മാർക്കോ. 9:30-37
എവിടെയും ഒന്നാമനാകാനും മുൻപന്തിയിൽ നിൽക്കാനുമുള്ള മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. രക്ഷാകര ചരിത്രത്തിലുടനീളം ഒന്നാമനാകാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഒരു നിരതന്നെയുണ്ടല്ലൊ… വിജയത്തോടും അധികാരത്തോടുമുള്ള അഭിനിവേശം ഒരു തരത്തിൽ ഒരു ലഹരി തന്നെയാണ്. അത് കൊണ്ടാണല്ലൊ ലോകചരിത്രത്തിൽ അധികാരം കൈയ്യേറാനായി രക്ത ബന്ധങ്ങൾ പോലും മറന്ന്, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയുമൊക്കെ രക്തം പടർന്ന കരങ്ങളുമായി, അധികാരത്തിന്റെ ചെങ്കോലേന്തുന്ന മനുഷ്യരുടെ കഥ എല്ലാ കാലങ്ങളിലും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അസൂയ നിമിത്തം തന്റെ പിൻഗാമിയായ ദാവിദിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാവൂളും, പിന്നീട് സ്വന്തം പുത്രനായ അബ്സലോമിന്റെ അധികാര മോഹത്തിൽ നിന്ന് രക്ഷപെടാനായി പാലായനം ചെയ്യേണ്ടി വരുന്ന ദാവിദ് രാജാവിന്റെ ദു:ഖ സാന്ദ്രമായ കഥകളൊക്കെ നാം വേദത്തിൽ വായിക്കുന്നുണ്ട്…
നസ്രായന്റെ കാലത്തിലും ഒന്നാമനാകാനുള്ള പ്രവണത സജീവമായിരുന്നു. ഫരിസേയരും, സദുക്കേയരും, നിയമജ്ഞരുമൊക്കെ തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന് കാണിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരങ്ങൾ നസ്രായൻ നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നുണ്ട്. പക്ഷെ നമ്മെ അതിശയിപ്പിക്കുന്ന വസ്തുത നസ്രായൻ തന്റെ അരുമ തോഴരായി തെരെഞ്ഞെടുക്കുന്ന പന്ത്രണ്ട് പേരുടെ ഇടയിലും തങ്ങളിൽ ഒന്നാമനാരാണെന്ന് കണ്ട് പിടിക്കാനുള്ള പ്രവണത സജീവമായിരുന്നു എന്നതാണ്. മനുഷ്യ സഹജമായ ഈ പ്രവണതയ്ക്ക് നസ്രായൻ നൽകുന്ന സാരോപദേശം വിനയത്തിന്റെ മേലങ്കിയണിഞ്ഞ്, ശിശ്രൂഷാ മനോഭാവത്തോടെ അപരന്റെ ദാസനായിരിക്കാനുള്ള ക്ഷണമാണ്. വിപ്ലവകരമായ ഒരു തത്വചിന്ത നസ്രായൻ തന്റെ ശിഷ്യർക്ക് നൽകുന്നതായി നാമിതിനെ കണക്കാക്കരുത്. മറിച്ച് നസ്രായൻ ആവശ്യപ്പെടുന്നത് തന്റെ തന്നെ മാതൃക പിന്തുടരാനാണ്.
നിത്യതയുടെ മഹത്വത്തിൽ നിന്ന്, മാംസം ധരിക്കാനുള്ള അവന്റെ ആഗ്രഹം ഭൂവിലെ രാജാവായി മാറാനായിരുന്നില്ലല്ലൊ. മറിച്ച് നമ്മിലൊരുവനായി, നമ്മെ സേവിക്കുന്ന, സ്വന്തം ശിഷ്യരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ പുതു മാതൃക കാട്ടിയ നസ്രായനെയെല്ലെ നാം സുവിശേഷത്തിൽ കണ്ട് മുട്ടുന്നത്. പക്ഷെ അവൻ വിനയത്തിന്റെ മാതൃക കാട്ടിയിട്ടും ആ വിനയത്തിന്റെ മേലങ്കിയണിയാൻ കഴിയാത്ത സന്യസ്തരും, എളിമയോടെ അജണത്തെ ശിശ്രൂഷിക്കാൻ മറന്ന് പോകുന്ന ഇടയരും, ജീവിത പങ്കാളിയെ ആ വ്യക്തിയുടെ കുറവുകളോടെ സ്വീകരിക്കാൻ കഴിയാതെ പോകുന്ന ദമ്പതികളും, വിനയത്തോടെ മാതാപിതാക്കൾക്ക് ചെവി കൊടുക്കാൻ മടിക്കുന്ന മക്കളുമൊക്കെ നമ്മുടെ സമൂഹത്തിൽ സാധാരണമല്ലെ?
നസ്രായന്റെ ആദ്ധ്യാത്മികതയിലേക്ക് വളരുക എന്നാൽ അവന്റെ മേലങ്കിയണിഞ്ഞ്, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നവരെ ശിശ്രൂഷിക്കുക എന്നതാണ് … ശിശ്രൂഷിക്കപ്പെടാനല്ല ശിശ്രൂഷിക്കാനാണ് വന്നതെന്ന അവന്റെ വാക്കുകൾ നമ്മുടെ കർണ്ണ പുടങ്ങളിൽ . നിരന്തരം അലയടിക്കട്ടെയെന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…