ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ, Cycle A, മത്താ. 25:14-30

നമ്മുടെ വിശ്വാസ യാത്രയിലെ വലിയ വെല്ലുവിളികളിലൊന്ന് നമ്മുടെ അപകർഷതാ ബോധങ്ങളാണ്. ഈ അപകർഷതാ ബോധത്തിന് നസ്രായനുമായിട്ടുള്ള നമ്മുടെ ആത്മബന്ധത്തെ ദോഷകരമായി ബാധിക്കാനാവും. നമുക്ക് ലഭിക്കാതെ പോയ നൻമകളൊ, കൃപകളൊ, താലന്തുകളെയൊ, തിരിച്ചറിയാതെ താൻ മറ്റുള്ളവരുടെ മുന്നിൽ സ്വയം ചെറുതാണെന്ന് ചിന്തിക്കുന്നതാണ് അപകർഷതാബോധം. ജീവിതമെന്ന മഹത്തായ ദാനം നൽകി, അനുദിനം നമ്മെ പരിപാലിക്കുന്ന അബ്ബായ്ക്ക് മുന്നിൽ ലഭിച്ച നൻമകൾക്ക് നന്ദി പറയാതെ, ദാനമായി ലഭിച്ച താലന്തുകൾ തിരിച്ചറിയാതെ നാമൊക്കെ പരാതിപെട്ടികളായി മാറാറുണ്ട്.
ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുന്നത് താലന്തുകളുടെ ഉപമയാണ്. യജമാനൻ ദൂരദേശത്തേക്ക് യാത്ര പോവുന്നതിന് മുമ്പായി താലന്തുകൾ സേവകരെ ഭരമേൽപ്പിക്കുന്നുണ്ട്. ആദ്യത്തെ ഭൃത്യന് അഞ്ചും, അടുത്തയാൾക്ക് മൂന്നും, മൂന്നാമത്തെ ഭ്യത്യന് ഒരു താലന്തുമാണ് യജമാനൻ നൽകുക. എന്തുകൊണ്ട് യജമാനൻ മൂന്ന് പേർക്കും ഒരേ പോലെ താലന്ത് നൽകിയില്ല. അതിന് കാരണം യജമാനന് മൂന്ന് ഭൃത്യരെയും നല്ലവണ്ണം അറിയാമായിരുന്നു എന്നത് തന്നെയായിരുന്നു. അവരുടെ കഴിവിനനുസരിച്ചാണ് യജമാനൻ അവർക്ക് താലന്തുകൾ നൽകുക. ഒരു പക്ഷെ പലവുരു നാമൊക്കെ ചോദിക്കാനിടയായിട്ടുള്ള ചോദ്യമിതാവാം : ‘എന്തുകൊണ്ട് എന്റെ കൂട്ടുകാരന്, സഹോദരന്, അയൽക്കാരന്, മക്കൾക്ക് കൂടുതൽ താലന്ത് ലഭിച്ചു. എന്തേ എനിക്ക് മാത്രം കുറവ് താലന്ത് നൽകി?’ തന്റെ ഭൃത്യൻമാരെ വ്യക്തമായി മനസ്സിലാക്കുന്ന യജമാനൻ അബ്ബായാണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുമ്പേ നമ്മെക്കുറിച്ച് വ്യക്തമായ പദ്ധതിയുള്ള അബ്ബായ്ക്ക് ഏത് താലന്താണ് നമുക്ക് ഏറ്റവും അനുയോജ്യമെന്ന് വ്യക്തമായി അറിയാം. നമുക്ക് ഒരിക്കലും കൂടുതലൊ, കുറവൊ താലന്ത് ലഭിക്കുന്നില്ല. നമുക്കേറ്റവും അനുയോജ്യമായ താലന്താണ് അബ്ബാ നമുക്ക് സമ്മാനിക്കുന്നത്.
