പെസഹാക്കാലം രണ്ടാം ഞായർ, Cycle-A, യോഹ. 20:19-31

യോഹ. 20:19-31
ദൈവ പിതാവിന്റ്റെ കരുണയുടെ മുഖമാണ് നസ്രായൻ. ഉത്പത്തി മുതൽ വെളിപാട് വരെയുള്ള യാത്രയിൽ ദൈവഭാവത്തെ പലരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. നസ്രായനിലേക്ക് എത്തുമ്പോൾ ദൈവം കരുണയുടെ പ്രവാഹമാവുകയാണ്. യാഹ്‌വെ എന്ന് ദൈവത്തെ വിളിക്കാൻ പോലും പേടിച്ച മനുഷ്യരുടെ ഇടയിലാണ് ദൈവ ഭാവത്തിന്റ്റെ ഈ പുതുവിപ്ലവം അരങ്ങേറുന്നത്. അവനെ കുരിശുമരണത്തിന് ഏല്പിച്ചുകൊടുക്കാനുള്ള കാരണങ്ങളിലൊന്ന് അവൻ തന്നെത്തന്നെ ദൈവപുത്രനായി പരിചയപ്പെടുത്തി എന്നതാണ്. നിയമങ്ങളിൽ കേന്ദ്രികരിക്കപ്പെട്ട് ദൈവ കരുണയെ മനസ്സിലാക്കാനാവാതെ അന്ധതയിൽ ജീവിച്ച ഒരു ജനതയ്ക്ക്‌ കരുണയുടെ കണ്ണുകൾ നൽകാനാണ് അവൻ ശ്രമിച്ചത്…
ദൈവം ധൂർത്തപുത്രരെ പരിധികളില്ലാതെ സ്നേഹിക്കുന്ന സ്നേഹപിതാവാണെന്നും, നഷ്ടപ്പെട്ടുപോയ ആടിനെ തേടിപോകുന്ന നല്ലിടയനാണെന്നും, കാണാതായ നാണയത്തെ പുരമുഴുവൻ അടിച്ചുവാരി അന്വേഷിക്കുന്ന സ്ത്രീയെ കണക്കാണോന്നൊക്കെ അവൻ പഠിപ്പിക്കുന്നത് ഈ പ്രകാശം പകരാനാണ്… വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോട് പരിധികളില്ലാത്ത ക്ഷമിക്കുന്നതും, ചുങ്കക്കാരനായ സക്കേവൂസിന്റ്റെ വീട്ടിൽ വിരുന്നിന് പോകുന്നതുമെല്ലാം ദൈവ കരുണയുടെ ഈ മുഖമാണ് നമുക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. അവന്റ്റെ അണി പഴുതുകളിലും പാർശ്വത്തിലും കൈവിരൽ ഇടാതെ വിശ്വസിക്കില്ല എന്ന് വാശിപിടിക്കുന്ന തോമസിനെ നിസാരമായി അവന് അവഗണിക്കാമായിരുന്നു… അവനെ വിളിക്കുകയാണ് മുറിവുകൾ തൊട്ട് തൊട്ടുനോക്കാനും അങ്ങനെ അവന്റ്റെ കരുണയുടെ ആഴങ്ങളിലേക്കും…
പ്രിയപ്പെട്ട സുഹൃത്തെ അവന്റ്റെ കരുണയുടെ മുഖമാവാൻ നിനക്കാവുന്നുണ്ടോ? മറക്കാതിരിക്കാം ഈ വചനം: “ഞാൻ ദരിദ്രനായിരുന്നു, രോഗിയായിരുന്നു, കാരാഗൃഹവാസിയായിരുന്നു, ദാഹർത്താനായിരുന്നു…” ഒരിക്കൽ ഈ വചനം നമ്മെ തേടിയെത്തുമ്പോൾ ദൈവ കരുണയുടെ ആഴങ്ങളെ അനുഭവിച്ച നമ്മുടെ മറുപടി എന്തായിരിക്കും? നസ്രായനെപ്പോലെ, ദൈവകരുണയുടെ നീർച്ചാലായി മറ്റുള്ളവരിലേക്ക് ഒഴുകിയിറങ്ങാൻ നമുക്കാവട്ടെ എന്ന പ്രാത്ഥനയോടും പ്രതീക്ഷയോടും…