മത്താ.15:21-28
സുവിശേഷത്തിൽ കണ്ടുമുട്ടിയിട്ടുള്ള ചില വ്യക്തികൾ എന്നും വിസ്മയമാണ്. നസ്രായനെ പോലും വിസ്മയിപ്പിച്ച ചില ജൻമങ്ങൾ… അവരിൽ ചിലരൊന്നും യഹൂദ സമൂദായത്തിൽപെട്ടവർ ആയിരുന്നില്ല. സുവിശേഷം സുവർണ ലിപകളിൽ കോറിയിട്ടവർ എത്ര ആത്മാർത്ഥമായിട്ടും സത്യസന്ധമായിട്ടുമാണ് ഇവരുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നമ്മോട് പങ്ക് വയ്ക്കുക. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുക അത്ത രുണത്തിലുള്ള ഒരു വ്യക്തിയാണ് – സീറൊ ഫിനീഷ്യക്കാരി സ്ത്രീ. ഹൃദയം തകരുന്ന നൊമ്പരവുമായാണ് അവൾ യേശു നാഥനെ സമീപിക്കുക. തന്റെ ഏകമകളെ പിശാചിന്റെ സന്ധനത്തിൽ നിന്ന് മോചിപ്പിക്കണെ എന്നതായിരുന്നു അവളുടെ ഹൃദയാഭിലാഷം. കരഞ്ഞ് കൊണ്ടാണ് അവൾ നസ്രായനോട് തന്റെ മകളുടെ സൗഖ്യത്തിനായി യാചിക്കുക. മാത്രമല്ല നസ്രായനെ ദാവിദിന്റെ പുത്രാ എന്ന് അബിസംബോധന ചെയ്തു കൊണ്ടാണ് തന്റെ മകളുടെ ജീവിതത്തിലേക്ക് അവനെ ഈ സ്ത്രീ ക്ഷണിക്കുക. അവൾ കരഞ്ഞ്കൊണ്ട് നസ്രായനോട് അപേക്ഷിക്കുന്നതിന് ഒരു കാരണമേയുള്ളു നസ്രായനാണ് ഇനി അവളുടെ ഏക പ്രതീക്ഷ. നസ്രായനും അവളുടെ മുന്നിൽ പ്രതീക്ഷയുടെ വാതിൽ കൊട്ടിയടക്കുകയാണെങ്കിൽ ഇനി മുട്ടുവാനായി അവൾക്ക് മറ്റ് വാതിലുകളില്ല. നസ്രായന്റെ മൗനം അവളുടെ പ്രതീക്ഷകൾക്ക് മേൽ കാർമേഘമാവുന്നുണ്ട്. അവളോട് അനുകമ്പ തോന്നി ശിഷ്യഗണം അവർക്കായി മാദ്ധ്യസ്ഥം യാചിക്കുകയാണ്.
നസ്രായൻ താൻ അയക്കപ്പെട്ടിരിക്കുക ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേലിന്റെ അടുത്തേക്കാണ് എന്ന് അരുൾ ചെയ്യുമ്പോൾ അവൾക്ക് അവന്റെ കാരുണ്യമല്ലാതെ മറ്റൊന്നും യാചിക്കാനില്ല. തുടർന്ന് നസ്രായൻ മക്കൾക്കുള്ള അപ്പക്കഷണം നായ്ക്കൾക്ക് എറിഞ്ഞ് കൊടുക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുമ്പോഴും അവൾ പിൻമാറാൻ തയ്യാറാവുന്നില്ല. നസ്രായന് വേണ്ടതും അത് തന്നെയായിരുന്നു. അവളുടെ വിശ്വാസത്തിന്റെ ആഴങ്ങളെ തന്റെ പ്രിയതോഴർക്കും തന്നെ അനുധാവനം ചെയ്യുന്ന എല്ലാവർക്കുമായി കാണിച്ച് കൊടുക്കുക. അവൻ വരുന്ന മാത്രയിൽ തന്നെ നസ്രായന് അവളുടെ മകളെ വചനമയച്ച് സുഖപ്പെടുത്താമായിരുന്നു. അങ്ങനെയെങ്കിൽ എങ്ങിനെയാണ് അവളുടെ വിശ്വാസം മറ്റുള്ളവർക്ക് സാക്ഷ്യമാവുക. ‘നായ്ക്കളും യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലൊ.’ അവളുടെ ഈ വാക്കുകൾ സൂചിപ്പിക്കുന്നത് ഇസ്രായേൽ ജനം മാത്രമല്ല തങ്ങൾ വിജാതിയർക്കും രക്ഷയുടെ അപ്പത്തിന് അർഹതയുണ്ടെന്ന വാക്കുകൾ നിരാശയുടെ പടുകുഴിയിലും ദൈവസ്നേഹം തന്നെ വിട്ടു പിരിയില്ല എന്ന അവളുടെ ഉറച്ച ശരണത്തെയാണ് വെളിവാക്കുക. സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ് എന്ന ആശംസയോടെ ഉടനടി നസ്രായൻ അവളുടെ മകളെ സുഖപ്പെടുത്തുകയാണ്. ജീവിതത്തിന്റെ ഏത് സാഹചര്യങ്ങളിലും അചഞ്ചലമായ വിശ്വാസത്തോടെ നസ്രായനോട് ചേർന്ന് നിൽക്കുമ്പോൾ നമ്മുടെ വിശ്വാസം നസ്രായനിൽ നിന്ന് അത്ഭുതങ്ങൾ ചോദിച്ച് മേടിക്കുക തന്നെ ചെയ്യും. ആഴമേറിയ വിശ്വാസത്തിലേക്ക്, നസ്രായനെപ്പോലും അത്ഭുതപ്പെടുത്തുന്ന വിശ്വാസ സ്ഥൈര്യത്തിലേക്ക് വളരുവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നാസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…