ലൂക്കാ .1:39-45
ക്രിസ്തുമസ് പടിവാതിക്കൽ എത്തിയിരിക്കുകയാണ് …. കഴിഞ്ഞ രണ്ട് ഞായറാഴ്ച്ചയും സ്നാപകനോടൊത്ത് ക്രിസ്തുമസ് അനുഭവത്തിന് വേണ്ടി നമ്മുടെ ഹൃദയത്തെ നാം ഒരുക്കുകയായിരുന്നു…. സ്നാപകൻ അനുതാപത്തിന്റെ ജ്ഞാനസ്നാനമൊക്കെ സ്വീകരിച്ച് വളഞ്ഞ വഴികൾ നേരെയാക്കാനും, താഴ്വരകൾ നികത്താനും, കുന്നുകൾ നിരപ്പാക്കാനുമൊക്കെ ആഹ്വാനം ചെയ്യുമ്പോൾ ഈ ഒരുക്കങ്ങളെല്ലാം അതിന്റെ പൂർണ്ണതയിൽ സ്നാപകന് മുമ്പേ നടത്തിയ ഒരു വ്യക്തിയുണ്ടായിരുന്നു വചനം ഇന്ന് നമ്മെ ക്ഷണിക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തിലേക്കാണ് – പരിശുദ്ധ കന്യകാമറിയം ….
എലിസമ്പത്തിനെ ശുശ്രൂഷിക്കാൻ തിടുക്കത്തിൽ യാത്രയാവുന്ന കന്യകാമറിയത്തെയാണ് വചനത്തിൽ നാം കണ്ട് മുട്ടുന്നത് …. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ , അവരുടെ നൊമ്പരങ്ങളിലും, വേദനകളിലും പങ്ക്കാരാകാതെ ക്രിസ്തുമസ് അനുഭവമാവുകയില്ലെന്നാണ് മേരിയമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. വാർദ്ധ്യക്യത്തിൽ ഗർഭവതിയാവുക ഒരു സ്ത്രീയെ സംബന്ധിച്ചിടുത്തോളം അസാധാരണമായ ഒന്നാണ്. ശാരീരികമായും, മാനസികമായും ശക്തിയൊക്കെ ക്ഷയിക്കുന്ന സമയത്ത് തന്റെ ഉദരത്തിൽ ഒരു ജീവനെക്കൂടി വഹിക്കുകയും, പരിപാലിക്കുകയും ചെയ്യുക എന്ന് പറയുന്നതിനെക്കാൾ എന്ത് വെല്ലുവിളിയാണ് അവൾക്ക് നേരിടാനുണ്ടാവുക? മാത്രവുമല്ല വാർദ്ധക്യത്തിൽ ഗർഭവതിയാവുക – മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന അപമാനത്തിന്റെ ഭാരം കൂടിയുണ്ട്…. തന്റെ ചാർച്ചക്കാരിയുടെ ഈ സങ്കീർണ്ണതകളിലേക്കാണ് അവളുടെ യാത്ര… മേരിയമ്മ അവളെ സന്ദർശിച്ച് അഭിവാദനം ചെയ്യുന്ന നിമിഷം മുതൽ എലിസബത്ത് ചിറ്റയുടെ ജീവിതം മാറി മറിയുകയാണ്… ശിശു ഉദരത്തിൽ കുതിച്ച് ചാടുന്ന ഗർഭണിയുടെ ദിവ്യമായ ഈ ആനന്ദനുഭൂതിയിലേക്ക് അവളും പ്രവേശിക്കുകയാണ്. അവളുടെ ദുർബലതയിലേക്ക്, മാനസിക സംഘർഷങ്ങളിലേക്ക് ആത്മാവിന്റെ ശക്തി പ്രവഹിക്കുകയാണ് …. അപമാനഭാരം ഭയന്ന് തന്റെ വീടിന്റെ ചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിയ എലിസമ്പത്ത് ചിറ്റയുടെ ജീവിതം പ്രകാശമാനമാവുകയാണ് …. ഇനി താൻ നിരാശയുടെ താഴ്‌വരയിലല്ലോ …. മേരിയമ്മയുടെ ജീവിതത്തെ പ്രകാശിപ്പിച്ചു കൊണ്ടാണ് അവളും സുവിശേഷമാവുന്നത് . “നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദരഫലവും ….” പുതിയ ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായകമായ വ്യക്തിത്യമാണ് പരിശുദ്ധ കന്യകാമറിയം. “എന്റെ കർത്താവിന്റെ അമ്മ എന്നെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നുണ്ടായി…” ഇനിമുതൽ അവൾ തന്റെ ചാർച്ചക്കാരി മറിയമല്ല മറിച്ച് ഇസ്രായേലിന്റെ രക്ഷകനെ ഉദരത്തിൽ പേറുന്ന ദൈവപുത്രന്റെ അമ്മയാണ് …. “കർത്താവ് പറഞ്ഞ കാര്യങ്ങൾ നിറവേ റുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി …” ആഴം ആഴത്തെ അറിയുന്നത് പോലെ എലിസബത്ത് ചിറ്റ, മേരിയമ്മയുടെ വിശ്വാസത്തിന്റെ ആഴങ്ങൾക്ക് മുന്നിൽ നമ്രശിരസ്ക്കയാവുകയാണ് …
മിശിഹായുടെ അമ്മയാവാൻ അനാദിയിലെ തെരെഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ടവൾ ….. മറിയത്തെപ്പോലെ ശിശ്രൂഷയുടെ മേലങ്കി ചുറ്റി, സുവിശേഷമായ് മറ്റുള്ളവരുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചു കൊണ്ട് ഈ ക്രിസ്തുമസിന് ഒരുങ്ങാൻ എനിക്കും നിങ്ങൾക്കുമാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്… നസ്രായന്റെ ഹൃദയത്തിൽ ചാരെ…..