മത്താ. 13:24-43
നമ്മിൽ ഓരോരുത്തരിലും യാഥാർഥ്യമാവേണ്ട സുവിശേഷമാണ് ദൈവരാജ്യം. ‘സ്വർഗ്ഗസ്ഥനായ പിതാവെ’ പ്രാർത്ഥിക്കുമ്പോൾ ‘അങ്ങുടെ രാജ്യം വരണമെ ‘ എന്ന് നാം നിരന്തരം പ്രാർത്ഥിക്കാറുണ്ട്. എന്നാണ് ഈ രാജ്യം അതിൻറ്റെ പൂർണതയിൽ അഗതമാവുന്നതെന്ന് നമുക്കറിഞ്ഞുകൂടാ? എങ്കിലും ഈ രാജ്യം നമ്മുടെയൊക്കെ ഹൃദയങ്ങളിലും, ചിന്തകളിലും, മനോഭാവങ്ങളിലുമാണ് ദൈവരാജ്യം ആദ്യം രൂപംകൊള്ളേണ്ടത്. നമ്മുടെ ചുറ്റും തിന്മകളും, സഹങ്ങളുമൊക്കെ പെരുകുമ്പോൾ ഒരുപക്ഷെ ദൈവരാജ്യത്തിൻറ്റെ പ്രസക്തി തന്നെ നാം ചോദ്യം ചെയ്തേക്കാം. ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മെ നയിക്കുന്നതും എല്ലാ കാലങ്ങളിലും ദൈവാരാജ്യത്തിനുള്ള പ്രസക്തിയെകുറിച്ചാണ്. നസ്രായൻ സ്ഥാപിച്ച ദൈവരാജ്യം നമ്മുടെ ഇടയിൽ ഉണ്ടെങ്കിൽ പിന്നെ അന്ധകാരത്തിൻറ്റെ പ്രവർത്തികൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത് എന്തുകൊണ്ടാണ് ?
നസ്രായൻ തൻറ്റെ ഉപമയിലൂടെ നമ്മോട് പറഞ്ഞുവെയ്ക്കുന്നത് ക്ഷമയോടെ കാത്തിരിക്കാനാണ്. കളകൾ ധാന്യക്കതിരുകളെ ഞെരുക്കുന്നുണ്ടെങ്കിലും , പത്തായത്തിൽ ശേഖരിക്കപ്പെടാൻ പോവുന്നത് വിളയാണ്, കളയല്ല. രണ്ടാമത്തെ ഉപമ നമ്മോട് സംവദിക്കുന്നത് കടുകുമണിയോളം ഉള്ള ദൈവാരാജ്യത്തെക്കുറിച്ചാണ്. പലരും ചവിട്ടി മെതിക്കാൻ ശ്രമിച്ച ആ കടുകുമണിയാണ് എല്ലാ സമൂഹങ്ങളിലും നന്മയുടെ തണൽമരമായി ആലംബരെയും അവശരെയും താങ്ങുന്നതെന്നു പറയുമ്പോൾ… കല്ലെടുക്കാൻ വരട്ടെ… സ്വാർത്ഥതാത്പര്യങ്ങളും, ഇടർച്ചകളും, കുറുവകളുമൊക്കെ സമ്മതിക്കുന്നു, പക്ഷെ മാറാരോഗികളെയും, ദുർബലരേയുമൊക്കെ നെഞ്ചോടുചേർക്കുന്ന നന്മ മരങ്ങളെ കാണാതെ പോവരുത്… മിന്നാമിനുങ്ങിൻറ്റെ വെളിച്ചതിനെന്താ പ്രസ്ക്തി എന്നല്ലേ ? ഒരു നുള്ള് പുളിമാവ് അത്ഭുതം സൃഷ്ടിക്കുന്നത് പോലെ, ദൈവരാജ്യത്തിൻറ്റെ ഈ നറുങ്ങുവെട്ടം പലരെയും വഴി നടത്തുന്നുണ്ട്…ദൈവരാജ്യം നമ്മുടെ ഹൃദയത്തിലും, ചിന്തകളിലും, പ്രവർത്തികളിലും മാംസം ധരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…