ക്രിസ്തുരാജന്റെ തിരുനാൾ, Cycle C, ലൂക്കാ. 23: 35-43

ലൂക്കാ. 23: 35-43
ഇന്ന് ക്രിസ്തു രാജന്റെ തിരുനാളാണ്. ആണ്ട് വട്ടത്തിലെ അവസാനത്തെ ഞായറാഴ്ച്ച. ആരാധന ക്രമം വിവിധ കാലങ്ങളിലൂടെ നമ്മെ നയിച്ച് അവസാനം നാമെല്ലാവരും എത്തിച്ചേരുന്നത് സമയത്തിന്റെ അന്ത്യത്തിലേക്കാണ്. ആ അന്ത്യ നിമിഷങ്ങളിൽ സംഭവിക്കാനിരിക്കുന്ന യാഥാർത്ഥ്യങ്ങളിലൊന്ന് ചെങ്കോലും കിരീടവുമൊന്നുമില്ലാതെ കുരിശാകുന്ന സിംഹാസനത്തിൽ മൂന്നാണികളിൽ തൂക്കിലേറ്റപ്പെട്ട നാസ്രായന്റെ രാജാധി രാജനായി മഹത്വത്തോട് കൂടിയുള്ള മടങ്ങി വരവാണ്. നാമിന്ന് സസന്തോഷം സ്മരിക്കുന്ന നസ്രായന്റെ രാജത്വ തിരുനാൾ വരാനിരിക്കുന്ന ഈ യാഥാർത്ഥ്യത്തിന്റെ ഒരു മുന്നാഘോഷം മാത്രമാണ്.
അന്നും ഇന്നും അവന്റെ രാജത്വത്തെ പരിഹാസത്തോടെയാണ് പലരും കണ്ടിരുന്നത്. ഒരിക്കലും തന്റെ രാജത്വത്തെ മറ്റുള്ളവരുടെ മുൻപിൽ തുറന്ന് കാട്ടാനൊ, അടിച്ചേൽപ്പിക്കാനൊ അവൻ ശ്രമിച്ചിട്ടില്ല. പലപ്പോഴും കൺമുന്നിലുണ്ടായിരുന്ന രാജത്വത്തിന്റെ പ്രൗഢിയിൽ നിന്നും മഹിമയിൽ നിന്നും ഒഴിഞ്ഞ് മാറാനാണ് നസ്രായൻ ശ്രമിച്ചിട്ടുള്ളത്. കാലിതൊഴുത്തിലെ അവന്റെ ജനനം ആകസ്മികമായി സംഭവിച്ചതല്ലല്ലോ… നമ്മുടെയൊക്കെ ജനനസ്ഥലം ഒരുക്കലും നമ്മുടെ തെരെഞ്ഞെടുപ്പല്ലല്ലോ… എന്നാൽ അവന്റെ ജനനസ്ഥലം അവൻ തന്നെയെല്ലെ തെരെഞ്ഞെടുത്തത്. തന്റെ പരസ്യ ജീവതത്തിലുടനീളം രാജവായി അവരോധിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അവൻ വഴുതി മാറുന്നുണ്ട്. നീ യഹൂദരുടെ രാജവാണൊ എന്ന് പീലാത്തോസ് ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നോക്കി ‘നീ തന്നെ അത് പറഞ്ഞുവല്ലൊ…’ എന്ന് പറയുമ്പോൾ ഒരു ദുർബലനായ നിരപരാധിയെ രക്ഷിക്കാനുള്ള വെമ്പലായിരുന്നില്ല പീലാത്തോസ്. മറിച്ച് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയം അയാളുടെ മനസ്സിൽ നിറയുന്നുണ്ട്. കാരണം നസ്രായന്റെ കണ്ണുകളിൽ അയാൾ മരണഭയമായിരുന്നില്ല ദർശിച്ചത്… ഒന്നിനും കീഴടക്കാനാവാത്ത രാജകീയ മഹിമ അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു. ഈ ഒരു ബോധ്യത്തിൽ നിറഞ്ഞ് കൊണ്ടാണ് ‘എന്റെ രാജ്യം ഐഹികമല്ലെന്നും, ആയിരുന്നെങ്കിൽ തന്റെ സൈന്യം തനിക്ക് വേണ്ടി പട വെട്ടുമായിരുന്നുമുള്ള’ വചനം അവനിൽ നിന്ന് പുറപ്പെടുന്നത്.
