ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ, Cycle C, ലുക്കാ. 18: 1-8

ലുക്കാ. 18: 1-8
ജീവിതയാത്രയിൽ നാം നേരിടേണ്ട വെല്ലുവിളികളിലൊന്ന് നിരാശകളോടുള്ള നമ്മുടെ സമീപനമാണ്. എല്ലാ കാര്യങ്ങളും നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നതാണ് നമ്മുടെയൊക്കെ ആഗ്രഹം. പക്ഷെ ഈ യാത്രയിൽ നാം കണ്ടെത്തുന്ന തിരിച്ചറിവുകളിലൊന്ന് എല്ലാം നാം വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ല എന്നതാണ്… നിരാശ നിറഞ്ഞ ഈ നിമിഷങ്ങളെ നാം എങ്ങിനെയാണ് അഭിമുഖീകരിക്കേണ്ടത്? അതിജീവനത്തിന് നമ്മെ പ്രാപ്തരാക്കുന്ന ഏറ്റവും വലിയ ആയുധമാണ് നമ്മുടെ പ്രാർത്ഥനാജീവിതം. ഒരു പാട് പ്രാർത്ഥിച്ചിട്ടും ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുന്നില്ലല്ലോ എന്നത് നമ്മുടെയൊക്കെ നിരന്തരമായ പരാതിയാണല്ലോ!
ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് നിരാശകളിൽ തളരാതെ കർക്കശക്കാരനായ വിധികർത്താവിൽ നിന്ന് തനിക്ക് അർഹമായ നീതി നേടാൻ ശ്രമിക്കുന്ന വിധവയുടെ ജീവിതമാതൃകയാണ്. നസ്രായൻ ഈ ഉപമയിലൂടെ നമ്മെ ഉദ്ബോദിപ്പിക്കുന്നത് നിരാശകളിൽ തളരാതെ, പ്രാർത്ഥനയുടെ കരുത്തിൽ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നതാണ്… ദൈവം നമ്മുടെ പ്രാത്ഥനകൾ ചെവികൊള്ളുന്നില്ല എന്നത് നമ്മുടെ ഇടുങ്ങിയ ചിന്താഗതിയാണ്. സ്നേഹനിധിയായ നമ്മുടെ അബ്ബായ്ക്കു എങ്ങിനെയാണ് നമ്മുടെ പ്രാത്ഥനകൾക്ക് ചെവിതരാതിരിക്കാനാവുന്നത്? ചോദിക്കുന്നതിനുമുമ്പേ നമ്മുടെ ആവശ്യങ്ങൾ അറിയുന്ന അബ്ബായ്ക്കു ഏതു സമയത്ത് ഏതനുഗ്രഹം നൽകണമെന്നറിയാം. ദൈവത്തിൻറ്റെ സമയത്തിലേക്ക് നമ്മുടെ ജീവിതങ്ങളെ ചേർത്തുവെച്ചു പ്രാർത്ഥനയുടെ ആഴങ്ങളിലേക്ക് വളരാം.