നസ്രായൻ്റെ തെരെഞ്ഞെടുപ്പിൻ്റെ സവിശേഷതകളാണ് സുവിശേഷത്തിൽ നാം ധ്യാനിക്കുക. നസ്രായൻ്റെ ഈ തെരെഞ്ഞടുപ്പ് തന്നെയാണ് നമുക്കുള്ള സുവിശേഷവും. ഒരു ശിഷ്യൻമാരും നസ്രായനെ തെരെഞ്ഞെടുക്കുകയല്ല മറിച്ച് നസ്രായൻ അവരെ തെരെഞ്ഞെടുകയായിരുന്നു. ഞാൻ നിന്നെ അനുഗമിക്കാം എന്ന് പറഞ്ഞവരെയൊക്കെ നസ്രായൻ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ‘ അവൻ തനിക്ക് ഇഷ്ടമുള്ളവരെ തന്നെ അനുഗമിക്കാനായി വിളിച്ചു.’ നസ്രായൻ്റെ ശിഷ്യനാവുക എന്നത് നസ്രായൻ നമുക്ക് വേണ്ടി നടത്തുന്ന തെരെഞ്ഞെടുപ്പാണ്. നാമോരോരുത്തരും എല്ലാ ദിവസവും നന്ദി പറയേണ്ടത് ഈ അവർണ്ണനീയമായ ദാനത്തെ പ്രതിയാണ്. നസ്രായൻ ഈ തെരെഞ്ഞെടുപ്പ് നമുക്ക് വേണ്ടി നടത്തിയില്ലായിരുന്നെങ്കിലൊ?… അപ്പോഴാണ് നമ്മുടെ ശിരസ്സിൽ വീണവീണ ജ്ഞാനസ്നാന ജലത്തിൻ്റെ സുകൃതം നാം മനസ്സിലാക്കുക.
സുവിശേഷത്തിൽ ഇന്ന് നാം ധ്യാനിക്കുന്ന തെരെഞ്ഞെടുപ്പിലേക്ക് തിരികെ വരാം. മീൻപിടുത്തക്കാരെയാണ് നസ്രായൻ തൻ്റെ ശിഷ്യഗണത്തിലെ ആദ്യ അംഗങ്ങളായി തെരെഞ്ഞെടുക്കുക. വചനവും നിയമവുമൊക്കെ അരക്കി കലക്കി കുടിച്ചിട്ടുള്ള നിയമജ്ഞരെയും, ഫരിസേയരെയുമൊന്നും തെരെഞ്ഞെടുക്കാതെ, സാധാരണക്കാരിൽ സാധാരണക്കാരായ, സമൂഹത്തിൽ വലിയ നിലയും വിലയൊന്നുമില്ലാത്ത, കുടുംബ മഹിമയൊ, സാംസ്ക്കാരിക പൈതൃകമൊ ഒന്നും അവകാശപ്പെടാനില്ലാത്ത പച്ച മനുഷ്യരെയാണ് നസ്രായൻ തെരെഞ്ഞെടുക്കുക. അവരെത്തേടി അവരായിരിക്കുന്ന കടൽ തീരത്ത് നസ്രായൻ എത്തുകയാണ്. ശിമയോൻ പത്രോസിനോടും, അന്ത്രിയോസിനോടും ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് പറയുമ്പോൾ തങ്ങൾ മനുഷ്യരെ ദൈവത്തിങ്കലേക്കടുപ്പിക്കുന്ന ഉപകരണങ്ങളായി മാറുമെന്ന വെളിച്ചമൊന്നും അവർക്കുണ്ടാകാനിടയില്ല. പിന്നെ എന്തുകൊണ്ട് ഉടനടി അവർ നസ്രായനെ അനുധാവനം ചെയ്തു എന്ന് ചോദിച്ചാൽ ഉത്തരമൊന്നേയുള്ളു – വിളിച്ചവനും വിളികേട്ടവനും തമ്മിൽ നിത്യതിയിലേ രൂപപ്പെടൊന്നൊരു ആത്മബന്ധമുണ്ട്. വിളികേൾക്കുന്നവന് ഈ ആത്മബന്ധത്തെ തള്ളിക്കളയാനാവില്ല. അത് കൊണ്ടല്ലേ തീക്ഷണമതികളായ യാക്കോബും, വത്സല ശിഷ്യനായി മാറുന്ന യോഹന്നാനും വള്ളത്തോടും, വലയുമോടൊപ്പം തങ്ങളുടെ പിതാവിനെപ്പോലും ഉപേക്ഷിച്ച് നസ്രായനെ അനുധാവനം ചെയ്യുക. സ്വന്തം പിതാവിനെ അവർ ഉപേക്ഷിക്കുന്നത് തങ്ങളുടെ പിതാവിനെ ഇഷ്ടമ ല്ലാഞ്ഞിട്ടൊന്നുമല്ല പിന്നെയൊ, ഹൃദയം കൊണ്ട് അവൻ്റെ വിളി കേൾക്കുന്നവന് നസ്രായനാണ് എല്ലാം. അവൻ കഴിഞ്ഞെ മറ്റാരുമുള്ളു. ഹൃദയം കൊണ്ട് അവനെ കേൾക്കാൻ നമുക്കാവട്ടെ… അവനാവട്ടെ നമ്മുടെ സർവ്വസ്വവും… നാസായൻ്റെ തിരുഹൃദയത്തിൻ ചാരെ…