ഇവൻ ദൈവത്തിന്റെ ക്രിസ്തുവാണെങ്കിൽ, തെരെഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ എന്ന് പരിഹാസത്തോടെ ജനക്കൂട്ടം ആർപ്പ് വിളിക്കുന്നുണ്ട്. പടയാളികൾ പുച്ഛത്തോടെ കയ്പേറിയ വിനാഗിരി അവന് നൽകുന്നുണ്ട്. യഹൂദരുടെ രാജാവെന്ന ലിഖിതം അപമാനത്തിന്റെ സാക്ഷ്യപത്രമായി അവന്റെ കുരിശിൽ പ്രദർശിപ്പിക്കുന്നുണ്ട്. നല്ല കള്ളൻ തന്റെ തെറ്റുകളെ പറ്റി പശ്ചാത്തപിച്ചും യേശുവിന്റെ നിരപരാധിത്വം ഏറ്റ് പറഞ്ഞ് കൊണ്ടും യേശുവിനോട് അപേക്ഷിക്കുന്നുണ്ട് : ‘നിന്റെ രാജ്യത്തിൽ എന്നെയും ഓർക്കണമെ…’ നസ്രായന് ചുറ്റുമുള്ളവരെല്ലാം അവന്റെ രാജത്വത്തെ പരിഹസിക്കുകയാണ്. രാജാവായ ഒരുവന് എങ്ങിനെയാണ് ഇത്രയും നിസ്സഹായനായി, പടവെട്ടാനായി വിശ്വസ്തനായ ഒരു പടയാളി പോലുമില്ലാതെ മരിക്കാനാവുക? പക്ഷെ തന്റെ മരണ വെപ്രാളത്തിൽ ഈ നല്ല കള്ളൻ നാസ്രായനിൽ ദർശിക്കുക മരിക്കുന്നവന്റെ ആത്മഭയമൊ, ആത്മരോദനമൊ ആയിരുന്നില്ല മറിച്ച് തന്റെ ആത്മാവിന്റെ വിധിപോലും നിശ്ചയിക്കാൻ കഴിവുള്ള രാജാധിരാജനെയാണ്. അല്ലെങ്കിൽ മൃതപ്രാണനായ ഒരു വ്യക്തിയോട്, നിന്റെ രാജ്യത്തിൽ എന്നെയും ഓർക്കണമെ എന്ന് ഈ നല്ല കളളൻ ആവശ്യപ്പെടില്ലല്ലോ…
ഈ നല്ല കള്ളനെപ്പോലെ നസ്രായനെ രാജാധി രാജനായി വിശ്വാസത്തിന്റെ കണ്ണികൾ കൊണ്ട് നോക്കി കാണുവാൻ നമുക്കാവുന്നുണ്ടൊ? ഇന്ന് നീ എന്നോട് കൂടി പറുദീസയിലായിരിക്കും എന്ന അവന്റെ വാഗ്ദാനത്തിൽ, ശക്തിയിൽ വിശ്വസിക്കുവാൻ നമുക്കാവുമൊ? അവന് ഭൂതമൊ, ഭാവിയൊ, വർത്തമാനമൊ ഇല്ലല്ലൊ… അവന് എല്ലാം ഇന്നാണ്… ഈ നിമിഷം… ഇന്ന് നാം അവനോട് കൂടി പറുദീസായിൽ ആയിരിക്കുമെന്ന് അടിയുറച്ച് വിശ്വസിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…