തപസ്സുകാലം മൂന്നാം ഞായർ, Cycle A, യോഹ.9:1-41

യോഹ.9:1-41
ജൻമനാ അന്ധനായി ജനിച്ച മനുഷ്യനെ പ്രകാശത്തിലേക്ക് നസ്രായൻ നയിക്കുന്ന വചന ഭാഗമാണ് ഇന്ന് നാം ധ്യാനിക്കുക. ജൻമനാ വ്യക്തികളിലുണ്ടാവുന്ന കുറവുകളൊക്കെ ആ വ്യക്തിയുടെയൊ, പൂർവ്വികരുടെയൊ പാപഫലമായിട്ടാണെന്ന അന്ധവിശ്വാസം ഇസ്രായലുകാരുടെ ഇടയിൽ സജീവമായിരുന്നു. ഈ സംശയമാണ് പത്രോസ് പാപ്പ നസ്രായനോട് ചോദിക്കുന്നു . തന്റെ പ്രവൃത്തികൾ പ്രകടമാക്കാൻ ദൈവം തെരെഞ്ഞെടുത്ത വ്യക്തിയായിട്ടാണ് നസ്രായൻ അയാളെ കാണുക. നാം കുറവുകളുണ്ടെന്ന് ചിന്തിക്കുന്ന പല വ്യക്തികളും ദൈവം തന്റെ കൃപവെളിപ്പെടുത്താൻ പ്രത്യേകമായി തെരെഞ്ഞെടുത്തവരാണ്. ഉമിനീരു കൊണ്ട് ചെളിചാലിച്ച് അയാളുടെ നയനങ്ങളിൽ പുരട്ടുന്ന നസ്രായൻ അയാളുടെ കുറവിനെ, അന്ധകാരത്തെ, പ്രകാശമാക്കി മാറ്റുകയാണ്. തുടർന്ന് നാം ധ്യാനിക്കുക ഭൗതികമായ പ്രകാശം ലഭിച്ച ഈ മനുഷ്യൻ ആത്മീയ പ്രകാശത്തിനായി ദാഹിക്കുന്നതും നസ്രായൻ അയാളെ ആ ആത്മീയ അനുഭവത്തിലേക്ക് വഴി നടത്തുന്നതുമാണ്.
ബെത്സെയ്ദ കുളക്കടവിൽ തളർവാത രോഗിയായി കിടന്ന മനുഷ്യൻ സൗഖ്യം അനുഭവിക്കുന്നത് അഞ്ചാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്. മുപ്പത്തെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം തന്നെ സുഖപ്പെടുത്തിയ നസ്രായന് വേണ്ടി നിലകൊള്ളാനൊ മറ്റുളവരുടെ മുൻപിൽ അവനെ ഏറ്റ് പറയാനൊ തയ്യാറാവാതെ അവനെക്കുറിച്ചുള്ള വിവരങ്ങൾ മതനേതാക്കൾക്ക് നൽകി നസ്രായന്റെ ദുരിതം അയാൾ കൂട്ടുകയാണ്. എന്നാൽ നസ്രായനിൽ നിന്ന് കാഴ്ച്ച ലഭിക്കുന്ന ഈ മനുഷ്യൻ സുവിശേഷം നമുക്ക് ചുണ്ടി കാണിക്കുന്ന നസ്രായന്റെ തീവ്ര സാക്ഷിയായി മാറുകയാണ്. ജൻമനാ അന്ധനായി ജനിച്ച ഈ മനുഷ്യന് കാഴ്ച്ച നൽകിയത് നാസ്രായനാണെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനൊ, അംഗീകരിക്കാനൊ തയ്യാറാവാത്ത മതനേതാക്കളുടെ മുന്നിൽ പലയാവർത്തി നസ്രായനെ ഇയാൾ ഏറ്റ് പറയുന്നുണ്ട്. കാഴ്ച്ച ലഭിച്ചിട്ടും നാസ്രായനെ കാണാനുള്ള ഭാഗ്യം ലഭിക്കാതിരിക്കുമ്പോഴും തന്റെ പ്രകാശമായി മാറിയ നസ്രായനോട് അയാൾക്ക് പരാതിയും പരിഭവവുമില്ല. അയാൾ ആ പ്രകാശത്തിനായ് , അവന്റെ ദർശനത്തിനായ് കാത്തിരിക്കുകയാണ്. കാഴ്ച്ച എന്ന കൃപയോടൊപ്പം ദുരിതങ്ങളും അയാളെ തേടി വരുന്നുണ്ട്. തന്റെ തന്നെ സമുദായം അയാളെ ഒറ്റപ്പെടുത്തുകയാണ്. അയാളെ വിശ്വസിക്കാൻ കൂട്ടാക്കാതെ മതനേതാക്കൾ മാതാപിതാക്കളോട് ഇയാൾ ജൻമനാ അന്ധനായിരുന്നൊ എന്ന് ആരായുന്നുണ്ട്? അയാൾ അന്ധനായിരുന്നു എന്ന് അവർ സമ്മതിക്കുന്നുണ്ടെങ്കിലും ഭയം നിമിത്തം നസ്രായനാണ് കാഴ്ച്ച നൽകിയതെന്ന യാഥാർത്ഥ്യത്തെ അവർ മറച്ച് പിടിക്കുകയാണ്. എന്നാൽ യാതൊരു ഭയവുമില്ലാതെ അയാൾ വീണ്ടും നസ്രായനെ ഏറ്റ് പറയുകയാണ് മാത്രമല്ല മത നേതാക്കളുടെ വിശ്വാസ രാഹിത്യത്തെ സധൈര്യം നേരിടുവാനും അയാൾ മടി കാണിക്കുന്നില്ല. അങ്ങനെ അയാളെ തേടി, അയാൾ തേടിയ പ്രകാശം വന്നെത്തുകയാണ്. തനിക്ക് കാഴ്ച നൽകി, നിത്യമായ പ്രകാശത്തിലേക്ക് തന്നെ വഴിനടത്തുന്ന നസ്രായനാണ് രക്ഷകനെന്ന തിരിച്ചറിവിൽ നസ്രായന്റെ ശിഷ്യത്വത്തെ അയാൾ പുൽകുകയാണ്.
കാഴ്ച്ചയുണ്ടായിട്ടും നസ്രായനെ തിരിച്ചറിയാൻ കഴിയാത്തവരിൽ നിന്ന് വ്യത്യസ്തനായി ഇയാൾ നസ്രായനെ തന്റെ അന്ധതയിൽ അനുഭവിക്കുകയും, തനിക്ക് ലഭിച്ച ആത്മീയ പ്രകാശത്തിൽ ലോകത്തോട് അവനെ പ്രഘോഷിക്കുകയുമാണ്. പ്രിയ സുഹൃത്തെ താങ്കൾക്ക് നസ്രായനെ കാണാനാവുന്നുണ്ടൊ? അവനെ പ്രഘോഷിക്കാനാവുന്നുണ്ടൊ? വിശ്വാസത്തിന്റെ കണ്ണികൾ കൊണ്ട് നസ്രായനെ കാണാനും പ്രഘോഷിക്കാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…