ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ, Cycle A, മത്താ. 20: 1-16A

മത്താ. 20: 1-16A
ദൈവ കൃപയുടെ ആഘോഷമാണല്ലൊ നമ്മുടെ ജീവിതങ്ങളൊക്കെയും… പലപ്പോഴും കൃപാകളൊക്കെ നമ്മെ തേടി എത്തുകയായിരുന്നു… ഒരുപക്ഷെ എനിക്ക് ലഭിക്കുന്ന കൃപകളായിരിക്കുകയില്ല മറ്റൊരാൾക്ക് ലഭിക്കുന്നത്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസരിച്ചാണ് ഈ കൃപകളൊക്കെയും നൽകപ്പെടുന്നത്. ഈ കൃപാകടാക്ഷം അബ്ബാ കനിഞ്ഞു നൽകുന്ന ദാനമല്ലതെ മറ്റെന്താണ്. എന്തുകൊണ്ട് എനിക്ക് കൂടുതൽ കൃപകൾ ലഭിച്ചു? അല്ലെങ്കിൽ എന്തുകൊണ്ട് എനിക്ക് അത്രമാത്രം കൃപകൾ കിട്ടിയില്ല? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.
ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മെ ക്ഷണിക്കുന്നത് ഈ ദൈവകൃപയെക്കുറിച്ചു ആഴത്തിൽ മനസ്സിലാക്കാനും ബോധ്യങ്ങൾ രൂപപ്പെടുത്താനുമാണ്. തൻറ്റെ മുത്തിരിത്തോട്ടത്തിലേക്ക് പല ഇടവേളകളിലായി ജോലിക്കാരെ പ്രവേശിക്കുന്ന യജമാനൻ അബ്ബായല്ലാതെ മറ്റാരാണ്. ദിവസത്തിൻറ്റെ ആദ്യമണിക്കൂറിൽ തന്നെ മുന്തിരിത്തോട്ടത്തിൽ പ്രവേശിക്കുന്നവർ, നസ്രായനെ ആദ്യമായി കേൾക്കാനും അനുഭവിക്കാനുമൊക്കെ അനുഗ്രഹിക്കപ്പെട്ട ഇസ്രായേൽ ജനമാണ്… എല്ലാവർക്കും ഒരു ദിനറായാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യം വരുന്നവർക്കും അവസാനം വരുന്നവർക്കുമൊക്കെ ലഭിക്കുന്നത് ഒരു ദിനാറായാണ്… ശരിയാണ് ഇതിലെ യുക്തി മനസിലാക്കാൻ അത്ര എളുപ്പമല്ല.
അബ്ബാ വാഗ്ദാനം ചെയ്യുന്ന രക്ഷ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അബ്രാഹത്തിൻറ്റെ സന്തതിയിലുടെ ഭുവിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെടും എന്ന പ്രവചനത്തിൻറ്റെ പൊരുൾ ഉൾകൊള്ളാൻ കഴിയാതെ നസ്രായൻറ്റെ കാലം അവനോട്‌ കലഹിക്കുന്നുണ്ട്. ധൂർത്തപുത്രൻറ്റെ ഉപമയിലെ ജേഷ്ഠ സഹോദരനെപ്പോലെ, തൻറ്റെ പിതാവിൻറ്റെ ഭവനത്തിൽ പിതാവിനോടൊപ്പം ജീവിച്ചിട്ടും പിതാവിൻറ്റെ ഹൃദയവിശാലതയെ മനസ്സിലാക്കാൻ അയാൾക്ക്‌ കഴിയുന്നില്ല. എന്നാൽ എല്ലാം ധൂർത്തടിച്ചു നശിപ്പിക്കുന്ന ഇളയ പുത്രനാണ് പിതാവിൻറ്റെ കരുണയുടെയും സ്നേഹത്തിൻറ്റെയുമൊക്കെ ആഴങ്ങൾ വെളിപ്പെട്ടുകിട്ടുന്നത്… ചിലപ്പോഴൊക്കെ ഇതുപോലെ നാമും കുറഞ്ഞുപോയ കൃപകളുടെ പേരിൽ ദൈവതിരുമുമ്പിൽ കലഹിച്ചിട്ടില്ലേ…… പിതാവിൻറ്റെ ഭവനത്തിലായിരിക്കുന്നതുതന്നെ കൃപയുടെ നിറവാണെന്ന തിരിച്ചറിവിൽ നന്ദി നിർഭരമായ ഹൃദയത്തോടെ നമുക്ക് ജീവിക്കാം.