യജമാനൻ അവിടെ നിന്ന് യാത്രയാവുമ്പോഴാണ് ഭൃത്യൻമാർക്ക് തങ്ങളുടെ താലന്ത് വിനിമയം ചെയ്യാനുള്ള അവസരം ലഭിക്കുക. അഞ്ച് താലന്ത് ലഭിച്ച ഭൃത്യനും, മൂന്ന് താലന്ത് ലഭിച്ച ഭൃത്യനും ഉത്തരവാദിതത്തോടെ തങ്ങളുടെ താലന്ത് ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനാണ് നാമൊക്കെ സാക്ഷിയാവുക. എന്നാൽ ഒരു താലന്ത് ലഭിച്ച ഭൃത്യൻ അലസനായി തന്റെ താലന്ത് മണ്ണിൽ കുഴിച്ചിടുകയാണ്. യജമാനൻ തിരിച്ച് വരുമ്പോൾ മൂന്ന് ഭൃത്യൻമാരും തങ്ങളുടെ കണക്ക് യജമാനന് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് താലന്ത് ലഭിച്ചവൻ അഞ്ചും, രണ്ട് താലന്ത് ലഭിച്ചവൻ രണ്ട് താലന്തും കൂടി സമ്പാദിച്ച് യജമാനന് കൃത്യമായി കണക്ക് നൽകുന്നുണ്ട്. തന്റെ ഭൃത്യൻമാരുടെ വിശ്വസ്തതയിലും കഠിനാദ്ധ്വാനത്തിലും സംപ്രീതനാവുന്ന യജമാനൻ തന്റെ ആനന്ദത്തിലേക്ക് അവരെയും പ്രവേശിപ്പിക്കുകയാണ്. എന്നാൽ ഒരു താലന്ത് ലഭിച്ചവൻ തനിക്ക് ലഭിച്ച താലന്ത് അതേ പോലെ യജമാനന് മടക്കി നൽകുന്നുണ്ട്. ഈ ഭൃത്യൻ യജമാനനോട് പറയുന്ന വാക്കുകൾ തന്റെ അലസതയെ മറച്ചുപിടിക്കുന്നതും, അഹങ്കാരത്തിന്റെയും, ദുരഭിമാനത്തിന്റെതുമാണ്. “വിതയ്ക്കാത്തിടത്ത് നിന്ന് കൊയ്യുകയും, വിതറാത്തിടത്ത് നിന്ന് ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയൻ.” ഈ വിമർശന ശരത്തെ സ്വീകരിച്ച് കൊണ്ട് യജമാനൻ ചോദിക്കുന്നുണ്ട് താലന്ത് മണ്ണിൽ കുഴിച്ചിടുന്നതിന് പകരം പണവ്യാപരികളുടെ കയ്യിൽ കൊടുക്കാമായിരുന്നില്ലേ എന്ന്… അങ്ങനെയെങ്കിൽ യജമാനന് അതിന്റെ പലിശയെങ്കിലും ലഭിക്കുമായിരുന്നു. എന്നാൽ അതിന് പോലും തയ്യാറാവാതെ തനിക്ക് ലഭിച്ച താലന്ത് നിഷ്ഫലമാക്കുന്ന തരത്തിലായിരുന്നു ഈ ഭൃത്യൻ പ്രവർത്തിച്ചത്. ഈ ഭൃത്യന്റെ അലസതയ്ക്കും ഹൃദയ കാഠിന്യത്തിനും മുന്നിൽ യജമാനനും തന്റെ ഹൃദയം കഠിനമാക്കുയാണ്. യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശനം ലഭിക്കാതെ അയാൾ അന്ധകാരത്തിലേക്ക് തള്ളപ്പെടുകയാണ്. നമുക്ക് ലഭിച്ച താലന്തുകൾ മണ്ണിൽ കുഴിച്ചിടാനുള്ളതല്ല. മറിച്ച് നമ്മുടെയും സമൂഹത്തിന്റെയും നൻമയ്ക്കും വളർച്ചയ്ക്കുമായി വിനിയോഗിച്ച് അത് ദാനമായി നൽകിയ അബ്ബായെ മഹത്വപ്പെടുത്താനുള്ളതാണ്. ഒരു താലന്താണ് തനിക്ക് ലഭിച്ചതെന്ന അപകർഷതാബോധം ഈ ഭൃത്യനെ അലസനാക്കുകയാണ്. താലന്ത് സ്വന്തമായി വർദ്ധിപ്പിച്ചില്ലെങ്കിലും പണവ്യാപാരിയുടെ കയ്യിൽ നിക്ഷേപിക്കാമായിരുന്നില്ലേ എന്ന ചോദ്യം നമുക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും, ചെറുതും വലുതമാവട്ടെ അവ നമ്മുടെ താലന്തുകളെ വർദ്ധിപ്പിക്കാൻ അബ്ബാ നൽകുന്ന അവസരങ്ങളാണ്. ഹൃദയ വയലിൽ അറിഞ്ഞൊ, അറിയാതെയൊ കുഴിച്ചിട്ട താലന്തുകളെ വീണ്ടെടുത്ത് അബ്ബായുടെ മഹത്വത്തിനായ് വിനിയോഗിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദ യത്തിൻ ചാരെ…