തപസ്സുകാലം ഒന്നാം ഞായർ, Cycle B, മാർക്കോ.1:12-15

മാർക്കോ.1:12-15
ആത്മീയതുടെ വസന്തകാലമാണ് നോയമ്പ്കാലം. നമ്മോട് കൂടെയായിരിക്കാൻ ആഗ്രഹിക്കുന്ന നസ്രായനോടുള്ള നമ്മുടെ കൂട്ട് ആഴപ്പെടാനുള്ള അമൂല്യനിമിഷങ്ങളാണ് നോയമ്പ്കാലം നമുക്ക് പകർന്ന് നൽകുന്നത്. നാമാഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് നമ്മെ പ്രചോദിപ്പിക്കുന്നത് ചില തിരിച്ചറിവുകളാണ്. പക്ഷെ എപ്പോഴാണ് തിരിച്ചറിവുകൾ നമ്മെ തേടിവരുന്നത്? കലങ്ങിയ വെള്ളത്തിന് മനോഹാരിത കൈവരുന്നത് ശാന്തമായി ഒരിടത്തു വയ്ക്കുമ്പോഴാണല്ലോ… ധ്യാനം, നിശബ്ദത എന്നീ പദങ്ങളൊക്കെ നമ്മുടെയൊക്കെ നിഘണ്ടുവിൽനിന്നുതന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സമയമാണിത്… ഓരോ ഇടവേളയിലും പുതിയ എന്തെങ്കിലും മെസ്സേജ് വന്നോ എന്ന് ആവലാതിപ്പെടുന്ന എനിക്കും ധ്യാനത്തെക്കുറിച്ചു സംസാരിക്കാനുള്ള യോഗ്യത ഇല്ല… എങ്കിലും ചില തിരിച്ചറിവുകൾക്കായി നസ്രായന്റെ ജീവിതത്തെ നമുക്ക് ധ്യാനിക്കാം…
ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നത് ആത്മാവിനാൽ നയിക്കപ്പെട്ടു നാൽപ്പത് ദിനരാത്രങ്ങൾ മരുഭൂമിയിൽ ചിലവിടുന്ന നസ്രായനെയാണ്. പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി മരുഭൂമിയുടെ ഏകാന്തതയിൽ സമയം ചിലവിടുന്ന നസ്രായന് അഭിമുഖീകരിക്കേണ്ടിവരുന്നത് മനുഷ്യജീവിതത്തിലെ അനിവാര്യമായ പ്രലോഭങ്ങളെയാണ്… എന്നാൽ പ്രലോഭനങ്ങൾ തൻറ്റെ അബ്ബായിൽ നിന്ന് അവനെ അകറ്റുന്നില്ല. മറിച് കൂടുതൽ ആഴത്തിലേക്ക്, തൻറ്റെ തന്നെ സത്വത്തെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് ഈ പരീക്ഷണ നിമിഷങ്ങൾ അവനെ വളർത്തുകയാണ്. അബ്ബായിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചുള്ള അവൻറ്റെ ധ്യാനമാണ് ഈ പ്രലോഭനങ്ങളെ വിജകരമായി തരണം ചെയ്യാൻ അവനെ പ്രാപ്തനാക്കുന്നത്…ലോകത്തിനിന്ന് ഒളിച്ചോടാനല്ല ഈ മരുഭൂമിവാസം. നമ്മൾ ആയിരിക്കുന്നിടത്തുനിന്ന് മറ്റൊരുടത്തേക്കുള്ള പ്രയാണംപോലും എല്ലാവർക്കും സാധ്യമാവണമെന്നില്ല. നമ്മൾ ആയിരിക്കുന്നിടത്തു ആയിരുന്നുകൊണ്ട് ധ്യാനത്തിൻറ്റെ ഭാവങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ, തന്നിലേക്ക് തന്നെ തിരിയാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ, നാം എവിടെനിന്ന് വന്നു, എവിടെയായിരുന്നു, എവിടേക്ക് പോകുന്നു എന്നീ തലങ്ങൾ തെളിമയോടെ വീക്ഷിക്കാൻ നമുക്ക് കഴിയും…
ഉപവാസം ഭക്ഷണത്തോടുള്ള വിരക്തി മാത്രമായി മനസ്സിലാക്കാതെ അബ്ബയോടുത്തു വസിക്കാനുള്ള നമ്മുടെ കൊച്ചുശ്രമങ്ങളാവണം… ഉപവസിച്ചിട്ടും അബ്ബയോടുത്തു വസിക്കാൻ, അതിനുള്ള സമയം കണ്ടെത്തിയില്ലെങ്കിൽ അതുവെറുമൊരു ഭക്ഷണക്രമീകരണം മാത്രമാവുമെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു… അന്തരംഗത്തിൻറ്റെ ഏകാന്തതയിൽ, ധ്യാനത്തിൻറ്റെ വെളിച്ചത്തിൽ, അബ്ബയോടൊത്തു വസിക്കാനും, നസ്രായനോടുള്ള സൗഹൃദത്തിൽ ആഴപ്പെടാനും, ആത്മാവിനാൽ നയിക്കപ്പെടാനും അതോടൊപ്പം സ്വർഗ്ഗത്തിന്റെ സന്തോഷം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നവരുമാകാൻ നൊയമ്പുകാലത്തിലെ ധ്യാന വിചാരങ്ങൾ നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ നസ്രായൻറ്റെ ചാരെ…