പെസഹാക്കാലം അഞ്ചാം ഞായർ, Cycle-C, യോഹ. 13:31-33A, 34-35

യോഹ. 13:31-33A, 34-35
സ്നേഹം… സ്നേഹം… പത്മൊസിൻറ്റെ ഏകാന്തതയ്യിലിരുന്ന് നസ്രായനെക്കുറിച് യോഹന്നാൻ മന്ത്രിച്ചത് ഈ വാക്കുകളായിരുന്നു… മറ്റ് പതിനൊന്നു ശിഷ്യന്മാരും ചോരചിന്തി ചിന്തി അവൻറ്റെ സുവിശേഷത്തിന് സാക്ഷികളായപ്പോൾ ഈ അരുമ ശിഷ്യൻ പത്മോസിൽ അവൻറ്റെ സ്നേഹത്തിനു സാക്ഷിയായി… തിരുവത്താഴമേശയിൽ നസ്രായൻറ്റെ ഹൃദയത്തോട് ചേർന്നുകിടന്ന അയാളുടെ അന്തരംഗങ്ങളിൽ ദൈവ സ്നേഹത്തിൻറ്റെ നിഗൂഢതകൾ ചുരുൾ വിടർത്തുകയാണ്… ജീവിക്കുക എന്നാൽ സ്നേഹിക്കുക എന്നല്ലാതെ മറ്റെന്താണ്… സ്നേഹത്തെ നസ്രായൻ തൻറ്റെ ജീവിതത്തിലൂടെ സ്നേഹവിരുന്നാക്കി…
സ്നേഹിക്കുക എന്നാൽ നിബന്ധകളോ, പരിധികളോ, പരാധികളോ ഇല്ലാതെ സ്വയം നൽകലാണ്… അപ്പോഴാണ് നമ്മുടെ സ്നേഹത്തിനു ദൈവഭാവം കൈവരുന്നത്. ജന്മം നൽകിയ കുട്ടികളെ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി ബലിയാടാക്കുമ്പോൾ, പ്രണയം നിരസിക്കുന്ന പ്രണയിനിയുടെ സ്നേഹത്തെ അഗ്നിക്കിരയാക്കുമ്പോൾ, തീവ്രവാദികൾ നിരപരാധികളുടെ രക്തം ചിന്തുമ്പോൾ… നമ്മുടെയൊക്കെ സ്നേഹം മന്ദിഭവിക്കുകയാണോ? സ്നേഹിക്കാൻ മറക്കരുത് എന്ന മാക്സ്മില്ലിയൻ കോൾബെയുടെ വാക്കുകൾ നമുക്കോരോരുത്തർക്കുമുള്ള ഓർമപ്പെടുത്തലാണ്. നാം സ്നേഹിക്കുമ്പോൾ സുവിശേഷം പ്രസംഗിക്കപ്പെടുന്നുണ്ട്… അവിടെ ഉച്ചഭാഷണികളും, ഘോരപ്രസംഗങ്ങളും ആവശ്യമില്ല… നസ്രായൻറ്റെതുപോലെ സ്നേഹവിരുന്നാകട്ടെ നമ്മുടെ ജീവിതങ്ങളും…