്ന് ദൈവികമായ തലത്തിലേക്ക് അതായത് അളവുകളും പരിധികളും നിബന്ധനകളൊന്നുമില്ലാത്ത സ്നേഹവായ്പിലേക്ക് വളരാനാണ് നസ്രായൻ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുക. ശത്രുക്കളോട് പ്രതികാരം ചെയ്യുക ദൈവഹിതത്തിന്റെയൊ പദ്ധതിയുടെയൊ ഭാഗമായിരുന്നില്ല. എന്നാൽ മനുഷ്യരുടെ ഹൃദയ കാഠിന്യം നിമിത്തം വിവാഹമോചനം മോശയുടെ നിയമം അനുവദിച്ചത് പോലെ ന്യായമായ പ്രതികാരത്തിനുള്ള അവകാശം ഇസ്രായേൽ ജനത്തിന് നൽകപ്പെടുന്നുണ്ട്. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് അങ്ങനെ തന്റെ തന്നെ സ്വാഭാവികമായ വാസനകൾക്ക് കീഴ് വഴങ്ങിക്കൊണ്ട് തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അബ്ബായുടെ ഛായയിലേക്കും സാദ്യശ്യത്തിലേക്കും വളരുന്നതിൽ മനുഷ്യൻ പരാജയപ്പെടുകയാണ്. ഈ പൂർണ്ണതയിലക്ക് നമ്മുടെ മിഴികൾ തുറക്കുന്നതിനും, ഹൃദയങ്ങൾ ഉയർത്തുന്നതിനുമാണ് നസ്രായൻ തന്റെ ജീവിത മാതൃകയിലൂടെയും പ്രബോധനങ്ങളിയുടെയും ശ്രമിക്കുക.
വലത്തെ കരണത്തടിക്കുന്നവന് മറുകരണം കൂടി കാട്ടി കൊടുക്കുക, വസ്ത്രം ചോദിക്കുന്നവന് മേലങ്കി കൂടി കൊടുക്കുക, ഒരു മൈൽ നടക്കാൻ അവശ്യപ്പെടുന്നവനോടൊപ്പം രണ്ട് മൈൽ നടക്കുക ഇവയൊക്കെ പരിധികളില്ലാത്ത സ്നേഹത്തിലേക്ക്, അളവുകളില്ലാത്ത ക്ഷമയിലേക്ക് നമ്മെ വളർത്തുന്നതിനുള്ള അവന്റെ ശ്രമമായിരുന്നു. വലത് കരണത്ത് അടിക്കണമെങ്കിൽ ഒരു വ്യക്തി തന്റെ കൈയ്യുടെ പുറംഭാഗം കൊണ്ട് അടിക്കണം. നിയമപ്രകാരം ഇരട്ടി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നിട്ടും നിരുപാധികം ക്ഷമിച്ച് കൊണ്ട് മറുകരണം കൂടി കാട്ടി കൊടുക്കാനാണ് അവൻ പഠിപ്പിക്കുക. കടം മേടിച്ച തുക തിരികെ തരാൻ കഴിയാത്തവന്റെ ഉടുപ്പ് പിടിച്ച് വാങ്ങാം പക്ഷെ അവന്റെ മേലങ്കിയെ സ്പർശിക്കാൻ അനുവാദമില്ല അത് തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള അവന്റെ കവചമാണ്. ആയതിനാൽ മേലങ്കിക്ക് വേണ്ടി അവകാശ വാദം ഉന്നയിക്കാൻ ആർക്കും അർഹതയില്ല. ഈ ഒരു പശ്ചാത്തലത്തെ നസ്രായൻ നമ്മെ തിരുത്തുന്നത് ഇപ്രകാരമാണ് ഉടുപ്പിന് അവകാശ വാദം ഉന്നയിക്കുന്നവന് മേലങ്കി കൂടി കൊടുക്കാൻ തയ്യാറാവുക. റോമൻ അധിനിവേശത്തിന് കീഴിലായിരുന്ന ഇസായേൽ ജനത്തോട് ഏതൊരു റോമൻ പട്ടാളക്കാരനും അവരുടെ ആയുധ സാമിഗ്രികൾ ചുമന്ന് ഒരു മൈൽ ദൂരം നടക്കാൻ ആവശ്യപ്പെടാമായിരുന്നു. ഇഷ്ടമല്ലെങ്കിൽ പോലും അടിമത്തത്തിന്റെ ഈ നുകം അവർ വഹിക്കണമായിരുന്നു. ഒരു മൈൽ ദൂരത്തിനപ്പുറം പടയാളി ഇസ്രായേൽ കാരനെ നടക്കാൻ നിർബ്ബന്ധിച്ചാൽ അയാൾ ശിക്ഷയ്ക്ക് അർഹനാണ്. നിയമത്തിൽ ഇങ്ങനെ ഒരു പഴുതുണ്ടായിട്ടും രണ്ട് മൈൽ ദൂരം നടന്ന് സ്നേഹത്തിന്റെ കനിവ് തങ്ങളെ അടിച്ചമർത്തുന്നവരോട് കാണിക്കാനാണ് നസ്രായൻ ആവശ്യപ്പെടുക.
നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുക, നൻമ ചെയ്യുന്നവർക്ക് മാത്രം നൻമ ചെയ്യുക എന്ന പരമ്പരാഗതമായ ചിന്തയിൽ നിന്ന് സ്നേഹത്തിന്റെ ഒരു കാതം കൂടി നടന്ന് ശത്രുക്കളെ സ്നേഹിക്കാനും, പീഡിപ്പിക്കുന്നവർക്ക് നൻമ ചെയ്യാനുമുള്ള സ്നേഹത്തിന്റെ ദൈവിക ഭാവമാണ് നാസായൻ നമുക്ക് പകർന്ന് നൽകുക. സ്നേഹത്തിന്റെ ഈ ഒരു തലത്തെ നാമൊക്കെ സ്വായത്തമാക്കുമ്പോഴാണ് അബ്ബായുടെ പരിപൂർണ്ണതയിലേക്ക് നാമൊക്കെ നയിക്കപ്പെടുക, വളരുക. ആത്മിയത പൂക്കന്ന നോമ്പ് കാലത്തിൽ ഏറ്റവുമധികം നാം ധ്യാനിക്കുക നസ്രായന്റെ സ്നേഹത്തെയാണല്ലൊ… തന്റെ ചികടത്തിച്ചവർക്ക്, മുൾക്കിരീടം സമ്മാനിച്ചവരോട്, ചാട്ടവാറുകൊണ്ട് തന്റെ ശരീരത്തെ പ്രഹരിച്ച് ചിന്നഭിന്നമാക്കിയവരോട്, മുറിവുകളിൽ ഒട്ടിപിടിച്ചിരുന്ന വസ്ത്രം ഉലിഞ്ഞെടുത്ത് തന്നെ നഗ്നനാക്കിയവരോട്, മരണത്തിനപ്പുറം തന്റെ പാർശ്വം കുത്തി തുറന്നവരോട്, തന്നെ ഉപേക്ഷിച്ച് ഓടിയൊളിച്ച സുഹൃത്തുക്കളോട്, തള്ളിപ്പറഞ്ഞ പത്രോസിനോടൊക്കെ നിരുപാധികം ക്ഷമിച്ച് മരണവേദനയുടെ മൂർദ്ധന്യത്തിൽ പോലും തന്നെ ദ്രോഹിക്കുന്നവരെ മനസ്സ്കൊണ്ട് പോലും വെറുക്കാതെ അവരുടെ മേൽ കാരുണ്യം ഉണ്ടാകണെ എന്ന് പ്രാർത്ഥിക്കുന്ന നസ്രായൻ… ശുതുക്കളെ സ്നേഹിക്കുക എന്ന് പറയാൻ അവനോളം ആർക്കാണ് കഴിയുക? നോയമ്പ് കാലം നസ്രായനിലേക്കുള്ള വളർച്ചയാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരു ഹൃദയത്തിൻ ചാരെ…